തൃശ്ശൂർ മണ്ണുത്തിയിൽ പ്രായപൂർത്തിയാകാത്ത പതിനേഴുകാരന് മദ്യം വിറ്റ ബാറുടമയ്ക്ക് അരലക്ഷം രൂപ പിഴ. ഓഗസ്റ്റ് 31-ന് അർധരാത്രിയോടെ സ്റ്റേഷനിൽ പരാതിയുമായെത്തിയ യുവാവിന്റെ തിരിച്ചറിയൽരേഖ പരിശോധിച്ചപ്പോഴാണ് പ്രായം പതിനേഴാണെന്ന് പോലീസിന് മനസ്സിലായത്. കൂടെ മദ്യപിക്കാനെത്തിയ വ്യക്തിയുമായി ഉണ്ടായ തർക്കത്തിനും മർദനത്തിനുമെതിരെയുള്ള പരാതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്.
മദ്യപിക്കാൻ കേരളത്തിൽ പ്രായം ഇരുപത്തിമൂന്ന് വയസ്സായിരിക്കണമെന്നിരിക്കെ, നിയമം ലംഘിച്ച് മദ്യം നൽകിയതിനാണ് ബാറുടമയ്ക്കെതിരെ കേസെടുത്തത്. കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി പരാതി സ്വീകരിച്ച പോലീസ്, മർദനമേറ്റ സംഭവത്തിൽ ആറുപേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊഴുക്കുള്ളി സ്വദേശികളായ ഗണു, ജിത്തു എന്നിവരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു.






