ഡെന്മാർക്കിൽ നിന്ന് ഗ്രീൻലാൻഡ് സ്വന്തമാക്കാനും കാനഡയെ വെട്ടിപ്പിടിക്കാനുമുള്ള നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആഗ്രഹം വലിയ വിവാദങ്ങൾക്ക് വഴിവെച്ചവയാണ്. ഇപ്പോൾ ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങൾ സ്ഥാപിക്കാൻ ഗ്രീൻലാൻഡിൽ ഒരു പുതിയ എയർഫീൽഡ് നിർമ്മിക്കാനൊരുങ്ങുകയാണ് അമേരിക്ക. ഡെന്മാർക്കിലെ റഷ്യൻ അംബാസഡർ വ്‌ളാഡിമിർ ബാർബിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റിയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിവരം പുറത്ത് വന്നതോടെ ആർട്ടിക് മേഖലയുടെ സൈനികവൽക്കരണത്തെക്കുറിച്ചും ആഗോള സുരക്ഷയെക്കുറിച്ചും വലിയ ആശങ്കയാണ് വിദഗ്ധർ ഉയർത്തുന്നത്.
നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡിലും (നോരാഡ്) അമേരിക്കൻ മിലിട്ടറിയുടെ മൊത്തത്തിലുള്ള പ്രതിരോധ തന്ത്രത്തിലും വ്യോമമേഖലയിലും ഗ്രീൻലാൻഡിന് തന്ത്രപ്രധാനമായ സ്ഥാനമുണ്ട്. 1950-കൾ മുതൽ ഗ്രീൻലാൻഡ് അമേരിക്കയുടെ തുലെ എയർ ബേസിൻ്റെ ആസ്ഥാനമാണ്. കൂടാതെ ഇത് മിസൈൽ വിക്ഷേപണങ്ങൾക്കുള്ള നിർണായക മുന്നറിയിപ്പ് സംവിധാനമായും നിരീക്ഷണത്തിനും നിരീക്ഷണ പ്രവർത്തനങ്ങൾക്കുമുള്ള ഒരു കേന്ദ്രമായും പ്രവർത്തിക്കുന്നു.

ദ്വീപിൻ്റെ വടക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ പിറ്റൂഫിക് എന്നും അറിയപ്പെടുന്ന ബഹിരാകാശ താവളം വടക്കേ അമേരിക്കയ്‌ക്കെതിരായ ഐസിബിഎം വിക്ഷേപണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബാലിസ്റ്റിക് മിസൈൽ എർലി വാണിംഗ് സിസ്റ്റം (ബിഎംഇഡബ്ല്യുഎസ്) പ്രവർത്തിപ്പിക്കുന്ന 12-ാമത് ബഹിരാകാശ മുന്നറിയിപ്പ് സ്ക്വാഡ്രൻ്റെ ആസ്ഥാനമാണ്. ഈ സംവിധാനം യുഎസ് ബഹിരാകാശ സേനയുടെ മിസൈൽ മുന്നറിയിപ്പ് സെൻസറുകളുടെ ആഗോള ശൃംഖലയുടെ ഭാഗമാണ്. കൂടാതെ നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡിനും (NORAD) മറ്റ് സംയുക്ത പങ്കാളികൾക്കും നിർണായക ബഹിരാകാശ അവബോധവും വിപുലമായ മിസൈൽ കണ്ടെത്താനുള്ള കഴിവുകളും നൽകുന്നുണ്ട്.
Also Read :മെറ്റയിൽ ‘ഒഴിവാക്കൽ’, ട്രംപിനെ കൈയ്യിലെടുക്കാൻ സക്കർ ബർഗ്
നിലവിൽ ആർട്ടിക്കിൽ നിന്നുള്ള ആണവാക്രമണത്തെക്കുറിച്ചും രാജ്യത്തിനു മുൻകൂർ മുന്നറിയിപ്പ് നൽകുന്നതിന്റെ പ്രധാന ഭാഗമാണ് ഈ ബേസ് എന്ന് ബാർബിൻ അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന റഡാർ സംവിധാനങ്ങൾ ഉൾപ്പെടെ സമഗ്രമായ ഒരു ആധുനികവൽക്കരണം ഇപ്പോൾ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഗ്രീൻലാൻഡിൽ പുതിയ എയർഫീൽഡ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതോടെ മേഖലയിലെ അമേരിക്കൻ സൈന്യത്തിൻ്റെ സാന്നിധ്യം കൂടുതൽ ശക്തമാകും.
ഈ നീക്കത്തിലൂടെ റഷ്യയ്ക്കെതിരെയൊരു പട പുറപ്പാടിനാണ് അമേരിക്ക കോപ്പു കൂട്ടുന്നത്. കൂടാതെ അയൽ രാജ്യമായ കാനഡയെ സ്വന്തമാക്കാനും. പത്തൊൻപതാം നൂറ്റാണ്ട് മുതൽ തന്നെ അമേരിക്ക ഗ്രീൻലാൻഡിൽ
കണ്ണുവെച്ചു തുടങ്ങിയതാണ്. വാസ്തവത്തിൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിൽ തന്നെ ഇതിനുള്ള രഹസ്യ നീക്കം അമേരിക്ക തുടങ്ങി വെച്ചിരുന്നു, 2019 ൽ ട്രംപ് അത് പരസ്യമാക്കി എന്ന് മാത്രം. ഗ്രീൻലാൻഡിൻ്റെ തന്ത്രപരമായ പ്രാധാന്യമാണ് ട്രംപിൻ്റെ താൽപ്പര്യത്തിന്റെ പ്രധാന ഘടകം. ദ്വീപ് വിൽപനയ്‌ക്കുള്ളതല്ലെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡും വ്യക്തമാക്കിയിട്ടും വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത അമേരിക്കയുടെ കുതന്ത്രങ്ങളിൽ ഒന്നുമാത്രമാണ് ഈ സൈനിക നീക്കം.

തൻ്റെ ലക്ഷ്യം നേടുന്നതിന് ഏതു മാർഗവും, അതിപ്പോൾ സാമ്പത്തിക ഉപരോധങ്ങളുടെ രൂപത്തിലായാലും സൈനിക നടപടികൾ ഉപയോഗിച്ചായാലും ട്രംപ് കളിക്കുന്ന നെറികെട്ട കളിയിൽ ഇപ്പോൾ അമേരിക്കയുടെ സഖ്യ കക്ഷികൾ പോലും വലിയ അതൃപ്തിയിലാണുള്ളത്. ‘വേലി തന്നെ വിളവ് തിന്നുന്ന’ അവസ്ഥയാണ് ഇപ്പോൾ അമേരിക്കയെ കൊണ്ട് അവർക്കും ഉള്ളത്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോട്ടും ട്രംപിൻ്റെ ഏത് നീക്കത്തിനെതിരെയും ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അന്താരാഷ്ട്ര അതിർത്തികളെയും പരമാധികാരത്തെയും അമേരിക്ക ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യത്തെയും അവർ ഊന്നിപ്പറഞ്ഞു.
Also Read : തീ അണയ്ക്കാൻ ടെക്നോളജിയില്ല, അമേരിക്ക കണ്ട് പഠിക്കണം റഷ്യയെയും ഗൾഫ് രാജ്യങ്ങളെയും…
അമേരിക്കയുടെ നീക്കത്തെ റഷ്യയും സൂക്ഷമായി നിരീക്ഷിച്ചു വരുന്നുണ്ട്. അമേരിക്കയുടെ ഈ കുതന്ത്രങ്ങളെല്ലാം റഷ്യയേക്കാൾ നന്നായി മറ്റാർക്കാണ് അറിയുക. ആർട്ടിക് മേഖലയിൽ സ്ഥിരത ശക്തിപ്പെടുത്താൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ അത് എല്ലാ ആർട്ടിക് രാജ്യങ്ങൾക്കും തുല്യമായ ഒരു സുരക്ഷാ സംവിധാനം സ്ഥാപിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂവെന്നും റഷ്യൻ അംബാസഡർ അഭിപ്രായപ്പെട്ടു. ഏതെങ്കിലും ഒരു രാജ്യത്തിൻ്റെ പ്രബലമായ റോളിനേക്കാൾ, മേഖലയിലെ സുരക്ഷയിൽ കൂടുതൽ ഉൾക്കൊള്ളുന്നതും സന്തുലിതവുമായ സമീപനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് ഇത് വ്യക്തമാകുന്നു.

പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ പ്രദേശത്ത്, അമേരിക്കയ്ക്ക് മാത്രമല്ല മറ്റു ലോക രാജ്യങ്ങൾക്കും താല്പര്യമുണ്ട്, അത് കൊണ്ട് തന്നെ ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിൽ കടുത്ത നിലപാട് സ്വീകരിക്കുന്ന ട്രംപിൻ്റെ സമീപനം തീർച്ചയായും ആർട്ടിക് മേഖലയുടെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഏറെ തുരങ്കം വെക്കുന്നതാണ്. നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, അമേരിക്കയുടെ വിദേശനയത്തെ കൂടുതൽ ശക്തമായി തിരികെ കൊണ്ടുവരുമെന്ന വാശിയിലാണ്. പനാമ കനാലിന്മേലുള്ള അമേരിക്കയുടെ നിയന്ത്രണം പുനഃസ്ഥാപിക്കാനും കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കാനും ദേശീയ സുരക്ഷാ ആവശ്യങ്ങൾക്കായി ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കാനുമുള്ള ട്രംപിൻറെ ആഗ്രഹങ്ങളെല്ലാം ഇതിന്റെ ചുവട് പിടിച്ചുള്ളതാണ്. ബൈഡൻ ഭരണകൂടത്തിൻ്റെ ലിബറൽ അന്താരാഷ്ട്രവാദത്തിൽ നിന്നുള്ള കടുത്ത വ്യതിചലനമാണ് ട്രംപിന്റെ ഈ നീക്കങ്ങളെല്ലാം. അന്താരാഷ്ട്ര സഹകരണത്തേക്കാൾ ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ട്രംപിൻ്റെ സമീപനങ്ങളെല്ലാം തന്നെ “അമേരിക്ക ആദ്യം” എന്ന ആശയത്തിൽ വേരൂന്നിയതാണ്. പാരീസ് ഉടമ്പടി, ഇറാൻ ആണവ കരാർ, ട്രാൻസ്-പസഫിക് പങ്കാളിത്തം എന്നിവയിൽ നിന്ന് പിന്മാറുന്നതും വ്യാപാരയുദ്ധത്തിലേക്ക് നയിച്ച ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്നതും ട്രംപിൻ്റെ ശ്രദ്ധേയമായ ചില വിദേശ നയ നടപടികളിൽ ഉൾപ്പെടുന്നവയാണ്.
Also Read : 2024 ഏറ്റവും ചൂടേറിയ വർഷം; ഒടുവിൽ ഭയപ്പെട്ടത് സംഭവിക്കുന്നുവോ?
പടിഞ്ഞാറൻ അർദ്ധഗോളത്തെ അമേരിക്കയുടെ സ്വാധീന മേഖലയായി കണക്കാക്കാനുള്ള ട്രംപിൻ്റെ ഈ ദൃഢനിശ്ചയം, ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും പിന്നീട് ശീതയുദ്ധകാലത്തും അമേരിക്കൻ വിദേശനയത്തെ നിർണ്ണായകമായി രൂപപ്പെടുത്തിയ 1823-ൽ പ്രസിഡൻ്റ് ജെയിംസ് മൺറോ ആദ്യമായി അവതരിപ്പിച്ച തന്ത്രമായ മൺറോ സിദ്ധാന്തത്തിൻ്റെ പുനരുജ്ജീവനത്തെ സൂചിപ്പിക്കുന്നു. മേഖലയിൽ അമേരിക്കയുടെ ആധിപത്യം പുനഃസ്ഥാപിക്കാനുള്ള ട്രംപിൻ്റെ പ്രവർത്തനങ്ങൾ അമേരിക്കയ്ക്ക് തന്നെ വലിയ തിരിച്ചടിയായി മാറാനാണ് സാധ്യത. ആർട്ടിക് മേഖലയിലെ ട്രംപിന്റെ കടുംപിടുത്തം ആത്യന്തികമായി അമേരിക്കയുടെ താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കുകയും ആഗോള സംഘർഷങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല.