ഇറാൻ ഇസ്രയേലിൽ നിന്നും അത് ചോർത്തിയെങ്കിൽ… നെഞ്ചിടിപ്പോടെ അമേരിക്കയും !

ഇസ്രയേലിൻ്റെ തന്ത്ര പ്രധാനമായ ആണവ ഫയലുകൾ ഉൾപ്പെടെ രഹസ്യമായി ചോർത്തി ഇറാൻ. ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷിത സംവിധാനങ്ങളെയാകെ തകർത്ത് കൊണ്ടാണ് ഇറാൻ രഹസ്യാന്വേഷണ വിഭാഗങ്ങളും ഹാക്കർമാരും ഇസ്രയേലിൻ്റെ പൂട്ട് പൊട്ടിച്ച് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്.

ഇറാൻ ഇസ്രയേലിൽ നിന്നും അത് ചോർത്തിയെങ്കിൽ… നെഞ്ചിടിപ്പോടെ അമേരിക്കയും !
ഇറാൻ ഇസ്രയേലിൽ നിന്നും അത് ചോർത്തിയെങ്കിൽ… നെഞ്ചിടിപ്പോടെ അമേരിക്കയും !

ലോക രാജ്യങ്ങളെ ഞെട്ടിച്ച നിരവധി ആക്രമണങ്ങള്‍ ഗാസയിലും ലെബനനിലും സിറിയയിലും മാത്രമല്ല യെമനില്‍ പോലും നടത്തിയ രാജ്യമാണ് ഇസ്രയേല്‍. ഇതില്‍, അരലക്ഷത്തോളം പേര്‍ ഗാസയില്‍ മാത്രം കൊല്ലപ്പെട്ടു കഴിഞ്ഞു. ഇസ്രയേല്‍ ആക്രമണത്തിന് ഇരയായ മറ്റ് രാജ്യങ്ങളിലും ആയിരങ്ങള്‍, ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍, ഗാസ പിടിച്ചെടുക്കാനുള്ള സൈനിക നീക്കവുമായാണ് ഇസ്രയേല്‍ മുന്നോട്ട് പോകുന്നത്. ലോകത്തെ ഒരു ശക്തിക്കും, തങ്ങളുടെ സൈനിക നീക്കത്തെ തടയാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച ഇസ്രയേലിന്റെ സുപ്രധാന സൈനിക രഹസ്യങ്ങളാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. ഇസ്രയേലിന്റെ പ്രഖ്യാപിത ശത്രുവായ ഇറാനാണ്, അമേരിക്കയുടെയും ഇസ്രയേലിന്റെയും ചാരക്കണ്ണുകളെ കബളിപ്പിച്ച്, രഹസ്യ രേഖകള്‍ ചോര്‍ത്തിയിരിക്കുന്നത്.

Also Read: ഇന്ത്യയുടെ ‘ജലയുദ്ധത്തില്‍’ അടിതെറ്റി പാകിസ്ഥാന്‍; കടുത്ത ജലക്ഷാമം ഉണ്ടാകുമെന്ന് സൂചന

ഇസ്രയേലിന്റെ ആണവ പദ്ധതികളുമായും മറ്റ് സൈനിക നീക്കങ്ങളുമായും സൗകര്യങ്ങളുമായും ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെയാണ് ചോര്‍ന്നിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്രയേലിന്റെ നിരവധി സെന്‍സിറ്റീവ് രേഖകള്‍ ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന കാര്യം, ഇറാന്റെ സ്റ്റേറ്റ് മീഡിയ തന്നെയാണ്, ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍പ് ഇസ്രയേലി ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ സൈബര്‍ ആക്രമണത്തിനിടെയാണ്, ഈ രേഖകള്‍ റാഞ്ചിയതെന്നാണ് ഇറാന്‍ പറയുന്നത്. ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ എതിര്‍പ്പ് സംഘര്‍ഷത്തിന്റെ വക്കോളമെത്തിയ സാഹചര്യത്തില്‍ തന്നെയാണ് ഇറാന്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

Benjamin Netanyahu And Ayatollah Ali Khamenei

ഇസ്രയേലില്‍ നിന്നും കടത്തിയ രേഖകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പരിശോധിക്കുന്നതിന്, ഗണ്യമായ സമയമെടുത്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. 2018 ല്‍ തന്നെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ഏജന്റുമാര്‍ ഇറാനിയന്‍ രേഖകളുടെ ഒരു വലിയ ശേഖരം പിടിച്ചെടുത്തതായി അവകാശപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള ആണവ കരാറിന് സമ്മതിച്ചില്ലെങ്കില്‍, ഇറാന് എതിരെ വ്യോമാക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, റഷ്യ നിലപാട് കടുപ്പിച്ചതോടെ, ഇത്തരമൊരു നീക്കത്തില്‍ നിന്നും അമേരിക്കയ്ക്ക് പിന്‍മാറേണ്ടി വന്നിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി ട്രംപ് ഇടപ്പെട്ടാണ് തടഞ്ഞിരുന്നത്. ഇറാനെ ആക്രമിച്ചാല്‍, അത് മൂന്നാം ലോക മഹായുദ്ധത്തില്‍ കലാശിക്കുമെന്ന മുന്നറിയിപ്പാണ് ട്രംപ് ഇസ്രയേലിന് നല്‍കിയിരുന്നത്. മാത്രമല്ല, കടല്‍ മാര്‍ഗ്ഗമുള്ള ലോക വ്യാപാരവും നിലയ്ക്കും. ഇപ്പോഴും കടല്‍ മാര്‍ഗ്ഗം ലോകത്തെ വിറപ്പിക്കാനുള്ള ശേഷി, ഇറാനും അവരുടെ വിവിധ സായുധ ഗ്രൂപ്പുകള്‍ക്കും ഉണ്ടെന്ന് തന്നെയാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഹൂതികള്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നും മുങ്ങിപ്പോകാതെ, കഷ്ടിച്ചാണ് അമേരിക്കന്‍ വിമാന വാഹിനി കപ്പലുകള്‍ പോലും രക്ഷപ്പെട്ടിരുന്നത്. എന്ത് തന്നെ സംഭവിച്ചാലും, അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നത് തന്നെയാണ് ഇറാന്റെ പ്രഖ്യാപിത നിലപാട്.

Donald Trump

യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തുന്നത് രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ‘നൂറ് ശതമാനം വിരുദ്ധമാകുമെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു നിലപാട് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്. ആണവായുധം സ്വന്തമാക്കുന്നതിന്റെ അടുത്ത് നില്‍ക്കുന്ന ഇറാന്‍, ഏത് നിമിഷവും അത് സ്വന്തമാക്കുമെന്ന് തന്നെയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ്, ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ ഉപരോധങ്ങള്‍ക്ക് പുറമെ, ഇറാന്റെ ദേശീയ ടാങ്കര്‍ കമ്പനിയുമായി ബന്ധമുള്ള കുറഞ്ഞത് രണ്ട് കമ്പനികള്‍ ഉള്‍പ്പെടെ, 10 വ്യക്തികളെയും 27 സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് പുതിയ ഉപരോധം അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതൊന്നും തന്നെ, ഇറാനെയോ, അവരുടെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയെയോ, ചെറുതായിട്ട് പോലും ഉലച്ചിട്ടില്ല.

Also Read: ഒടുവില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം ‘നരകത്തിലേയ്ക്കുള്ള വാതില്‍’ എന്നറിയപ്പെടുന്ന അഗാധ ഗര്‍ത്തത്തിലെ തീ അണച്ചു

അമേരിക്ക ഉപരോധം പ്രഖ്യാപിച്ച ഉത്തര കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന്, കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഇറാന്റെ തീരുമാനം. ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍ ചിന്തിക്കുന്ന നിമിഷം തന്നെ, ഇസ്രയേലിനെ ഭൂപടത്തില്‍ നിന്നും മാറ്റുമെന്നാണ് ഇറാന്‍ സൈനിക നേതൃത്വവും പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ ഈ വെല്ലുവിളി, മാരകമായ ആയുധങ്ങള്‍ അവര്‍ ഇതിനകം തന്നെ വികസിപ്പിച്ചെടുത്തതിന്റെ സൂചനയായാണ് രഹസ്യാന്വേഷണ ഏജന്‍സികളും വിലയിരുത്തുന്നത്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത് ഹൂതികള്‍ അയച്ച നിരവധി മിസൈലുകള്‍ സമീപകാലത്ത് ഇസ്രയേലില്‍ പതിച്ചിട്ടുള്ളതിനാല്‍, ഇസ്രയേലിനും കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്.


Express View

വീഡിയോ കാണാം

Share Email
Top