ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് തീവ്രവാദ വിരുദ്ധ നടപടികളുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ നൽകുന്ന പിന്തുണയെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-ചൈന ബന്ധങ്ങളിലെ സമീപകാല പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്തതായും വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞു. അതേസമയം ഇന്ത്യ-ചൈന ബന്ധത്തിൽ ചില നല്ല പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കൂടിക്കാഴ്ചയിൽ വാങ് ചൂണ്ടിക്കാട്ടി. കൂടാതെ , സെൻസിറ്റീവ് വിഷയങ്ങൾ ശരിയായി കൈകാര്യം ചെയ്യണമെന്നും, അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ക്യാന്‍സര്‍ രോഗിയായ മുത്തശ്ശിയെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച് കൊച്ചുമകൻ
2020 മെയ് മാസത്തിൽ കിഴക്കൻ ലഡാക്കിൽ സൈനിക സംഘർഷം ആരംഭിച്ചതിനുശേഷം ഉഭയകക്ഷി ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ന്യൂഡൽഹിയും ബെയ്‌ജിങും നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഈ സന്ദർശനത്തെ കാണുന്നത്. കൂടാതെ നയതന്ത്ര ഇടപെടലുകളിലൂടെ വിശ്വാസം പുനർനിർമ്മിക്കുന്നതിനായി ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നതിനാൽ ഇന്ത്യ-ചൈന ബന്ധങ്ങളിൽ ഈ സന്ദർശനങ്ങൾ ഒരു സുപ്രധാന ചുവടുവയ്പ്പാണ്.