ഇസ്രയേലില്‍ ഇറാന്റെ ആക്രമണം ഉടന്‍ ഉണ്ടായേക്കുമെന്ന് അമേരിക്ക

ഇസ്രയേലില്‍ ഇറാന്റെ ആക്രമണം ഉടന്‍ ഉണ്ടായേക്കുമെന്ന് അമേരിക്ക
ഇസ്രയേലില്‍ ഇറാന്റെ ആക്രമണം ഉടന്‍ ഉണ്ടായേക്കുമെന്ന് അമേരിക്ക

സ്രയേല്‍- ഇറാന്‍ ബന്ധം ഏറ്റുമുട്ടലിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ സംഘര്‍ഷഭീതിയിലാഴ്ന്ന് പശ്ചിമേഷ്യ. ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ നടന്ന ആക്രമണമാണ് ഇറാനെ ചൊടിപ്പിച്ചത്. ഇറാന്‍ സൈന്യത്തിന്റെ പ്രധാന കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്ന മുഹമ്മദ് റെസ സഹേരി ഉള്‍പ്പെടെ ഏഴോളം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനുപിന്നില്‍ ഇസ്രയേലാണെന്നാണ് ഇറാന്റെ ആരോപണം.ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണം ‘ഉടന്‍’ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വെള്ളിയാഴ്ച പറഞ്ഞിരുന്നു. അങ്ങനെയൊരു നടപടിക്ക് ഇറാന്‍ മുതിരരുതെന്നും അങ്ങനെയുണ്ടായാല്‍ ഇസ്രയേലിനൊപ്പം അമേരിക്ക അണിനിരക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ‘ഇസ്രയേലിനെ സഹായിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇറാന്‍ ജയിക്കില്ല,’ ബൈഡന്‍ പറഞ്ഞു.

വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയാണെന്നും സൈനിക യൂണിറ്റുകള്‍ക്ക് നല്‍കിയ അവധികള്‍ താത്കാലികമായി പിന്‍വലിച്ചതായും ഇസ്രയേല്‍ അറിയിച്ചിരുന്നു. കൂടാതെ മിസൈല്‍ ആക്രമണങ്ങളെ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമായി ജിപിഎസ് സംവിധാനവും ഇസ്രയേല്‍ തകരാറിലാക്കിയിട്ടുണ്ട്.വെള്ളിയാഴ്ച വൈകിട്ട് ഹിസ്ബുല്ല ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. നാല്പതോളം റോക്കറ്റുകള്‍ ഹിസ്ബുല്ല ലെബനന്‍ അതിര്‍ത്തിയില്‍നിന്ന് അയച്ചതായി ഇസ്രയേലും അറിയിച്ചിരുന്നു.ഇതിനിടെ ഗാസയില്‍ ഇസ്രയേല്‍ അനസ്യൂതം ആക്രമണങ്ങള്‍ തുടരുകയാണ്. ഏറ്റവുമൊടുവില്‍ മധ്യ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ മുപ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി കുടിയേറ്റക്കാരും പലസ്തീനികള്‍ക്കെതിരെ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷഭീതിയെ തുടര്‍ന്ന് ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യ, പോളണ്ട്, അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ ഇറാന്റെ ആക്രമണം ഉണ്ടായേക്കാമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേലിനെതിരെ നടപടിയെടുക്കാന്‍ ഐക്യരാഷ്ട്ര സഭ പോലും തയ്യാറാകാത്തതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് നേറെയ്ഡുണ്ടായ മാരകമായ ആക്രമണത്തോട് പ്രതികരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഇറാനി വിദേശകാര്യ മന്ത്രി ഹൊസൈന്‍ അമിര്‍ അബ്ദുല്ലഹിയന്‍ വ്യാഴാഴ്ച പ്രതികരിച്ചിരുന്നു.

Top