ന്യൂയോർക്ക്: നിർമ്മിത ബുദ്ധി (AI) മേഖലയിലെ വൻ കുതിച്ചുചാട്ടം സ്മാർട്ട്‌ഫോൺ, കമ്പ്യൂട്ടർ വിപണികളെ പ്രതിസന്ധിയിലാക്കുന്നു. എഐ സെർവർ നിർമ്മാണത്തിനായി ചിപ്പ് കമ്പനികൾ മുൻഗണന നൽകുന്നതോടെ, വരും മാസങ്ങളിൽ മെമ്മറി ചിപ്പുകളുടെ വില കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026-ന്റെ ആദ്യ പകുതിയോടെ മെമ്മറി വിലകൾ നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കാൻ സാധ്യതയുണ്ട്.
ഡിആർഎഎം വിലകൾ 55 മുതൽ 60 ശതമാനം വരെ വർധിച്ചതായി തായ്‌വാനീസ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ട്രെൻഡ്‌ഫോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങിയ പ്രമുഖ കമ്പനികൾ എഐ സെർവറുകൾക്കായി വൻതോതിൽ നിക്ഷേപം നടത്തുകയാണ്. ഇതിനാവശ്യമായ ഹൈ ബാൻഡ്‌വിഡ്ത്ത് മെമ്മറി (HBM) ചിപ്പുകൾ നിർമ്മിക്കാനാണ് സാംസങ്, എസ്‌കെ ഹൈനിക്‌സ്, മൈക്രോൺ തുടങ്ങിയ കമ്പനികൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്മാർട്ട്‌ഫോണുകളിലും പിസികളിലും ഉപയോഗിക്കുന്ന സാധാരണ ഡിആർഎഎം (DRAM) ചിപ്പുകളുടെ ഉത്പാദനം കുറയുന്നത് ഈ ഉപകരണങ്ങളുടെ വില ഉയരാൻ കാരണമാകും. ഈ വർഷം ചിപ്പുകളുടെ വിതരണ വളർച്ച സാധാരണയേക്കാൾ വളരെ താഴെയായിരിക്കുമെന്ന് ഐഡിസി (IDC) വ്യക്തമാക്കുന്നു. 2026-ന്റെ ആദ്യ പാദത്തിൽ സെർവർ മെമ്മറി വിലയിൽ 70 ശതമാനം വരെ വർധനവ് സാംസങ് ഉൾപ്പെടെയുള്ള കമ്പനികൾ വരുത്തിയേക്കും. വിപണി നിരീക്ഷകരായ ട്രെൻഡ്‌ഫോഴ്‌സിന്റെ കണക്കുപ്രകാരം പൊതുവായ ഡിആർഎഎം വിലകൾ ഇതിനകം തന്നെ 60 ശതമാനത്തോളം വർധിച്ചുകഴിഞ്ഞു.
ചിപ്പ് വില ഉയരുന്നത് ആഗോളതലത്തിലെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് നിർമ്മാതാക്കളെ വലിയ രീതിയിൽ ബാധിക്കും. ഉത്പാദന ചെലവ് വർധിക്കുന്നതോടെ ഈ അധിക ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറാൻ കമ്പനികൾ നിർബന്ധിതരാകും. അതേസമയം, മെമ്മറി ചിപ്പ് നിർമ്മാണ കമ്പനികളുടെ ഓഹരി മൂല്യം വിപണിയിൽ റെക്കോർഡ് നേട്ടത്തിലാണ്. കഴിഞ്ഞ വർഷം മൈക്രോണിന്റെ ഓഹരികൾ 240 ശതമാനം വർധിച്ചപ്പോൾ സാംസങ്ങിന്റെ ഓഹരി മൂല്യം ഇരട്ടിയായി.






