റഷ്യക്കെതിരായ യുദ്ധത്തിൽ സൈനിക നവീകരണം ലക്ഷ്യമിട്ട് അമേരിക്കൻ ഡിഫൻസ് സ്റ്റാർട്ടപ്പുകളുമായി പങ്കാളിത്തം ശക്തമാക്കാൻ ഒരുങ്ങി യുക്രയ്ൻ. യുദ്ധമുഖത്തെ തങ്ങളുടെ പ്രായോഗിക അനുഭവസമ്പത്തും അമേരിക്കൻ സാങ്കേതിക കമ്പനികളുടെ മികവും സംയോജിപ്പിച്ച് പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് യുക്രയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്‌കിയുടെ നീക്കം.
സിബിഎസ് ന്യൂസിന്റെ ‘ഫേസ് ദ നേഷൻ’ പരിപാടിയിൽ സംസാരിക്കവെയാണ് സെലെൻസ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത നൂതന എഐ സാങ്കേതിക സംവിധാനങ്ങൾ അമേരിക്കൻ ടെക് കമ്പനികളുടെ പക്കലുണ്ട്. തങ്ങൾ ലക്ഷ്യമിടുന്ന ഈ സഹകരണം ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം ചർച്ചകൾ ഉടൻ തന്നെ പ്രായോഗിക നടപടികളിലേക്ക് നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ബാറ്ററി കരുത്തിൽ വിവോയുടെ പുതിയ തരംഗം; എസ്60, എസ്60ഇ സ്മാർട്ട്ഫോണുകൾ വിപണിയിൽ
റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് അതിവേഗ സൈനിക നവീകരണമാണ് യുക്രയ്ൻ നടത്തിവരുന്നത്. ഡ്രോൺ സാങ്കേതികവിദ്യയിലും ഡ്രോണുകളെ പ്രതിരോധിക്കുന്ന സംവിധാനങ്ങളിലും യുക്രൈൻ കൈവരിച്ച നേട്ടം ആഗോളതലത്തിൽ പ്രതിരോധ വിദഗ്ധരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിർമിതബുദ്ധിയെക്കൂടി സൈന്യത്തിന്റെ ഭാഗമാക്കാൻ സെലെൻസ്‌കി തയ്യാറെടുക്കുന്നത്.
അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ പിന്തുണയോടെ സിലിക്കൺ വാലിയിലെ കമ്പനികൾ സ്വയംഭരണ സൈനിക സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ‘ആൻഡുരിൽ’ പോലുള്ള പ്രമുഖ ടെക് സ്റ്റാർട്ടപ്പുകൾ ആളില്ലാത്ത അത്യാധുനിക ആയുധ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനായി വൻതോതിൽ ഫണ്ട് സ്വരൂപിച്ചുകഴിഞ്ഞു. അമേരിക്കൻ സൈന്യം എഐ അടക്കമുള്ള സാങ്കേതികവിദ്യകളെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഈ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കും വലിയ നേട്ടങ്ങൾ സമ്മാനിക്കുമെന്നാണ് വിലയിരുത്തൽ.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






