മകൻ എവിടെയെന്നറിയാൻ 60 കിലോമീറ്റർ കാൽനടയായി ഒരു അച്ഛൻ; പ്രളയത്തിൽ തകർന്നത് ഒരു കുടുംബത്തിന്റെ മാത്രം പ്രതീക്ഷയല്ല!

ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച്, വിനോദിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ ദിവസങ്ങൾ പിന്നിട്ടതോടെ, മകനെ തേടി തൽക്ക സാദയും സഹോദരനും യാത്ര തിരിച്ചു. ഇതിനായി അവർ 1,700 നേപ്പാളി രൂപ കടം വാങ്ങി. ആ പണം ഉപയോഗിച്ചാണ് സപ്താരിയിൽ നിന്ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് ഏകദേശം ഒൻപത് മണിക്കൂർ നീണ്ട ബസ് യാത്ര നടത്തിയത്

മകൻ എവിടെയെന്നറിയാൻ 60 കിലോമീറ്റർ കാൽനടയായി ഒരു അച്ഛൻ; പ്രളയത്തിൽ തകർന്നത് ഒരു കുടുംബത്തിന്റെ മാത്രം പ്രതീക്ഷയല്ല!
മകൻ എവിടെയെന്നറിയാൻ 60 കിലോമീറ്റർ കാൽനടയായി ഒരു അച്ഛൻ; പ്രളയത്തിൽ തകർന്നത് ഒരു കുടുംബത്തിന്റെ മാത്രം പ്രതീക്ഷയല്ല!

കാഠ്മണ്ഡുവിൽ നിന്ന് നുവാക്കോട്ടിലേക്കുള്ള ഏകദേശം 60 കിലോമീറ്റർ ദൂരം മുന്നിൽ. കൈയിൽ ആവശ്യത്തിന് പണമില്ല. വഴികൾ ചെളിയിലും അവശിഷ്ടങ്ങളിലും മുങ്ങിക്കിടക്കുന്നു. എന്നിട്ടും ആ പിതാവ് യാത്ര നിർത്തുന്നില്ല. കാരണം, ആ യാത്രയുടെ അറ്റത്ത് തന്റെ 19 വയസ്സുള്ള മകൻ വിനോദ് ജീവനോടെ ഉണ്ടാകുമെന്നോ, കുറഞ്ഞത് അവന്റെ ഒരു വിവരമെങ്കിലും ലഭിക്കുമെന്നോ ഉള്ള അവസാന പ്രതീക്ഷയാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്. നേപ്പാളിലെ സപ്താരി സ്വദേശിയായ തൽക്ക സാദയുടെ ഈ ദുഃഖകരമായ തിരച്ചിൽ, 2026 ഓഗസ്റ്റിൽ ഹിമാലയൻ മേഖലയിലുണ്ടായ മഹാപ്രളയത്തിന്റെ മനുഷ്യവില എത്ര വലുതാണെന്ന് വ്യക്തമാക്കുന്ന ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നായി മാറുകയാണ്. മകൻ വിനോദിനെ കണ്ടെത്തുന്നതിനായി ദിവസങ്ങളായി അലഞ്ഞുതിരിയുന്ന സാദയുടെ ജീവിതം റിപ്പോർട്ട് ചെയ്തത് പ്രമുഖ ദേശീയ മാധ്യമമായ ന്യൂസ്18 ആണ്. വെള്ളപ്പൊക്കത്തിൽ തകർന്ന റസുവ ജില്ലയിലെ ഒരു ജലവൈദ്യുത പദ്ധതിയിൽ ദിവസവേതന തൊഴിലാളിയായി ജോലി ചെയ്തിരുന്ന വിനോദ്, ഓഗസ്റ്റ് 25-ന് ഉണ്ടായ വൻ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും പിന്നാലെ നാല് യുവ സഹപ്രവർത്തകരോടൊപ്പം കാണാതാവുകയായിരുന്നു.

ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച്, വിനോദിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ ദിവസങ്ങൾ പിന്നിട്ടതോടെ, മകനെ തേടി തൽക്ക സാദയും സഹോദരനും യാത്ര തിരിച്ചു. ഇതിനായി അവർ 1,700 നേപ്പാളി രൂപ കടം വാങ്ങി. ആ പണം ഉപയോഗിച്ചാണ് സപ്താരിയിൽ നിന്ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് ഏകദേശം ഒൻപത് മണിക്കൂർ നീണ്ട ബസ് യാത്ര നടത്തിയത്. എന്നാൽ കാഠ്മണ്ഡുവിലെത്തിയപ്പോഴേക്കും അവരുടെ കൈവശമുണ്ടായിരുന്ന പണം ഏതാണ്ട് തീർന്നിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കിടയിൽ വഴിയരികിലെ പട്ടണങ്ങളിൽ ഒരു രാത്രി താമസിക്കാനും ചെറിയൊരു ഭക്ഷണം കഴിക്കാനും പോലും വലിയ തുക ചെലവാകുന്നതായി അവർ തിരിച്ചറിഞ്ഞു. ഒരു രാത്രിയുടെ താമസത്തിനും ഭാഷണത്തിനുമായി ഏകദേശം 1,500 രൂപ വരെ ഈടാക്കിയ സാഹചര്യത്തിൽ, മകനെ തേടിയെത്തിയ ഈ കുടുംബം സാമ്പത്തികമായി പൂർണമായും തകർന്നുപോയി.

പണം തീർന്നതോടെ സാദയ്ക്ക് മുന്നിൽ രണ്ട് വഴികളായിരുന്നു ഉണ്ടായിരുന്നത്, തിരച്ചിൽ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുക, അല്ലെങ്കിൽ ശേഷിക്കുന്ന ശക്തിയും പ്രതീക്ഷയും ഉപയോഗിച്ച് മകനെ തേടി മുന്നോട്ട് പോകുക. അദ്ദേഹം രണ്ടാമത്തെ വഴിയാണ് തെരഞ്ഞെടുത്തത്. കാഠ്മണ്ഡുവിൽ നിന്ന് നുവാക്കോട്ടിലേക്കുള്ള ഏകദേശം 60 കിലോമീറ്റർ ദൂരം അദ്ദേഹം കാൽനടയായി സഞ്ചരിക്കാൻ തുടങ്ങി. സാധാരണ സാഹചര്യത്തിൽ പോലും എളുപ്പമല്ലാത്ത ഈ യാത്ര, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തകർത്ത റോഡുകളിലൂടെയായിരുന്നു. ചെളിയിൽ മുങ്ങിയ പാതകളും തകർന്ന റോഡുകളും അവശിഷ്ടങ്ങളും യാത്രയെ കൂടുതൽ ദുഷ്കരമാക്കി. എന്നിട്ടും മകനെ കണ്ടെത്തണമെന്ന ഒരേയൊരു ലക്ഷ്യം അദ്ദേഹത്തെ മുന്നോട്ടു നയിച്ചു. ചില സ്ഥലങ്ങളിൽ ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങളും മൃതദേഹങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിക്കേണ്ടി വന്നത് ഒരു പിതാവെന്ന നിലയിൽ സാദയ്ക്ക് എത്രമാത്രം മാനസികമായി തകർക്കുന്ന അനുഭവമായിരുന്നുവെന്ന് ചിന്തിക്കുമ്പോൾ തന്നെ ഈ ദുരന്തത്തിന്റെ ക്രൂരത വ്യക്തമാകുന്നു.

തന്റെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് സാദ നടത്തിയ പ്രതികരണങ്ങളും ദുരന്തത്തിന്റെ മറ്റൊരു വശം തുറന്നുകാട്ടുന്നു. ദാരിദ്ര്യവും ഭാഷാപരമായ ബുദ്ധിമുട്ടുകളും സാമൂഹികമായ അവഗണനയും തങ്ങളെ കൂടുതൽ ഒറ്റപ്പെടുത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തങ്ങൾ മധേശികളും ബിഹാറികളുമെന്ന തിരിച്ചറിയലിന്റെ പേരിൽ വിവേചനം നേരിടുന്നതായും നേപ്പാളി ഭാഷയിൽ ഒഴുക്കോടെ സംസാരിക്കാൻ കഴിയാത്തതിനാൽ ഉദ്യോഗസ്ഥരുടെ ഇടയിൽ നിന്ന് മറ്റൊരിടത്തേക്ക് തള്ളിക്കളയപ്പെടുന്നതായും അദ്ദേഹം പരാതിപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

Also Read:ഒരു കാറ്ററിംഗ് ട്രക്ക്, രണ്ട് വിമാനങ്ങൾ, ഒരു പ്രസിഡന്റ്! ട്രംപിന്റെ രഹസ്യ യാത്ര നെറ്റ്ഫ്ലിക്സ് സ്ക്രീനിലേക്ക്…

എന്നാൽ സാദയുടെ തിരച്ചിൽ ഒരു കുടുംബത്തിന്റെ മാത്രം കഥയല്ല. 2026 ഓഗസ്റ്റിൽ നേപ്പാളിലെ റസുവ, നുവാക്കോട്ട് തുടങ്ങിയ ജില്ലകളിൽ ഉണ്ടായ വെള്ളപ്പൊക്കവും ഹിമപാതവും മണ്ണിടിച്ചിലും ഹിമാലയൻ മേഖലയിലെ ജലവൈദ്യുത അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ നാശമാണ് വരുത്തിയത്. ത്രിശൂലി, ഭോട്ടെ കോശി തുടങ്ങിയ നദീതടങ്ങളിലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിൽ നിരവധി ജലവൈദ്യുത പദ്ധതികൾക്ക് കേടുപാടുകൾ സംഭവിക്കുകയോ അവ പൂർണമായും തകരുകയോ ചെയ്തു. പവർഹൗസുകൾ അവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയും പ്രവേശന തുരങ്കങ്ങൾ ചെളിയും വെള്ളവും മണ്ണും നിറഞ്ഞ് അടയുകയും ചെയ്തതോടെ രക്ഷാപ്രവർത്തനവും അതീവ ദുഷ്കരമായി.

പ്രകൃതിദുരന്തം അടിസ്ഥാനസൗകര്യങ്ങളെ മാത്രമല്ല, രാജ്യത്തിന്റെ അതിർത്തി ബന്ധങ്ങളെയും ബാധിച്ചു. റസുവാഗാധി അതിർത്തി പ്രദേശത്തെ പ്രധാനപ്പെട്ട ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ് വൻതോതിലുള്ള അവശിഷ്ടപ്രവാഹത്തിൽ തകർന്നതോടെ ചൈനയുമായുള്ള കരമാർഗ ബന്ധത്തിനും വലിയ തടസ്സമുണ്ടായി. മഞ്ഞും ഐസും ചെളിയും പാറകളും അടങ്ങിയ വൻ അവശിഷ്ടപ്രവാഹങ്ങൾ നദീതടങ്ങളിലേക്ക് പതിച്ചതാണ് പല പ്രദേശങ്ങളിലും നാശനഷ്ടങ്ങൾക്ക് കാരണമായത്.

എന്നാൽ കണക്കുകളുടെയും മെഗാവാട്ടുകളുടെയും അടിസ്ഥാനസൗകര്യ നാശത്തിന്റെയും പിന്നിൽ തൽക്ക സാദയെപ്പോലുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീരുണ്ട്. ഒരു ജലവൈദ്യുത പദ്ധതിക്ക് എത്ര കോടി രൂപയുടെ നഷ്ടമുണ്ടായി എന്നത് കണക്കാക്കാൻ കഴിയുമെങ്കിലും, ഒരു പിതാവ് തന്റെ കാണാതായ മകനെ തേടി ചെളി നിറഞ്ഞ റോഡിലൂടെ 60 കിലോമീറ്റർ നടക്കേണ്ടിവരുന്ന വേദനയ്ക്ക് ഒരു സാമ്പത്തിക കണക്കില്ല. വിനോദ് ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയാണ് സാദയെ മുന്നോട്ടു നയിക്കുന്നത്. അതേസമയം, ഏറ്റവും മോശമായ വാർത്ത നേരിടേണ്ടിവന്നാലും മകന്റെ മൃതദേഹം കണ്ടെത്തി സ്വന്തം കൈകളാൽ തിരിച്ചറിയണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്.

“മകനെ കണ്ടെത്താതെ ഞാൻ എങ്ങനെ വീട്ടിലേക്ക് മടങ്ങും?” എന്ന ചോദ്യമാണ് സാദയുടെ യാത്രയുടെ പിന്നിൽ നിൽക്കുന്നത്. വീട്ടിലേക്ക് മടങ്ങാൻ പോലും ആവശ്യമായ പണം കൈയിലില്ലെങ്കിലും, അദ്ദേഹം തിരച്ചിൽ അവസാനിപ്പിക്കാൻ തയ്യാറല്ല. മകനെ ജോലി ചെയ്തിരുന്ന പവർ പ്ലാന്റ് പ്രദേശത്തേക്ക് തന്നെ നടന്നെത്തണമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഹിമാലയൻ മേഖലയിലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഹിമാനി സംബന്ധമായ ദുരന്തങ്ങളും പ്രകൃതിയുടെ ശക്തിയെ വീണ്ടും ഓർമിപ്പിക്കുമ്പോൾ, തൽക്ക സാദയുടെ കഥ ആ ദുരന്തത്തിന്റെ മനുഷ്യ മുഖമാണ് ലോകത്തിന് മുന്നിൽ കൊണ്ടുവരുന്നത്. വാർത്തകളിൽ കാണുന്ന മരണസംഖ്യകൾക്കും തകർന്ന പാലങ്ങൾക്കും മുങ്ങിയ പവർഹൗസുകൾക്കും പിന്നിൽ, ഒരാളെയെങ്കിലും കണ്ടെത്താൻ ദിവസങ്ങളോളം കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്. അവരുടെ പ്രതീക്ഷയ്ക്ക് അളവുകളില്ല, റോഡുകളുടെ ദൈർഘ്യത്തിനും അതിരുകളില്ല. മകൻ വിനോദിനെ തേടി തൽക്ക സാദ നടത്തുന്ന യാത്രയും അതുതന്നെയാണ് തെളിയിക്കുന്നത്, പ്രളയം ഒരു പിതാവിന്റെ പ്രതീക്ഷയെ തകർത്തേക്കാം, പക്ഷേ മകനെ കണ്ടെത്താനുള്ള അയാളുടെ ശ്രമത്തെ , അല്ലെങ്കിൽ കഷ്ട്ടപ്പാടിനെ അത്ര എളുപ്പത്തിൽ തകർക്കാനാവില്ല.

Share Email
Top