ബി.ജെ.പിയില്‍ ആശയക്കുഴപ്പമില്ല, മോദി തന്നെ തുടരും; അമിത് ഷാ

ബി.ജെ.പിയില്‍ ആശയക്കുഴപ്പമില്ല, മോദി തന്നെ തുടരും; അമിത് ഷാ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഴം അവസാനിച്ചുവെന്നും 75 വയസായാല്‍ റിട്ടയര്‍ ചെയ്യേണ്ടി വരുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിമര്‍ശത്തോട് പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയില്‍ ആശയക്കുഴപ്പമില്ലെന്നും ഇത്തവണയും ഭാവിയിലും മോദി തന്നെ തുടരുമെന്ന് അമിത് ഷാ പറഞ്ഞു. 75 വയസു കഴിഞ്ഞാല്‍ പദവി ഒഴിയണമെന്ന് പാര്‍ട്ടി ഭരണഘടനയില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അരവിന്ദ് കെജ്രിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് ബി.ജെ.പിയുടെ ഭരണഘടനയില്‍ അത്തരത്തില്‍ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂര്‍ത്തിയാക്കും. ഭാവിയില്‍ മോദി തന്നെ രാജ്യത്തെ നയിക്കും. ബിജെപിയില്‍ അത്തരത്തില്‍ യാതൊരു ആശങ്കയും നിലനില്‍ക്കുന്നില്ല’ അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി മോദിക്ക് പകരമായി ആരെയും അവതരിപ്പിക്കാന്‍ പ്രതിപക്ഷ സഖ്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് നേരത്തെ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. നേതാക്കള്‍ മാറിമാറി രാജ്യത്തെ ഏറ്റവും ശക്തമായ പദവി വഹിക്കുമെന്ന് അവര്‍ പറയുന്നത്. കോവിഡ് പോലുള്ള മറ്റൊരു മഹാമാരിയില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ആര്‍ക്ക് കഴിയും, ജി-20 ഉച്ചകോടിയില്‍ നരേന്ദ്രമോദിക്ക് പകരം ആര്‍ക്ക് നയിക്കാന്‍ കഴിയും. ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി മോദി മാറ്റി, ചന്ദ്രയാന്‍ ദൗത്യവും മോദിയുടെ നേതൃത്വത്തിലായിരുന്നു. അതിനാല്‍ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അത് നമ്മുടെ നേതാവ് നരേന്ദ്ര മോദിയാണ്’ അമിത് ഷാ പറഞ്ഞു.

Top