എഐ മുന്നേറ്റം ഭൂമിക്ക് ഭീഷണിയാകുന്നു; മലിനീകരണം നാല് വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് യുഎൻ റിപ്പോർട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദൂഷ്യവശങ്ങളെയും അത് പരിസ്ഥിതിയിലുണ്ടാക്കുന്ന വൻ ആഘാതങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ആദ്യത്തെ ഔദ്യോഗിക യുഎൻ റിപ്പോർട്ടാണിത്

എഐ മുന്നേറ്റം ഭൂമിക്ക് ഭീഷണിയാകുന്നു; മലിനീകരണം നാല് വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് യുഎൻ റിപ്പോർട്ട്
എഐ മുന്നേറ്റം ഭൂമിക്ക് ഭീഷണിയാകുന്നു; മലിനീകരണം നാല് വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് യുഎൻ റിപ്പോർട്ട്

ർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ അതിവേഗത്തിലുള്ള വളർച്ച ആഗോളതലത്തിൽ ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. എഐ ഉപയോഗം കുതിച്ചുയരുന്നതോടെ ഡേറ്റ സെന്ററുകളുടെ പ്രവർത്തനത്തിനായി വേണ്ടിവരുന്ന ഊർജത്തിന്റെയും വെള്ളത്തിന്റെയും അളവ് അടുത്ത നാല് വർഷത്തിനകം ഇരട്ടിയായി വർധിക്കുമെന്നാണ് യുഎൻ യൂണിവേഴ്സിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദൂഷ്യവശങ്ങളെയും അത് പരിസ്ഥിതിയിലുണ്ടാക്കുന്ന വൻ ആഘാതങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ആദ്യത്തെ ഔദ്യോഗിക യുഎൻ റിപ്പോർട്ടാണിത്. നിലവിൽ തന്നെ ലോകത്തിലെ പ്രമുഖ രാജ്യങ്ങൾ പുറന്തള്ളുന്ന മലിനീകരണത്തിന് തുല്യമായ അളവിലാണ് ഡേറ്റ സെന്ററുകൾ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നത്.

വൻകിട കംപ്യൂട്ടിങ് സംവിധാനങ്ങളും ഡേറ്റ സംഭരണികളും ഒന്നിച്ച് പ്രവർത്തിക്കുന്ന വമ്പൻ കേന്ദ്രങ്ങളാണ് ഡേറ്റ സെന്ററുകൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ആഗോളതലത്തിൽ ഈ ഡേറ്റ സെന്ററുകൾ മാത്രം ഉപയോഗിച്ചു തീർത്തത് 448 ലക്ഷം കോടി വാട്ട് അവർ വൈദ്യുതിയാണ്. ഇത്രയും ഭീമമായ അളവിൽ ഊർജം ഉൽപാദിപ്പിക്കുന്നതിനായി മാത്രം ഏകദേശം 4.5 ലക്ഷം കോടി ലീറ്റർ വെള്ളം ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. ഡേറ്റ സെന്ററുകളുടെ ഈ അമിത ഊർജ ഉപഭോഗം മൂലം കഴിഞ്ഞ വർഷം പരിസ്ഥിതിയിലേക്ക് പുറന്തള്ളപ്പെട്ടത് 20.8 കോടി ടൺ കാർബൺ ഡയോക്സൈഡ് ആണ്. ഇത് അർജന്റീന എന്ന രാജ്യം ഒരു വർഷം മുഴുവൻ പുറന്തള്ളുന്ന ഹരിതഗൃഹ വാതകത്തിന് തുല്യമാണെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

Also Read: ജീവനക്കാരുടെ എണ്ണം 23% കുറച്ചു; ഉബറിന്റെ പിരിച്ചുവിടൽ നടപടികൾ ചർച്ചയാകുന്നു

ഭാവിയിൽ ഈ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് യുഎന്നിന്റെ വിലയിരുത്തൽ. 2030 ആകുന്നതോടെ ലോകത്ത് ആകെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ മൂന്ന് ശതമാനത്തോളം ഡേറ്റ സെന്ററുകൾ മാത്രമായി വിഴുങ്ങും. തൽഫലമായി ഇവയിൽ നിന്നുള്ള കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ 44 കോടി ടണ്ണായി ഉയരും. നിലവിൽ ഡേറ്റ സെന്ററുകളിലെ ആകെ ഊർജ ഉപയോഗത്തിന്റെ 20 ശതമാനവും എഐ സാങ്കേതികവിദ്യകളുടെ പ്രവർത്തനങ്ങൾ കാരണമാണ് സംഭവിക്കുന്നത്. എന്നാൽ എഐയുടെ വ്യാപനം വർധിക്കുന്നതോടെ 2030-ൽ ഇത് 40 ശതമാനമായി കുതിച്ചുയരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സാങ്കേതിക പുരോഗതിക്കൊപ്പം ഭൂമിയുടെ നിലനിൽപ്പിന് ഭീഷണിയാകാത്ത രീതിയിലുള്ള ഹരിത ഊർജ സ്രോതസ്സുകളിലേക്ക് ഡേറ്റ സെന്ററുകൾ മാറേണ്ടതിന്റെ അനിവാര്യതയിലേക്കാണ് യുഎൻ വിരൽ ചൂണ്ടുന്നത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top