ന്യൂഡൽഹി: യഥാർഥ സിസിടിവി ദൃശ്യങ്ങളെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ എഐ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങളും പോസ്റ്ററുകളും നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ 24കാരൻ അറസ്റ്റിൽ. സെൻട്രൽ ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വിവാദത്തിന് പിന്നാലെയാണ് സംഭവം. ഹരിയാനയിലെ പാൽവൽ സ്വദേശിയായ നദീം അഹമ്മദിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് വിവേക് ഭഗത് ഒരു വനിതാ മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് യഥാർഥ സിസിടിവി ദൃശ്യങ്ങളെന്ന തരത്തിൽ എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ റീലുകളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിലൊരു പോസ്റ്ററിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്ത്രീയെ മോശമായി സ്പർശിക്കുന്നതായി തോന്നിപ്പിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ മാതൃകയിലുള്ള ചിത്രവും ഉൾപ്പെടുത്തിയിരുന്നു.
ഡൽഹി പൊലീസിന്റെ സമൂഹമാധ്യമ മോണിറ്ററിങ് സെല്ലാണ് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പ്രചരിച്ച വ്യാജ എഐ ദൃശ്യങ്ങൾ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള നദീം അഹമ്മദ് പ്രതിഷേധങ്ങൾക്ക് മുന്നോടിയായി ഇൻസ്റ്റഗ്രാമിൽ ഒരു ചാനൽ ആരംഭിച്ചിരുന്നുവെന്ന് ന്യൂഡൽഹി അഡീഷനൽ ഡപ്യൂട്ടി കമ്മിഷണർ മഞ്ജീത് ഷിയോറൻ പറഞ്ഞു. നിലവിൽ ചാനലിന് 24,000ത്തിലധികം ഫോളോവേഴ്‌സുണ്ട്. ഡൽഹി പൊലീസിന്റെ പ്രതിച്ഛായ തകർക്കുക, പ്രദേശത്തെ ക്രമസമാധാന നില തകർക്കുക, പ്രതിഷേധക്കാരെ പൊലീസിനെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുക എന്നിവയായിരുന്നു വ്യാജ ഉള്ളടക്കം നിർമിച്ചതിന്റെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഒക്ടോബർ മൂന്നിനാണ് വ്യാജ ഉള്ളടക്കം നിർമിച്ചതെന്നും ഒക്ടോബർ നാലിന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ആസൂത്രിത ഗൂഢാലോചനയുണ്ടോ, പ്രതിക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ ദൃശ്യങ്ങൾ യഥാർഥ സംഭവങ്ങളുടെ തെളിവുകളെന്ന രീതിയിൽ പ്രചരിച്ചതാണ് കേസിൽ പ്രധാനമായും അന്വേഷണവിധേയമാകുന്നത്.






