ഡല്‍ഹി: അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സിലെ വിവരങ്ങള്‍ ഡല്‍ഹിയിലെ പുതിയ ‘ബ്ലാക്‌ബോക്‌സ് ലാബി’ല്‍ പരിശോധിക്കും. ഏപ്രിലില്‍ ഉദ്ഘാടനം ചെയ്ത ലാബില്‍ പരിശോധിക്കുന്ന ആദ്യ ബ്ലാക്‌ബോക്‌സ് ആണിത്. ബ്ലാക്‌ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെങ്കില്‍ മാത്രമേ വിദേശ ലാബുകളിലേക്ക് അയയ്ക്കാന്‍ സാധ്യതയുള്ളൂ.
വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ഉഡാന്‍ ഭവനില്‍ ഏവിയേഷന്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) 9 കോടി രൂപ ചെലവിലാണു ലാബ് സജ്ജീകരിച്ചത്. അതുവരെ ഡിജിസിഎയിലെ സമാന സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഈ സംവിധാനം പഴയതായതിനാല്‍ ഡേറ്റ കൃത്യമായി എടുക്കാന്‍ കഴിയുമായിരുന്നില്ല. ഇതെത്തുടര്‍ന്നാണ് പലപ്പോഴും ബ്ലാക്‌ബോക്‌സുകള്‍ വിദേശത്തേക്ക് അയച്ചിരുന്നത്.
Also Read: അഹമ്മദാബാദ് വിമാനാപകടം; 47 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, 24 പേരുടെ മൃതദേഹങ്ങള്‍ കൈമാറി
ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡേറ്റ റിക്കോര്‍ഡര്‍ (ഡിഎഫ്ഡിആര്‍), കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍ (സിവിആര്‍) എന്നിവയടങ്ങുന്നതാണു ബ്ലാക്‌ബോക്‌സ് സംവിധാനം. കോക്പിറ്റില്‍ പൈലറ്റുമാരുടെ സംഭാഷണമടക്കം റിക്കോര്‍ഡ് ചെയ്യുന്നതു സിവിആറിലാണ് വിമാനത്തിലെ ഓരോ സാങ്കേതികപ്രവര്‍ത്തനവും റിക്കോര്‍ഡ് ചെയ്യുന്നത് ഡിഎഫ്ഡിആറിലും. രണ്ടിലെയും വിവരങ്ങള്‍ ഒരുമിപ്പിച്ചാല്‍ എന്താണ് അപകടത്തിനു മുന്‍പ് സംഭവിച്ചതെന്നു പുനരാവിഷ്‌കരിക്കാനാകും.