അജ്മാൻ: വെറ്ററിനറി നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിയമ നടപടി കടുപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി. കാലാവധി കഴിഞ്ഞ വെറ്ററിനറി ഉൽപ്പന്നങ്ങൾ സുരക്ഷിതമായ രീതിയിൽ സംസ്കരിക്കണമെന്ന് എമിറേറ്റിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങൾക്കും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങളുടെ കാലാവധി കഴിഞ്ഞാൽ മൂന്നു മാസത്തിനുള്ളിൽ അവ ശരിയായ രീതിയിൽ തന്നെ സംസ്കരിക്കണമെന്നും അധികൃതർ പറഞ്ഞു.
നിയമം ലംഘിക്കുന്നവർക്ക് 10,000 ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓൺ-കോൾ വെറ്ററിനറി ഡോക്ടർമാർക്ക് വെറ്ററിനറി സേവനങ്ങൾ പരിശീലിക്കുന്നതിന് സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, സ്ഥാപനങ്ങൾക്ക് മന്ത്രാലയം നൽകുന്ന ഫെസിലിറ്റി ലൈസൻസ്, പൊതുജനാരോഗ്യ കീട നിയന്ത്രണ കരാർ, വെറ്ററിനറി വസ്തുക്കൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള കരാർ, വെറ്ററിനറി ഉൽപ്പന്നങ്ങൾക്കായുള്ള വാങ്ങൽ, വിൽപ്പന ഇൻവോയ്‌സുകൾ തുടങ്ങിയ രേഖകളും ഉണ്ടായിരിക്കണം.
Also Read: അജ്മാനിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി നഗരസഭ
ക്ലിനിക്കുകൾ, ഫാർമസികൾ പോലുള്ള വെറ്ററിനറി സ്ഥാപനങ്ങൾ നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുമെന്ന് അജ്മാനിലെ പൊതു ആരോഗ്യ മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഖാലിദ് മൊയീൻ അൽ ഹൊസാനി പറഞ്ഞു. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10,000 ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തുകയും വെറ്ററിനറി ഉൽപ്പന്നങ്ങൾ കണ്ടുെകെട്ടുകയും ചെയ്യും.