അമൃത വിശ്വ വിദ്യാപീഠത്തിന്റെ ബി.ടെക് പ്രവേശനത്തിനുള്ള അമൃത എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം 2027 ഏപ്രിൽ 15 മുതൽ മെയ് 7 വരെയാണ് പരീക്ഷ നടക്കുന്നത്.
രാജ്യവ്യാപകമായി കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന ഈ പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ നടപടികൾ 2026 നവംബറിൽ ആരംഭിക്കും. രജിസ്ട്രേഷൻ ലിങ്ക് സജീവമാകുന്നതോടെ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ aeee.amrita.edu വഴി അപേക്ഷ സമർപ്പിക്കാം. കൃത്യമായ തീയതികൾ പരീക്ഷാ നടത്തിപ്പുകാർ ഉടൻ ഔദ്യോഗികമായി അറിയിക്കും.
പ്രവേശന പ്രക്രിയ
രജിസ്ട്രേഷൻ, സ്ലോട്ട് ബുക്കിംഗ്, അഡ്മിറ്റ് കാർഡ് ഡൗൺലോഡ്, പ്രവേശന പരീക്ഷ, സെൻട്രലൈസ്ഡ് സീറ്റ് അലോട്ട്മെന്റ് പ്രക്രിയയിലെ പങ്കാളിത്തം എന്നിവയാണ് പ്രവേശന പ്രക്രിയയുടെ പ്രധാന ഘട്ടങ്ങൾ.
Also Read:യുജിസി-നെറ്റ് ഡിസംബർ 2026; അപേക്ഷാ വിൻഡോ തുറന്നു, ഉടൻ അപേക്ഷിക്കൂ!
യോഗ്യതാ മാനദണ്ഡങ്ങൾ
പന്ത്രണ്ടാം ക്ലാസ്സിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവ പ്രധാന വിഷയങ്ങളായി പഠിച്ച് മൊത്തം 60% മാർക്കും, ഓരോ വിഷയത്തിലും കുറഞ്ഞത് 55% മാർക്കും നേടിയിരിക്കണം.
ഇന്ത്യൻ പൗരന്മാർക്ക് പുറമെ വിദേശ പൗരന്മാർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ യോഗ്യത നേടിയവർക്കും അമൃതയിലെ ബി.ടെക് പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.
പരീക്ഷാ പാറ്റേൺ
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഇംഗ്ലീഷ് ഭാഷയിലാണ് നടത്തുന്നത്. ആകെ 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് പേപ്പറിൽ ഉണ്ടാകുക. ഇതിൽ മാത്സ് വിഭാഗത്തിൽ 40 ചോദ്യങ്ങളും, ഫിസിക്സിൽ 30 ചോദ്യങ്ങളും, കെമിസ്ട്രിയിൽ 20 ചോദ്യങ്ങളും, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡിൽ 5 ചോദ്യങ്ങളും, ഇംഗ്ലീഷിൽ 5 ചോദ്യങ്ങളും ഉൾപ്പെടുന്നു. ഓരോ ശരിയു ഉത്തരത്തിനും 3 മാർക്ക് ലഭിക്കുമ്പോൾ, തെറ്റായ ഉത്തരത്തിന് 1 മാർക്ക് നഷ്ടപ്പെടും.






