ചൈനയിലെ ആദ്യത്തെ കോർഗി പോലീസ് നായയാണ് ഫുസായ്. ഇപ്പോഴിതാ ഫുസായ്ക്ക് വർഷാവസാന ബോണസ് നഷ്ടമായെന്ന വാർത്തയാണ് പുറത്തുവരുന്നത്. ജോലിസ്ഥലത്ത് ഉറങ്ങുകയും ഭക്ഷണം കഴിക്കാൻ നൽകിയ പാത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്ത് അച്ചടക്ക ലംഘനം നടത്തിയതുകൊണ്ടാണ് ബോണസ് നഷ്ടമായത്.
2023 ഓഗസ്റ്റ് 28-ന് ജനിച്ച കനൈൻ കോപ്പ് ആയ ഫുസായ് വടക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ വെയ്ഫാങ്ങിലെ പോലീസ് നായ പരിശീലന കേന്ദ്രത്തിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് നാലുമാസം പ്രായമുള്ളപ്പോൾ 2024 ജനുവരിയിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തൽ വിദഗ്ധനായി ജോലി ആരംഭിച്ചു.
Also Read: കുരങ്ങുകൾ ടെറസിൽ നിന്ന് തള്ളിയിട്ടു; ബിഹാറിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലുള്ള ഫുസായിയുടെ പ്രാവീണ്യവും എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവവും ചെറിയ കാലുകളോടു കൂടിയ അതിന്റെ ശരീര പ്രകൃതിയുമായിരുന്നു നെറ്റിസൺമാരെ ആകർഷിച്ചിരുന്നത്. രണ്ട് മാസം പ്രായമുള്ളപ്പോൾ യഥാർത്ഥ ഉടമയ്ക്കൊപ്പം പാർക്കിലെത്തിയ ഫുസായിയുടെ കഴിവ് തിരിച്ചറിഞ്ഞത് അവിടെ ഉണ്ടായിരുന്ന പോലീസ് ഡോഗ് ട്രെയിനറായ ഷാവോ ക്വിൻഷുവായ് ആണ്.
തുടർന്ന് ഫുസായിയെ ഉടമ പോലീസ് നായ പരിശീലന കേന്ദ്രത്തിലേക്ക് സംഭാവന നൽകുകയായിരുന്നു. 2024 ഒക്ടോബറിൽ ആണ്, ഫുസായി അതിൻ്റെ റിസർവ് പദവിയിൽ നിന്ന് ബിരുദം നേടി, പൂർണ്ണ യോഗ്യതയുള്ള ഒരു പോലീസ് നായയായത്. വെയ്ഫാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഇപ്പോൾ ഫുസായ്ക്ക് ബോണസ് നഷ്ടമായ കഥ പങ്കുവെച്ചത്.