ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധക്കാഹളം മുഴങ്ങുകയും ആഗോളതലത്തിൽ സമാധാനാന്തരീക്ഷം തകരുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യുക്രെയ്നിലെയും മിഡിൽ ഈസ്റ്റിലെയും കടുത്ത സംഘർഷങ്ങൾ ലോകത്തെ വൻകിട രാജ്യങ്ങളുടെ പോലും ഉറക്കം കെടുത്തിയിരിക്കുന്നു. ഈ യുദ്ധഭൂമിയിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് വ്യോമ പ്രതിരോധ സ്റ്റോക്കുകളുടെയും മിസൈൽ ഇന്റർസെപ്റ്ററുകളുടെയും കടുത്ത ക്ഷാമമാണ്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ ആയുധപ്പുരകൾ കാലിയാക്കിക്കൊണ്ട് യുക്രെയ്നിലേക്ക് ആയുധങ്ങൾ ഒഴുക്കുമ്പോൾ, ആഗോളതലത്തിൽ പുതിയൊരു പ്രതിരോധ ശൂന്യത രൂപപ്പെടുകയാണ്. എന്നാൽ, ഈ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് വൻകിട ശക്തികളുടെ കുത്തകകളെ വെല്ലുവിളിച്ച് ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ കരുത്ത് ലോകത്തിന്റെ നെറുകയിലേക്ക് ഒരു വിജയഗാഥയായി ഉയർന്നു വരുന്നത്. വിദേശ ശക്തികളുടെ സഹായത്തിനായി കൈനീട്ടി നിന്നിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന്, സ്വന്തം കാലിൽ ഉറച്ചുനിൽക്കുകയും ലോകത്തിന് തന്നെ സുരക്ഷാ കവചം തീർക്കുകയും ചെയ്യുന്ന ഒരു പുതിയ ഇന്ത്യയെയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ ചരിത്രപരമായ മുന്നേറ്റത്തെക്കുറിച്ച് പ്രമുഖ ആഗോള വാർത്താ ഏജൻസിയായ വിയോൺ വളരെ വിശദമായ റിപ്പോർട്ടുകളാണ് പുറത്തുവിട്ടിട്ടുള്ളത്.
ഈ വിജയവഴിയിലെ ഏറ്റവും തിളക്കമാർന്ന അധ്യായമാണ് ‘ആകാശ്’ എന്ന മിസൈൽ സംവിധാനം. 1983-ൽ ആദ്യമായി വിഭാവനം ചെയ്യപ്പെടുകയും, നീണ്ട വർഷത്തെ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിൽ 2007-ൽ ഔദ്യോഗികമായി സേനയുടെ ഭാഗമാവുകയും ചെയ്ത ആകാശ്, ഇന്ന് ലോക രാജ്യങ്ങൾ വടതടയാതെ അന്വേഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അർമേനിയയായിരുന്നു ഈ തദ്ദേശീയ വിസ്മയത്തിന്റെ ആദ്യ ഉപഭോക്താവെങ്കിലും, താജിക്കിസ്ഥാനിലേക്കും തുർക്ക്മെനിസ്ഥാനിലേക്കും ആകാശ് കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ, ബ്രസീൽ, ഈജിപ്ത്, ഫിലിപ്പീൻസ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം ആകാശ് മിസൈൽ സംവിധാനം സ്വന്തമാക്കാൻ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അമേരിക്കയുടെ പാട്രിയറ്റ് അല്ലെങ്കിൽ താഡ് പോലുള്ള കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന വൻകിട വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ സാമ്പത്തികമായി ശേഷിയില്ലാത്ത രാജ്യങ്ങൾക്ക്, അതികഠിനമായ വ്യോമ ഭീഷണികളെ പ്രതിരോധിക്കാൻ കഴിയുന്ന കുറഞ്ഞ ചെലവിലുള്ള മികച്ചൊരു ബദലായിട്ടാണ് ആകാശ് ഇന്ന് ആഗോള വിപണിയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത ആകാശ്, അത്യാധുനിക സവിശേഷതകൾ കൊണ്ട് സമ്പന്നമായ ഒരു മധ്യദൂര ഉപരിതല-വായു മിസൈൽ സംവിധാനമാണ്. മൾട്ടി-സെൻസർ ഡാറ്റ പ്രോസസ്സിംഗ് കൈകാര്യം ചെയ്യാനുള്ള ഇതിന്റെ അപാരമായ കഴിവ് ഈ ആയുധത്തെ മറ്റ് എതിരാളികളിൽ നിന്ന് വേറിട്ടുനിർത്തുന്നു. 25 കിലോമീറ്റർ ചുറ്റളവിൽ വരുന്ന ശത്രുനീക്കങ്ങളെ മിന്നൽ വേഗത്തിൽ തിരിച്ചറിയാൻ ഇതിന് സാധിക്കും. യുദ്ധവിമാനങ്ങൾ മുതൽ മിസൈലുകളും ഡ്രോണുകൾ വരെയുള്ള ഒരേസമയം ഒന്നിലധികം വ്യോമ ഭീഷണികളെ ഫലപ്രദമായി ട്രാക്ക് ചെയ്ത് ആകാശത്തുവെച്ചുതന്നെ തകർത്തുതരിപ്പണമാക്കാൻ ആകാശിന് സാധിക്കുമെന്നത് ഇതിന്റെ മാരകമായ ശേഷിയാണ് വിളിച്ചോതുന്നത്. കഴിഞ്ഞ വർഷം നടന്ന ഓപ്പറേഷൻ സിന്ദൂരിൽ, ഇത്തരം തദ്ദേശീയ സംവിധാനങ്ങൾ രാജ്യത്തിന്റെ സുരക്ഷയിൽ വഹിച്ച പങ്ക് ചരിത്രത്തിൽ സ്വർണ്ണാക്ഷരങ്ങളിൽ എഴുതപ്പെടേണ്ട ഒന്നാണ്. ഇതിന്റെ തുടർച്ചയെന്നോണം, കഴിഞ്ഞ വർഷം ഡിസംബറിൽ ഡി.ആർ.ഡി.ഒ അടുത്ത തലമുറ ആകാശ് മിസൈലിന്റെ ഉപയോക്തൃ മൂല്യനിർണ്ണയ പരീക്ഷണങ്ങൾ തികഞ്ഞ വിജയത്തോടെ പൂർത്തിയാക്കുകയുണ്ടായി. സങ്കീർണ്ണമായ ഏത് വ്യോമ ഭീഷണിയെയും ഒരേസമയം നേരിടാനും തടയാനുമുള്ള രാജ്യത്തിന്റെ കഴിവിനെയാണ് ഇത് കൂടുതൽ കരുത്തുറ്റതാക്കുന്നത്.
Also Read: നരേന്ദ്ര മോദി ഇടപെട്ടില്ലായിരുന്നെങ്കിൽ യുക്രൈയിനിൽ റഷ്യ ആണവ ബോബ് വർഷിക്കുമായിരുന്നു… !
ആകാശിന്റെ ഈ കുതിച്ചുചാട്ടത്തിനൊപ്പം തന്നെ ഇന്ത്യയുടെ മറ്റൊരു മാരക ആയുധമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലും രാജ്യത്തിന്റെ പ്രധാന കയറ്റുമതി ഉൽപ്പന്നമായി അതിവേഗം വളരുകയാണ്. ഇന്ത്യൻ പ്രതിരോധ സെക്രട്ടറിയുടെ കണക്കുകൂട്ടലുകൾ പ്രകാരം, ബ്രഹ്മോസ് കയറ്റുമതി വരുമാനം അതിശയിപ്പിക്കുന്ന രീതിയിൽ 600 മില്യൺ അമേരിക്കൻ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി ബ്രഹ്മോസ് വിൽക്കുന്നതിനുള്ള സുപ്രധാന കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചുകഴിഞ്ഞു. ഇത് ഏഷ്യൻ മേഖലയിൽ ഇന്ത്യയുടെ സ്വാധീനവും ആധിപത്യവും കൂടുതൽ ദൃഢമാക്കുന്നതിന് കാരണമായിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇത്തരം വലിയ ഓർഡറുകൾ ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
ആഭ്യന്തര തലത്തിൽ ആയുധ നിർമ്മാണം വൻതോതിൽ വർദ്ധിപ്പിച്ച ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ വിജയമാണ് യഥാർത്ഥത്തിൽ ഈ നേട്ടങ്ങൾക്ക് പിന്നിൽ. ഇന്ന് ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് പീരങ്കി സംവിധാനങ്ങളും അത്യാധുനിക മിസൈലുകളും ഉൾപ്പെടെയുള്ള വിവിധതരം പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി നാല് ബില്യൺ അമേരിക്കൻ ഡോളർ കവിഞ്ഞിരിക്കുന്നു. തൊട്ടുപിറകിലെ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 62 ശതമാനത്തിന്റെ വൻ വർദ്ധനവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. ലോകവേദിയിൽ കേവലം ഒരു ആയുധ ഇറക്കുമതി രാജ്യമായി മാത്രം അറിയപ്പെട്ടിരുന്ന ഇന്ത്യ, ഇന്ന് ആഗോള വിപണിയിലേക്ക് ആയുധങ്ങൾ ചെയ്യുന്ന കരുത്തുറ്റ ഒരു ആയുധ നിർമ്മാതാവായി വളർന്നിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് കൂടിയാണിത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






