‘വയനാട്ടിലെ പ്രധാനമന്ത്രിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല, അത് നാടിന് ബോധ്യപ്പെട്ടെന്ന്’ എ.എം ആരിഫ്

‘വയനാട്ടിലെ പ്രധാനമന്ത്രിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല, അത് നാടിന് ബോധ്യപ്പെട്ടെന്ന്’ എ.എം ആരിഫ്

സുരേഷ് ഗോപി ചെയ്യുന്നതെല്ലാം കോമഡിയായി മാറുകയാണെന്ന് ആലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എ.എം ആരിഫ്. ശോഭ സുരേന്ദ്രൻ പൊട്ടിക്കരഞ്ഞത് അവരുടെ ആഭ്യന്തര കാര്യമാണങ്കിലും മുൻപ് ഉപദ്രവിച്ചതിനാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞു വോട്ട് നേടിപോയ രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവ് പോലും ആകാൻ കഴിയാത്തതിനെയും എ.എം ആരിഫ് പരിഹസിച്ചു. രാഹുൽ എന്താണ് ചെയ്തതെന്ന് ജനങ്ങൾക്ക് അറിയാമെന്ന് പറഞ്ഞ അദ്ദേഹം ഒരു രാഹുൽ എഫക്ടും സംഭവിക്കാൻ പോകുന്നില്ലന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ആലപ്പുഴയിൽ വീണ്ടും വിജയം ഉറപ്പിക്കാമോ?

തീർച്ചയായും, 101% ഉറപ്പിക്കാം.

താങ്കളുടെ എതിര്‍ സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ രാജ്യസഭാ അംഗത്വം ഒഴിവാക്കിയാണ് മത്സരിക്കാനായെത്തുന്നത്. അതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

അദ്ദേഹത്തിന് രാജ്യസഭയില്‍ ഇനി രണ്ടര വര്‍ഷം കൂടി കാലാവധിയുണ്ട്. അതിനുശേഷം വീണ്ടും എംപി ആവണമെങ്കില്‍ കര്‍ണാടകയിലെ ചീഫിനോട് പറഞ്ഞാല്‍ മതി. കേന്ദ്രമന്ത്രിയാകും പ്രധനമന്ത്രിയാകുമെന്നുള്ള പ്രചാരണവുമുണ്ട്. ലോക്‌സഭയില്‍ നിന്ന് തന്നെ വരണമെന്ന് നിര്‍ബന്ധമില്ല. മന്‍മോഹന്‍ സിംങ് വന്നിട്ടുള്ളത് രാജ്യസഭയില്‍ നിന്നാണ്. അവിടെ എന്താകും എന്താകില്ല എന്നുള്ളത് വേറെകാര്യം. എങ്കിലും ഈ പ്രചാരണങ്ങള്‍ക്കൊന്നും വലിയ അര്‍ത്ഥമില്ല.

മോദിയെ തോല്പിക്കാനാണ് താങ്കളിവിടെ മത്സരിക്കുന്നതെന്നാണ് കെ സി വേണുഗോപാല്‍ പറയുന്നത്. എന്താണ് മറുപടി ?

അദ്ദേഹം മാത്രമല്ല ഞാനും മത്സരിക്കുന്നത് മോദിയെ തോല്‍പ്പിക്കാനാണ്. ഇടതുപക്ഷത്തിലെ എല്ലാവരും മോദിയെ തോല്‍പ്പിക്കാനാണ് മത്സരിക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് വെല്ലുവിളിയാകുമോ ?

കഴിഞ്ഞ തവണയോടുകൂടി ആളെ പിടികിട്ടിയല്ലോ ? എട്ട് തവണയേ ഇവിടെ വന്നിട്ടുള്ളൂ. പ്രധാനമന്ത്രിയാകാന്‍ വന്നിട്ട് പ്രതിപക്ഷ നേതാവ് പോലുമാകാന്‍ സാധിച്ചില്ല. വോട്ടും കിട്ടിയില്ല, സീറ്റും കിട്ടിയില്ല. സഭ ഇളകിമറിയുന്ന പ്രക്ഷുബ്ധസമരങ്ങളെല്ലാം നടക്കുമ്പോള്‍ അദ്ദേഹം എവിടെയാണെന്നു കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കുപോലും അറിയില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പൊട്ടിക്കരഞ്ഞിരുന്നു. അതിനെക്കുറിച്ചെന്താണ് പറയാനുള്ളത് ?

അത് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. ബിജെപിയുടെ ഭാരവാഹികള്‍ ശോഭ സുരേന്ദ്രനുമായി സഹകരിക്കുന്നില്ലായെന്ന് കാണിച്ച് അവര്‍ പരാതികൊടുത്തുവെന്ന വ്യാജവാര്‍ത്ത ചില ചാനലുകള്‍ കാണിച്ചുവെന്നാണ് അവര്‍ പറയുന്നത്. അതില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് അറിയില്ല. പറഞ്ഞ വാചകങ്ങള്‍ വെട്ടിമുറിച്ച് രണ്ടാക്കി നമ്മളെക്കുറിച്ചും ഇല്ലാത്ത കാര്യങ്ങള്‍ ബിജെപി ചാനലുകള്‍ കണക്കുന്നുണ്ട്. അവരുടെ ചെയ്തികള്‍ക്കുള്ളത് തിരികെ കിട്ടുന്നതാണെന്ന് കരുതിയാല്‍ മതി.

തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്നുണ്ട്. എങ്ങനെയാണ് അതിനെ വിലയിരുത്തുന്നത് ? കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ?

ഒരു കാരണവശാലും തുറക്കില്ല. സുരേഷ്ഗോപി നല്ല അഭിനേതാവാണ്. പക്ഷെ, ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നത് പലപ്പോഴും കോമഡി ആയിപ്പോകുന്നു.

ഈ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം എന്തായിരിക്കും ?

നമ്മുടെ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായി നിലനിര്‍ത്തുക എന്നതാണ്. കൃത്യമായ ഭൂരിപക്ഷം രണ്ട് സഭകളിലുമായാല്‍ ആര്‍എസ്എസ് രൂപീകൃതമായ നൂറാം വര്‍ഷത്തില്‍ ഇന്ത്യ ഒരു മതരാഷ്ട്രമായി പ്രഖ്യാപിക്കും. അത് ഉണ്ടാവാതിരിക്കാനുള്ള കരുതലാണ് നമുക്കിപ്പോള്‍ വേണ്ടത്. പിന്നീട് ചാതുര്‍വര്‍ണ്യ വ്യവസ്ഥയനുസരിച്ചുള്ള സംവിധാനമായിരിക്കുമെന്നാണ് പ്രഖ്യാപിച്ചതിട്ടുള്ളത്.

750 പേജുള്ള ഭരണഘടനയും ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശം പോലുമില്ല. ഇതിന്റെയെല്ലാം തെളിവ് എന്റെ പക്കലുണ്ട്. രാജ്യത്തെ പൊതുസമ്പത്ത് രണ്ട് പേര് വില്‍ക്കുന്നു, രണ്ട് പേര് വാങ്ങുന്നു. ഇതെല്ലം നേരിടാനുള്ള മതേതര ജനാധിപത്യ ശക്തികളെയാണ് രൂപപ്പെടുത്തേണ്ടിയിരിക്കുന്നത്.

അഭിമുഖത്തിൻ്റെ പൂർണ്ണരൂപം എക്സ്പ്രസ്സ് കേരള വീഡിയോയിൽ കാണുക…

Top