രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ ഡാറ്റാ പ്ലാനുകളിൽ നിശ്ശബ്ദമായി മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി, ഭാരതി എയർടെൽ 30 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന രണ്ട് ‘ഡാറ്റ-ഒൺലി’ പ്രീപെയ്ഡ് പ്ലാനുകൾ നിര്‍ത്തലാക്കിയതായി ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്‌തു. ഒടിടി ആനുകൂല്യങ്ങൾ സഹിതം അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്തിരുന്ന 121 രൂപയുടെയും 181 രൂപയുടെയും പ്ലാനുകളാണ് എയർടെൽ പിൻവലിച്ചത്. നിലവിലുള്ള റീചാർജ് പ്ലാനുകളിൽ ഡാറ്റ ടോപ്പ് അപ്പ് ചെയ്യാൻ എയർടെൽ ഉപഭോക്താക്കൾ ഈ രണ്ട് പ്ലാനുകളെയും പ്രധാനമായും ഉപയോഗിച്ചിരുന്നു.
പിൻവലിച്ച എയർടെൽ 121 രൂപയുടെ പ്ലാനിൽ എയർടെൽ താങ്ക്സ് ആപ്പ് വഴി റീചാർജ് ചെയ്യുമ്പോൾ ആകെ 8 ജിബി ഡാറ്റയാണ് (6 ജിബി ബേസ് + 2 ജിബി അധിക ഡാറ്റ) 30 ദിവസത്തേക്ക് ലഭിച്ചിരുന്നത്. അതേസമയം, 181 രൂപയുടെ പ്ലാൻ 30 ദിവസത്തേക്ക് 15 ജിബി ഡാറ്റയും എയർടെൽ എക്സ്ട്രീം പ്ലേയുടെ പ്രീമിയം സബ്സ്ക്രിപ്ഷനും നൽകിയിരുന്നു. ഇതിലൂടെ നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ, സോണിലിവ് ഉൾപ്പെടെ 25-ൽ അധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ലഭിച്ചിരുന്നു. ഈ രണ്ട് പ്ലാനുകൾ ഒഴിവാക്കിയതോടെ, 30 ദിവസം വാലിഡിറ്റിയുള്ള റീചാർജ് ഓപ്ഷനുകളായി എയർടെൽ ഇപ്പോൾ 100, 161, 195, 361 രൂപയുടെ പ്ലാനുകളാണ് നൽകുന്നത്.
121 രൂപയുടെ ഡാറ്റാ പായ്ക്ക് നിർത്തലാക്കിയതോടെ, എയർടെൽ താങ്ക്സ് ആപ്പ് വഴി റീചാർജ് ചെയ്യുമ്പോൾ ലഭിച്ചിരുന്ന എക്സ്‌ക്ലൂസീവ് അധിക ഡാറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളുടെ എണ്ണത്തിൽ കുറവുണ്ടായി. നിലവിൽ, 77 രൂപയുടെ ഡാറ്റാ പായ്ക്ക് മാത്രമാണ് ആപ്പ് വഴി റീചാർജ് ചെയ്യുമ്പോൾ അധിക ഡാറ്റാ ആനുകൂല്യം നൽകുന്നതെന്നാണ് ടെലികോം ടോക്കിന്റെ റിപ്പോർട്ട്. 121 രൂപ, 181 രൂപ പ്ലാനുകൾ നീക്കം ചെയ്തതോടെ, ഡാറ്റ മാത്രം ആവശ്യമുള്ള എയർടെൽ വരിക്കാർക്ക് ഇനി മറ്റ് പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടതായി വരും.






