ഡല്‍ഹി: രാജ്യത്തിന്റെ ശത്രുക്കളെ നശിപ്പിക്കുകയും ഭാരതത്തിന് കവചം തീര്‍ക്കുകയും ചെയ്ത സായുധ സേനകളുടെ സമാനതകളില്ലാത്ത വീര്യത്തെ രാഷ്ട്രം അഭിവാദ്യം ചെയ്യുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിരോധത്തിന്റെ മുന്‍നിരയിലുള്ള ബിഎസ്എഫിനും പ്രത്യേക സല്യൂട്ടെന്ന് അമിത് ഷാ പറഞ്ഞു. സൈന്യത്തിനും രാജ്യത്തിനും നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിത് ഷാ പ്രശംസിച്ചു. ഭീകരതയോടുള്ള ഇന്ത്യയുടെ സഹിഷ്ണുതയില്ലാത്ത നയത്തിന്റെ നിര്‍ണായക പ്രഖ്യാപനമാണിതെന്നും രാജ്യത്തിന്റെ തന്ത്രപരമായ നിലപാടിനെ പുനര്‍നിര്‍വചിക്കുന്ന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
Also Read: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടന്‍ മഹേഷ് ബാബു ഇഡിക്ക് മുന്നില്‍ ഹാജരാകും
പാകിസ്ഥാന്റെ മണ്ണിലെ ഭീകരതയുടെ കെട്ടിടം തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ പ്രധാനമന്ത്രി ഇന്ന് ഭാരതത്തിന്റെ ശത്രുക്കള്‍ക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സായുധ സേനകള്‍ പാകിസ്ഥാനെ വിറപ്പിച്ചു. ശത്രുക്കള്‍ തെറ്റ് ചെയ്യാന്‍ തുനിഞ്ഞ നിമിഷം തന്നെ ഭാരതം തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെ സായുധ സേനകളുടെ ധൈര്യത്തെയും ശൗര്യത്തെയും പ്രശംസിച്ച അദ്ദേഹം സേനകളുടെ ധീരത ഭാരതത്തിന്റെ മഹത്തായ ചരിത്രത്തില്‍ എന്നെന്നേക്കുമായി നിലനില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
‘രാജ്യത്തിന്റെ ശത്രുക്കളെ നശിപ്പിക്കുകയും ഭാരതത്തിന് കവചം തീര്‍ക്കുകയും ചെയ്ത സായുധ സേനകളുടെ സമാനതകളില്ലാത്ത വീര്യത്തെ രാഷ്ട്രം അഭിവാദ്യം ചെയ്യുന്നു. നമ്മുടെ പ്രതിരോധത്തിന്റെ ആദ്യ നിരയായ ബിഎസ്എഫിലെ ധീരരായ സൈനികരെയും നാം അഭിവാദ്യം ചെയ്യുന്നു. നമ്മുടെ മഹത്തായ ചരിത്രത്തില്‍ സേനകളുടെ ധീരത എന്നെന്നേക്കുമായി മുദ്രണം ചെയ്യപ്പെടും. നമ്മുടെ നിരപരാധികളായ സഹോദരങ്ങളുടെ പരേതരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ പ്രധാനമന്ത്രി മാതൃകാപരമായ നേതൃത്വമാണ് നല്‍കിയത്. ഭാരതത്തിന്റെ ഒരു ശത്രുവും ശിക്ഷിക്കപ്പെടാതിരിക്കില്ലെന്ന് മോദി ജി ഓപ്പറേഷന്‍ സിന്ദൂറിലൂടെ വീണ്ടും വീണ്ടും തെളിയിച്ചു’ അമിത് ഷാ പറഞ്ഞു.