അമേരിക്കൻ ബോംബറുകള്‍ ഇറാനിലേക്ക് എത്തിയത് ഗ്വാമിൽ നിന്ന്; എന്തുകൊണ്ട് ഈ നാവികതാവളം തിരഞ്ഞെടുത്തു?

പശ്ചിമ പസഫിക്കിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രമാണ് ഗ്വാമിലേത്

അമേരിക്കൻ ബോംബറുകള്‍ ഇറാനിലേക്ക് എത്തിയത് ഗ്വാമിൽ നിന്ന്; എന്തുകൊണ്ട് ഈ നാവികതാവളം തിരഞ്ഞെടുത്തു?
അമേരിക്കൻ ബോംബറുകള്‍ ഇറാനിലേക്ക് എത്തിയത് ഗ്വാമിൽ നിന്ന്; എന്തുകൊണ്ട് ഈ നാവികതാവളം തിരഞ്ഞെടുത്തു?

വാഷിങ്ടണ്‍: അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇറാനിലെ തന്ത്രപ്രധാനമായ ഈ മൂന്ന് ആണവനിലയങ്ങളെ ആക്രമിക്കാന്‍ അമേരിക്ക ഉപയോഗിച്ചത് പസഫിക് സമുദ്രത്തിലെ ഗ്വാം നാവികത്താവളമാണ്. പശ്ചിമ പസഫിക്കിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രമാണ് ഗ്വാമിലേത്. പസഫിക്കിലെ വളരെ ചെറിയൊരു ദ്വീപാണ് ഗ്വാം. ഈ ദ്വീപിലാണ് അമേരിക്കയുടെ ആന്‍ഡേഴ്‌സണ്‍ വ്യോമതാവളവും സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ചയാണ് ആക്രമണത്തിന്റെ സൂചനകള്‍ നല്‍കി ബി2 സ്‌റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളെ ഗ്വാമിലേക്ക് മാറ്റിയത്. അമേരിക്കയിലെ മിസോറിയില്‍ നിന്നാണ് ഗ്വാമിലേക്ക് യുദ്ധവിമാനങ്ങൾ എത്തിച്ചത്.

നേരിട്ട് അമേരിക്കയിൽ നിന്ന് ആക്രമണത്തിന് പോകുന്നതിന് പകരം ഗ്വാമില്‍ നിന്നാകുമ്പോള്‍ പെട്ടെന്ന് ആക്രമണത്തിന് തീരുമാനമുണ്ടായാല്‍ അത് നടപ്പിലാക്കാന്‍ സാധിക്കും. ഇത് കണക്കിലെടുത്താണ് ഇറാനെതിരായ നീക്കത്തിന് ഗ്വാം തിരഞ്ഞെടുത്തത് എന്നാണ് വിവരം. ഗ്വാമില്‍ നിന്ന് 7500 കിലോമീറ്റര്‍ അകലെയാണ് ഇറാന്‍ സ്ഥിതി ചെയ്യുന്നത്. നിറയെ ഇന്ധനവുമായി പരമാവധി ഒറ്റപ്പറക്കലിന് 11,000 കിലോമീറ്റര്‍ ദൂരമാണ് അമേരിക്കയുടെ ബി2 ബോംബറുകള്‍ക്ക് സഞ്ചരിക്കാനാകുക. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന കെ.സി-46 പെഗാസസ് എന്ന ടാങ്കര്‍ വിമാനത്തിന്റെ സഹായത്തോടെ അതിലും കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും. ഇത്തരം വിമാനങ്ങളുടെ സഹായത്തോടെ നിലത്തിറങ്ങാതെ ലോകത്തെവിടെ വേണമെങ്കിലും ഈ വിമാനത്തിന് പോകാനാകും.

Also Read: ട്രംപിന്റെ ഭീഷണി വിലപോവില്ല, ആണവ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്ന് ഇറാന്‍

അതേസമയം ആക്രമണത്തിനായി എന്തുകൊണ്ടാണ് ഗ്വാം തിരഞ്ഞെടുത്തത് എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാനെ ആക്രമിക്കാന്‍ ഗള്‍ഫ് മേഖലയില്‍ തന്നെ അമേരിക്കയ്ക്ക് നിരവധി സൈനിക കേന്ദ്രങ്ങളുണ്ട്. അപ്പോള്‍ ആ താവളങ്ങള്‍ ഉപയോഗിക്കാമായിരുന്നില്ലെ എന്ന ചോദ്യമാണ് ഉയർന്നുവരുന്നത്. എന്നാല്‍ നിലവില്‍ പശ്ചിമേഷ്യയിലുള്ള ഏത് അമേരിക്കൻ സൈനിക കേന്ദ്രങ്ങളും ഇറാന്റെ മിസൈല്‍ പരിധിക്കുള്ളില്‍ വരുന്നവയാണ്. ഒരു ബി2 സ്പിരിറ്റ് ബോംബര്‍ വിമാനത്തിന്റെ വില 210 കോടി ഡോളറാണ്. (ഏകദേശം ഇന്നത്തെ നിലയില്‍ 18182 കോടി ഇന്ത്യന്‍ രൂപ) ഇത്രയും വിലയേറിയ സൈനിക ആസ്തിയെ ഇറാന്റെ പ്രത്യാക്രമണത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതും ഗ്വാമിനെ കേന്ദ്രമാക്കി ആക്രമണം നടത്താനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

അമേരിക്കയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഈ ദ്വീപ് രണ്ടാം ലോകമഹായുദ്ധ കാലത്ത് 1941 ല്‍ ജാപ്പനീസ് സൈന്യം പിടിച്ചെടുത്തിരുന്നു. പേള്‍ഹാര്‍ബര്‍ ആക്രമണം നടന്ന അന്നുതന്നെയാണ് ഈ ദ്വീപ് അമേരിക്കയുടെ പക്കല്‍ നിന്ന് ജാപ്പനീസ് സൈന്യം പിടിച്ചെടുത്തത്. തുടര്‍ന്ന് 1944ല്‍ ദ്വീപിന്റെ നിയന്ത്രണം അമേരിക്ക തിരികെ പിടിച്ചു. പസഫിക് മേഖലയില്‍ അമേരിക്കൻ ആധിപത്യം നിലനിര്‍ത്താനും നിരവധി സൈനിക നീക്കങ്ങള്‍ക്കും നിര്‍ണായകമായ സൈനിക കേന്ദ്രമാണ് ഗ്വാം. നിലവില്‍ സൈനികരും അവരുടെ കുടുംബങ്ങളും വിരമിച്ച സൈനികരുമടങ്ങുന്ന ജനസമൂഹമാണ് ഇവിടെ അധികവും. 1898ലെ സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിന് ശേഷമാണ് ഈ ദ്വീപ് അമേരിക്കയുടെ അധീനതയിലാകുന്നത്. നിലവില്‍ ഈ സൈനിക കേന്ദ്രത്തില്‍ അമേരിക്കയുടെ ആണവായുധ ശേഷിയുള്ള അന്തര്‍വാഹിനികള്‍, ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ ആണവായുധങ്ങള്‍ എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്.

Share Email
Top