ഇന്ത്യയിലെ സംഘടിത തൊഴിൽ മേഖലയുടെ പ്രധാന കരുത്തായി ‘ജെൻ സി’ യുവതലമുറ മാറുന്നു. 2026 സാമ്പത്തിക വർഷത്തിൽ പുതുതായി ആരംഭിച്ച ഇ.പി.എഫ്.ഒ യൂണിഫൈഡ് അക്കൗണ്ട് നമ്പറുകളിൽ 79 ശതമാനവും 18-നും 30-നും ഇടയിൽ പ്രായമുള്ളവരുടേതാണെന്ന് പ്രമുഖ സ്റ്റാഫിംഗ് കമ്പനിയായ ക്വസ് കോർപ്പിന്റെ ‘പൾസ് FY2026’ റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുവതലമുറ ഗിഗ് അല്ലെങ്കിൽ അസംഘടിത മേഖലകളേക്കാൾ സാമൂഹിക സുരക്ഷ ഉറപ്പുനൽകുന്ന ഫോർമൽ തൊഴിലുകളിലേക്ക് കടന്നുവരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. പുതിയ രജിസ്ട്രേഷനുകളിൽ 35 ശതമാനത്തിലധികവും 21-25 പ്രായപരിധിയിലുള്ളവരാണ്. ആകെ ജീവനക്കാരുടെ 69 ശതമാനവും ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ളവരാണെന്നത് ചെറിയ നഗരങ്ങളുടെ തൊഴിൽ വളർച്ചയെ ചൂണ്ടിക്കാണിക്കുന്നു.
Also Read: എണ്ണവില വർദ്ധനവും പണപ്പെരുപ്പ ആശങ്കകളും തിരിച്ചടിയായി; ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 0.4 ശതമാനം ഇടിവ്
പുതിയ ഇ.പി.എഫ്.ഒ രജിസ്ട്രേഷനുകളിൽ 28 ശതമാനവും അപ്രന്റീസ്ഷിപ്പ് കരാറുകളുടെ 26 ശതമാനവും വനിതകൾ സ്വന്തമാക്കി. പുതിയ ജീവനക്കാരിൽ 96 ശതമാനം പേർ പത്താം ക്ലാസും 61% പേർ പ്ലസ് ടുവോ അതിലധികമോ 30 ശതമാനം പേർ ബിരുദ/ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയവരാണ്. ഓട്ടോമോട്ടീവ് മേഖല കേന്ദ്രീകരിച്ച് നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം വഴി 64,000 അപ്രന്റീസ്ഷിപ്പ് കരാറുകൾ ലഭ്യമാക്കിയത് ഫോർമൽ മേഖലയിലേക്കുള്ള കടന്നുവരവിന് ആക്കം കൂട്ടി.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






