ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനി നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, വിമാനയാത്രാനിരക്ക് കുത്തനെ വർധിപ്പിക്കുന്ന മറ്റ് വിമാനക്കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ ശക്തമായി ഇടപെട്ടു. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുകയാണ്. ഈ നിശ്ചിത പരിധിക്ക് മുകളിലുള്ള നിരക്ക് ഒരു കാരണവശാലും വിമാനക്കമ്പനികൾക്ക് ഇനി മുതൽ ഈടാക്കാൻ സാധിക്കില്ല. കോവിഡ് മഹാമാരിയുടെ സമയത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം മുൻപ് ഏർപ്പെടുത്തിയിരുന്നത്. വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
പുതിയ ഉത്തരവ് പ്രകാരം, ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം ദൂരപരിധിക്കനുസരിച്ച് പരമാവധി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. 500 കിലോമീറ്റർ വരെ യാത്രാദൂരത്തിന് 7,500 രൂപയും, 500 മുതൽ 1000 കിലോമീറ്റർ വരെ ദൂരത്തിന് 12,000 രൂപയും, ആയിരം കിലോമീറ്റർ മുതൽ 1,500 കിലോമീറ്റർ വരെ ദൂരത്തിന് 15,000 രൂപയും, 1,500 കിലോമീറ്ററിനു മുകളിൽ 18,000 രൂപയുമാണ് പരമാവധി പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.
ഈ നിരക്ക് ഇക്കോണമി ടിക്കറ്റുകൾക്ക് മാത്രമാണ് ബാധകം. യൂസർ ഡെവലപ്‌മെന്റ് ഫീസ് (UDF), പാസഞ്ചർ സർവീസ് ഫീസ് (PSF), നികുതി എന്നിവ ഈ നിശ്ചിത പരിധിക്ക് പുറമേയാണ് ഈടാക്കുക. അതേസമയം, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കും കേന്ദ്രസർക്കാരിന്റെ ‘ഉഡാൻ’ (UDAN) പദ്ധതി പ്രകാരമുള്ള വിമാന സർവീസുകൾക്കും ഈ നിരക്ക് നിയന്ത്രണം ബാധകമായിരിക്കില്ല. അടിയന്തര സാഹചര്യങ്ങൾ മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ ഈ നിയന്ത്രണം സഹായിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.






