ലുക്കില്‍ ആഡംബര ബൈക്കുകള്‍ മാറിനില്‍ക്കും, ബിഎംഡബ്ല്യുവിന്റെ ഏറ്റവും കുറഞ്ഞവിലയുള്ള സ്‌പോര്‍ട്സ് ബൈക്കിലെ മാറ്റം കണ്ടോ
ബിഎംഡബ്ല്യുവിന്റെ ഒരു ആഡംബര വാഹനം എന്നെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഒട്ടുമിക്ക വാഹനപ്രേമികളും. പക്ഷേ വിലയോര്‍ക്കുമ്പോള്‍ അതൊക്കെ സ്വപ്നങ്ങള്‍ക്കും അകലെയാണെന്നതാണ് സത്യം. എന്നാല്‍ ടിവിഎസിനൊപ്പം സഹകരിച്ച് ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നവരാണ് ജര്‍മന്‍ ബ്രാന്‍ഡ് എന്നതിനാല്‍ ഇതുവഴി ആളുകള്‍ക്ക് ബിഎംഡബ്ല്യുവെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാവും. ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരുമെങ്കിലും സെഗ്മെന്റിലെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പൈസ അത്രയ്ക്ക് കൂടുതല്‍ ഒന്നുമല്ല. ബിഎംഡബ്ല്യു മോട്ടോറാഡിന് കീഴില്‍ നിലവില്‍ അനവധി ബൈക്കുകള്‍ രാജ്യത്ത് എത്തുന്നുണ്ട്. അതില്‍ കൂടുതല്‍ ഫാന്‍സുള്ള മോഡലാണ് G 310 RR. ടിവിഎസ് അപ്പാച്ചെ RR310 അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന റീബാഡ്ജ്ഡ് മോട്ടോര്‍സൈക്കിളാണ് ബിഎംഡബ്ല്യു G 310 RR. അതായത് ഇരുചക്ര വാഹന വിപണിയിലെ മാരുതിയും ടൊയോട്ടയുമാണ് ടിവിഎസും ബിഎംഡബ്ല്യുവുമെന്ന് സാരം. ഇപ്പോഴിതാ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കാനായി ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ G 310 RR പതിപ്പിന് പുതിയ കളര്‍ ഓപ്ഷനുകള്‍ കൊണ്ടുവന്നിരിക്കുകയാണ്.
റേസിംഗ് ബ്ലൂ മെറ്റാലിക് എന്ന് വിളിക്കപ്പെടുന്ന ഇത് കോസ്മിക് ബ്ലാക്ക് 2, സ്പോര്‍ട്ട് എന്നീ നിലവിലെ കളര്‍ ഓപ്ഷനുകളോടൊപ്പം വില്‍ക്കാനാണ് തീരുമാനം. ശരിക്കും പ്രീമിയം മോട്ടോര്‍സൈക്കിളുകളോട് കിടപിടിക്കുന്ന ലുക്കാണ് ഈ നിറം ബിഎംഡബ്ല്യു G 310 RR മോഡലിന് കൊണ്ടുവരുന്നത്. 3.05 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന സ്പോര്‍ട്സ് ബൈക്കായി ഇത് മാറുന്നുവെന്നതും ശ്രദ്ധേയമാണ്. പുതിയ കളര്‍ ഓപ്ഷനില്‍ ഫെയറിംഗിലും ഫ്രെയിമിലും റെഡ് ആക്‌സന്റുകളുള്ള പുതിയ ബ്ലൂ കളറാണ് ബവേറിയന്‍ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ അപ്‌സൈഡ് ഡൌണ്‍ ഫോര്‍ക്കുകള്‍ക്കൊപ്പം മോട്ടോര്‍സൈക്കിളിന്റെ പേര് ഹൈലൈറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നത് വൈറ്റ് നിറമാണ്.
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ വലിയ സൂപ്പര്‍സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളുകള്‍ക്ക് അനുസൃതമായി അതിന്റെ രൂപം നല്‍കുന്നതാണ് ഏവരെയും ആകര്‍ഷിക്കുക. ബൈക്കിന് പരിചിതമായ 313 സിസി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകാന്‍ എത്തുന്നത്. 6-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ച എഞ്ചിന് തെരഞ്ഞെടുക്കുന്ന റൈഡ് മോഡിനെ അപേക്ഷിച്ച് പെര്‍ഫോമന്‍സിലും മാറ്റമുണ്ടാവും.
ട്രാക്ക് മോഡില്‍ എഞ്ചിന്‍ 9,700 ആര്‍പിഎമ്മില്‍ 33.53 bhp കരുത്തും 7,700 ആര്‍പിഎമ്മില്‍ 27.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ അര്‍ബന്‍, റെയിന്‍ മോഡില്‍ പവര്‍ കണക്കുകള്‍ 7,700 ആര്‍പിഎമ്മില്‍ 25.44 bhp പവറും 6,700 എന്‍എമ്മില്‍ 25 Nm ടോര്‍ക്കുമായി മാറും. ടിവിഎസ് അപ്പാച്ചെ RR 310 സ്‌പോര്‍ട്സ് ബൈക്കുമായി എല്ലാം പങ്കിടുന്നുണ്ടെങ്കിലും തനതായ ശൈലി കൈവരിക്കാനുള്ള പരിഷ്‌ക്കാരങ്ങള്‍ മോട്ടോര്‍സൈക്കിളില്‍ ബിഎംഡബ്ല്യു നടത്തിയിട്ടുണ്ട്. ഡിസൈന്‍ ടിവിഎസ് സൂപ്പര്‍സ്‌പോര്‍ട്ടുമായാണ് പങ്കിടുന്നതെന്ന് ആദ്യ കാഴ്ച്ചയില്‍ തന്നെ മനസിലാക്കാം. കൂടാതെ സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലൈറ്റും ക്ലിയര്‍ വൈസറും ഡിജിറ്റല്‍ സ്‌ക്രീനും RR310-ന് സമാനമാണ്. ടിഎഫ്ടി സ്‌ക്രീന്‍, റൈഡ് ബൈ വയര്‍ സിസ്റ്റം, ഡ്യുവല്‍ ചാനല്‍ എബിഎസ്, നാല് റൈഡിംഗ് മോഡുകള്‍ എന്നീ ഫീച്ചറുകളും ബൈക്കിന്റെ പ്രീമിയം ഫീല്‍ ഉയര്‍ത്തുന്ന കാര്യമാണ്. ഒരു സ്പോര്‍ടി മോഡലാണെങ്കിലും ഹാന്‍ഡ്ലിംഗ്, ഭാരവിതരണം എന്നിവയെല്ലാം മികവുറ്റതായതിനാല്‍ ബൈക്ക് സിറ്റി റൈഡില്‍ പോലും ഓടിക്കാന്‍ വളരെ എളുപ്പമാണ്.





