അമേരിക്കൻ ആക്രമണം; ഫൊർദോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല, ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രം​ഗത്ത്

ഫോർദോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പറയുന്നത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്

അമേരിക്കൻ ആക്രമണം; ഫൊർദോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല, ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രം​ഗത്ത്
അമേരിക്കൻ ആക്രമണം; ഫൊർദോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല, ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രം​ഗത്ത്

തെഹ്റാൻ: അമേരിക്കയുടെ ആക്രമണത്തിൽ ഇറാൻ്റെ ആണവ കേന്ദ്രമായ ഫൊർദോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന വ്യക്ത വരുത്തി ഇറാൻ രം​ഗത്ത്. ഫൊർദോ സ്ഥിതി ചെയ്യുന്ന ക്വാം എന്ന പ്രദേശത്തെ ജനപ്രതിനിധിയായ മനൻ റൈസിയാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭൂഗർഭ ആണവ സൈറ്റിലെ ആക്രമണം നടന്നത് ഉപരിതലത്തിലായിരുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ഫോർദോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പറയുന്നത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കേടുപാടുകൾ സംഭവിച്ചത് ഉപരിതലത്തിലാണ്. അത് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് മനൻ റൈസി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഭൂ​ഗർഭ ആണവ കേന്ദ്രമായ ഫൊർദോ പൂർണമായി തകർത്തെന്നയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം. പ്രസിഡൻ്റിൻ്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായാണ് ഇപ്പോൾ ഇറാൻ രം​ഗത്തെത്തിയിരിക്കുന്നത്. ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നൽകിയിരുന്നു. ‘ഇത് തുടരാൻ കഴിയില്ല. ഒന്നുകിൽ സമാധാനം അല്ലെങ്കിൽ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാൾ ​​ഗുരുതരമായ ദുരന്തമായിരിക്കും ഇറാനെ’ന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങൾ ഇനിയും ബാക്കിയാണ് എന്ന മുന്നറിയിപ്പും ട്രംപ് നൽകി.

Also Read: അമേരിക്കയുടേത് ധീരമായ‌ ഇടപെടൽ; നന്ദി അറിയിച്ച് നെതന്യാഹു

ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാൻ്റെ ആണവകേന്ദ്രങ്ങൾക്കെതിരെ നടന്ന ആക്രമണം ​ഗംഭീര വിജയമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ തന്ത്രപ്രധാനമായ ആണവ സമ്പുഷ്ടീകരണ സൗകര്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയെന്നും ട്രംപ് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിനെ ഭീഷണിപ്പെടുത്തുന്ന ഇറാൻ ഇപ്പോൾ സമാധാനത്തിന് വഴങ്ങണമെന്നും അവർ അതിന് തയ്യാറായില്ലെങ്കിൽ ഭാവിയിലെ ആക്രമണങ്ങൾ വളരെ വലുതും വളരെ എളുപ്പവുമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനിൽ ബാക്കിയുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ അമേരിക്കയ്ക്ക് വേ​ഗത്തിലും കൃത്യതയിലും മികവോടെയും സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഇറാൻ നിർമ്മിച്ച ഫൊർദോ, നദാൻസ്, ഇസ്ഫഹാൻ തുടങ്ങിയ വിനാശകരമായ ആണവ കേന്ദ്രങ്ങളുടെ പേര് അവർ അത് നിർമ്മിച്ച കാലം മുതൽ എല്ലാവരും കേൾക്കുന്നതാണ്. ലോകത്തിന് ഭീഷണിയായ ഇറാൻ്റെ ആണവ സമ്പുഷ്ടീകരണ ശേഷി ഇല്ലാതാക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം’, ട്രംപ് വ്യക്തമാക്കി.

അതേസമയം, ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രം​ഗത്തെത്തിയിരുന്നു. തൻ്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. ശക്തിയിലൂടെ മാത്രമെ സമാധാനം സൃഷടിക്കാൻ കഴിയൂ. അമേരിക്കയും പ്രസിഡന്റ് ട്രംപും വളരെ ശക്തിയോടെ തന്നെ പ്രവർത്തിച്ചുവെന്ന കുറിപ്പോട് കൂടിയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന് അഭിനന്ദനങ്ങൾ. അത്ഭുതകരവും നീതിയുക്തവുമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും. ഓപ്പറേഷൻ റൈസിംഗ് ലയണിലൂടെ ഇസ്രയേലും അത്ഭുതകരമായ കാര്യങ്ങളാണ് ചെയ്തത്. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ നടപടി സമാനതകളില്ലാത്തതാണ്. ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തത് അമേരിക്ക ചെയ്തു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയാണ് അമേരിക്ക എതിർത്തിരിക്കുന്നത്. അവരുടെ അപകടകരമായ ആയുധങ്ങൾക്ക് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ ഇടപെടൽ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ്. മിഡിൽ ഈസ്റ്റിനെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നയിക്കാൻ സഹായിക്കുന്ന ചരിത്രത്തിന്റെ ഒരു നാഴികക്കല്ലാണ് പ്രസിഡന്റ് സൃഷ്ടിച്ചിരിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.

Share Email
Top