അബുദാബി: ലോകത്തെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് അബുദാബിയിലെ സായിദ് നാഷണൽ മ്യൂസിയം. വാസ്തുവിദ്യാ രംഗത്തെ മികവിനുള്ള ആഗോള അംഗീകാരമായ പ്രിക്സ് വെർസൈൽസ് പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയിലാണ് സായിദ് മ്യൂസിയം ഈ നേട്ടം കൈവരിച്ചത്. ലോകത്തെ മികച്ച ഏഴ് മ്യൂസിയങ്ങളുടെ പട്ടികയിൽ മിഡിലീസ്റ്റിൽ നിന്ന് ഉൾപ്പെട്ട ഏക മ്യൂസിയം എന്ന പദവിയും ഇതിലൂടെ സായിദ് നാഷണൽ മ്യൂസിയത്തിന് സ്വന്തമായി.
വാസ്തുവിദ്യയിലെ പുതുമ, രൂപകല്പന, പൈതൃക സംരക്ഷണം എന്നിവ പരിഗണിച്ചാണ് പ്രിക്സ് വെർസൈൽസ് ഓരോ വർഷവും ലോകത്തെ മികച്ച വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, കാമ്പസുകൾ, മ്യൂസിയങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നത്. യു.എ.ഇ.യുടെ സാംസ്കാരിക പൈതൃകവും ചരിത്രവും ആധുനികതയും ഒത്തുചേരുന്ന മനോഹരമായ നിർമ്മിതിയാണ് സായിദ് നാഷണൽ മ്യൂസിയം. അബുദാബിയിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം കഴിഞ്ഞ ഡിസംബറിലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
Also Read: കൽബയുടെ മുഖച്ഛായ മാറുന്നു; വൻകിട വികസന പദ്ധതികൾ ഡിസംബറിൽ പൂർത്തിയാകും
യു.എ.ഇ.യുടെ ചരിത്രത്തിലേക്കും വികസനത്തിലേക്കും വെളിച്ചം വീശുന്ന ആറ് സ്ഥിരം ഗാലറികളാണ് മ്യൂസിയത്തിനുള്ളത്. ഇതിനുപുറമെ പ്രത്യേക പ്രദർശനങ്ങൾക്കായി താത്കാലിക ഇടവും മനോഹരമായ ഒരു ഔട്ട്‌ഡോർ ഗാലറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം മൂവായിരത്തിലധികം പുരാവസ്തുക്കളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. യു.എ.ഇ.യുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം നിർമ്മിച്ച ഈ മ്യൂസിയം, ഡിസൈനിലെ മികവുകൊണ്ടും ചരിത്രപരമായ പ്രാധാന്യം കൊണ്ടും ഇതിനോടകം തന്നെ ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു. പുതിയ നേട്ടം അബുദാബിയുടെ ടൂറിസം മേഖലയ്ക്കും വലിയ കരുത്താകും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






