ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തിൽ സംഭാവന തുകയിൽ കൃത്രിമം നടന്നെന്ന ആരോപണങ്ങൾക്കിടെ, ക്ഷേത്രപരിസരത്തെ സിസിടിവി ക്യാമറകൾ മാറ്റിയതിൽ ദുരൂഹതയേറുന്നു. ഈ മാസം ഒന്നിന് ക്ഷേത്രത്തിലെ 32 സിസിടിവി ക്യാമറകളാണ് പെട്ടെന്ന് മാറ്റിസ്ഥാപിച്ചത്. സംഭാവനയായി ലഭിച്ച അത്യാധുനിക ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ബദരീനാഥ്–കേദാർനാഥ് ക്ഷേത്രകമ്മിറ്റി (ബികെടിസി) സിഇഒയുടെ വിശദീകരണം. പഴയ ക്യാമറകളിലെ ദൃശ്യങ്ങൾ സുരക്ഷിതമാണെന്നും അന്വേഷണത്തിനായി അവ കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വഴിപാട് എണ്ണുന്നതിനിടെ പണം മോഷ്ടിച്ചതായി ഭൈരവ് സേന സ്ഥാപക പ്രസിഡന്റ് സന്ദീപ് ഖത്രിയാണ് ക്ഷേത്രസമിതിക്ക് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സമിതി ചെയർമാൻ ഹേമന്ത് ദ്വിവേദി സ്ഥിരീകരിച്ചു. രാമക്ഷേത്രത്തിന് പിന്നാലെ ബദരീനാഥിലും സാമ്പത്തിക തിരിമറി ആരോപണങ്ങൾ ഉയർന്നത് രാഷ്ട്രീയ തലത്തിലും ചർച്ചയായിട്ടുണ്ട്. ബിജെപി നേതൃത്വം ആശങ്കയിലാണെന്നും കോൺഗ്രസ് ഇതിനെതിരെ ശക്തമായ പ്രചാരണം ആരംഭിച്ചെന്നുമാണ് റിപ്പോർട്ടുകൾ.






