വായുവിലൂടെ പടരുന്ന രോഗങ്ങൾ; പൊതുസ്ഥലങ്ങളിലെ തുപ്പൽ നിസ്സാരമായി കാണരുത്

നിസ്സാരമായ ഒരു ജലദോഷപ്പനി മുതൽ ശ്വാസകോശത്തെ പൂർണ്ണമായും തകർക്കുന്ന ക്ഷയരോഗം വരെയുള്ള മാരക രോഗങ്ങളുടെ വ്യാപനത്തിന് ഇത്തരം മോശം ശീലങ്ങൾ കാരണമാകുന്നുണ്ട്

വായുവിലൂടെ പടരുന്ന രോഗങ്ങൾ; പൊതുസ്ഥലങ്ങളിലെ തുപ്പൽ നിസ്സാരമായി കാണരുത്
വായുവിലൂടെ പടരുന്ന രോഗങ്ങൾ; പൊതുസ്ഥലങ്ങളിലെ തുപ്പൽ നിസ്സാരമായി കാണരുത്

പൊതുസ്ഥലങ്ങളിൽ മാന്യതയില്ലാതെ വായ മൂടാതെ ചുമയ്ക്കുന്നതും കാർക്കിച്ചു തുപ്പുന്നതും സമൂഹത്തോട് ചെയ്യുന്ന വലിയൊരു ദ്രോഹമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. നിസ്സാരമായ ഒരു ജലദോഷപ്പനി മുതൽ ശ്വാസകോശത്തെ പൂർണ്ണമായും തകർക്കുന്ന ക്ഷയരോഗം വരെയുള്ള മാരക രോഗങ്ങളുടെ വ്യാപനത്തിന് ഇത്തരം മോശം ശീലങ്ങൾ കാരണമാകുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ അന്തരീക്ഷത്തിലേക്ക് തുറന്നുവിടുന്ന അണുക്കൾ വലിയൊരു ജനവിഭാഗത്തെയാണ് രോഗബാധിതരാക്കുന്നത്. കോവിഡ്, ഇൻഫ്ലുവൻസ വൈറസുകൾ എന്നിവയും ഇത്തരത്തിൽ വായുവിലൂടെ അതിവേഗം പടരുന്നവയാണ്.

ഒരു രോഗബാധിതൻ വായ മൂടാതെ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, പൊതുസ്ഥലത്തേക്ക് കാർക്കിച്ചു തുപ്പുമ്പോഴോ ലക്ഷക്കണക്കിന് രോഗാണുക്കൾ അടങ്ങിയ സ്രവക്കണികകളാണ് അന്തരീക്ഷത്തിലേക്ക് തെറിക്കുന്നത്. സമീപത്ത് നിൽക്കുന്നവർ ഈ വായു ശ്വസിക്കുന്നതിലൂടെ അണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും അവർ രോഗികളായി മാറുകയും ചെയ്യുന്നു. ഇനി തുപ്പിയ സ്രവം ഉണങ്ങിപ്പോയാൽ പോലും, അതിലെ ജലാംശം നഷ്ടപ്പെട്ട് അണുക്കൾ അന്തരീക്ഷ വായുവിൽ പൊടിപടലങ്ങളോടൊപ്പം ഉയർന്നു പറക്കും. ഇത് ശ്വസിക്കുന്നവരിലേക്കും രോഗം പടരുമെന്നതാണ് ഇതിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന വശം.

Also Read: കാതുകൾ വൃത്തിയാക്കുമ്പോൾ സൂക്ഷിക്കുക; നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ കേൾവിശക്തിയെ ബാധിക്കുന്നുണ്ടോ?

കേരളത്തിൽ വായുവിലൂടെ പകരുന്ന രോഗങ്ങളിൽ ഏറ്റവും കൂടുതൽ ജാഗ്രത പുലർത്തേണ്ടത് ക്ഷയരോഗത്തെ തന്നെയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനമനുസരിച്ച് ദേശീയ ശരാശരിയേക്കാൾ കുറവാണ് കേരളത്തിലെ ടി.ബി നിരക്കെങ്കിലും ഭീതി ഒഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ലക്ഷത്തിൽ 115 പേർക്ക് ക്ഷയരോഗം ബാധിക്കുമ്പോൾ ദേശീയതലത്തിൽ ഇത് 312 ആണ്. കഴിഞ്ഞവർഷത്തെ നിക്ഷയ് പോർട്ടലിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 19,471 പേർ ക്ഷയരോഗത്തിന് ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ കണ്ണൂർ ജില്ലയിൽ മാത്രം 1433 പേർ ചികിത്സയിലുണ്ട്.

ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം കഴിഞ്ഞവർഷം മാത്രം സംസ്ഥാനത്ത് 1838 പേർ ക്ഷയരോഗം മൂലം മരണപ്പെട്ടു എന്നതാണ്. സാധാരണ മരുന്നുകളോട് പ്രതികരിക്കാത്ത മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ടി.ബി. കേസുകൾ സംസ്ഥാനത്ത് 154 ഉം കണ്ണൂരിൽ 12 ഉം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015 മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ക്ഷയരോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും, പൂർണ്ണമായ നിർമ്മാർജ്ജനത്തിന് പൊതുസ്ഥലങ്ങളിലെ വ്യക്തിശുചിത്വം കർശനമാക്കണം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നിർബന്ധമായും തൂവാല കൊണ്ട് മുഖം മറയ്ക്കുകയും, രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും വേണം. തുപ്പൽ മര്യാദകൾ പാലിക്കുന്നതിലൂടെയും പൊതുവിടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും മാത്രമേ വായുവിലൂടെയുള്ള പകർച്ചവ്യാധികളെ നമുക്ക് തടഞ്ഞുനിർത്താൻ സാധിക്കൂ.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top