ദോഹ: ഖത്തറിൽ സുഹൈലിലെ അവസാന നക്ഷത്രമായ അൽ സർഫ ഉദിച്ചു. ഇപ്പോൾ ചൂട് കുറഞ്ഞു വരുന്നുണ്ട്. രാജ്യത്തെ ചൂട് കുറയുന്നതിൻറെ സൂചനയായാണ് ഈ നക്ഷത്രത്തിൻറെ ഉദയത്തെ കണക്കാക്കുന്നത്. ഒക്ടോബർ 3 ശനിയാഴ്ച രാത്രി അൽ സർഫ ഉദിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നേരത്തെ അറിയിച്ചിരുന്നു.
ചൂട് കുറഞ്ഞു വരുന്ന സമയത്ത് പ്രത്യക്ഷപ്പെടുന്നതിനാലാണ് അൽ സർഫ എന്ന പേര് വന്നത്. ഈ കാലയളവിൽ ഈർപ്പം കുറയുകയും പകൽ സമയങ്ങളിൽ ആകാശം മേഘാവൃതമാവുകയും ചെയ്യും. പകൽ സമയത്തെ ചൂട് കുറയുകയും രാത്രിയിൽ കാലാവസ്ഥ കൂടുതൽ മിതമാവുകയും നേരിയ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഈ കാലയളവിൽ പകൽ സമയത്തിന്റെ ദൈർഘ്യവും കുറഞ്ഞുവരും. 13 ദിവസം വരെ അൽ സർഫ നക്ഷത്രം നീണ്ടുനിൽക്കും.






