ഐ ഒ എസ് 18 ല്‍ എ ഐ ഫീച്ചറുകള്‍

ഐ ഒ എസ് 18 ല്‍ എ ഐ ഫീച്ചറുകള്‍

ഫോണുകളില്‍ താമസിയാതെ തന്നെ എഐ ഫീച്ചറുകള്‍ എത്തുമെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് സ്ഥിരീകരിച്ചു. വരാനിരിക്കുന്ന ഐഒഎസ് 18ലെ പുതിയ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആപ്പിള്‍ ഇന്‍സൈഡര്‍ വെബ്സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. സിറി ആപ്പില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് വിവരം. എഐ ചാറ്റ് ബോട്ടിന് സമാനമായ രീതിയില്‍ സിറി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. മെസേജസ് ആപ്പില്‍ വരുന്ന സന്ദേശങ്ങളുടെ വിവരങ്ങള്‍ പറയുക, വെബ് പേജുകളുടെ കാര്യങ്ങള്‍ വ്യക്തമാക്കുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ഇതിനാവും. ആപ്പിള്‍ വികസിപ്പിച്ച ‘അജാക്സ്’ എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അടിസ്ഥാനമാക്കിയാവും ഇതിന്റെ പ്രവര്‍ത്തനം. നെറ്റ് വര്‍ക്ക് ആവശ്യമില്ലാതെ ഉപകരണത്തില്‍ തന്നെ പ്രൊസസിങ് ചെയ്യാനാകുന്ന എഐ മോഡലുകള്‍ ആപ്പിള്‍ നിര്‍മിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിവരങ്ങള്‍ ശരിയെങ്കില്‍, അജാക്സും ഉപകരണത്തില്‍ തന്നെ പ്രോസസിങ് സാധ്യമാകുന്ന ഒന്നാണ്. ഓണ്‍ ഡിവൈസ് പ്രൊസസിങ് സംവിധാനമായതുകൊണ്ടു തന്നെ കൂടുതല്‍ സ്വകാര്യത വാഗ്ദാനം ചെയ്തുകൊണ്ടാവും ആപ്പിള്‍ എഐ ഫീച്ചറുകളുടെ വരവ്. ചാറ്റ് ജിപിടി, ക്ലോഡ്, ജെമിനി പോലുള്ളവ ക്ലൗഡ് സെര്‍വറുകളിലാണ് പ്രൊസസ് ചെയ്യുന്നത്. അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി ഉപകരണത്തില്‍ തന്നെ പ്രൊസസ് ചെയ്യാന്‍ അജാക്സിനാവും എന്നാല്‍ ചില സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പുറത്തുള്ള സെര്‍വറുകളെ ബന്ധപ്പെടേണ്ടി വന്നേക്കാം. ഈ ആവശ്യത്തിന് വേണ്ടിയാണ് ആപ്പിള്‍ ഓപ്പണ്‍ എഐയുമായും ഗൂഗിളുമായും സഹകരണത്തിന് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Top