കാണ്‍പൂര്‍: ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കന്നൗജില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ദാരുണമായ അപകടമുണ്ടായത്.
ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഡബിള്‍ ഡക്കര്‍ ഹൈവേയിലെ ഡിവൈഡറില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയായിരുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടം നടന്ന് അല്‍പ സമയത്തിനകം അതുവഴി വരികയായിരുന്ന ഉത്തര്‍പ്രദേശ് ജലവിഭവ മന്ത്രി സ്വതന്ത്ര ദേവ് സിങ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Also Read: ഓടയിൽ 22കാരിയുടെ മൃതദേഹം; ഭർത്താവ് അറസ്റ്റിൽ
ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ടാങ്കറിലേക്ക് ഇടിച്ചുകയറാന്‍ കാരണമായതെന്ന് പരിക്കേറ്റ ബസ് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ഓടിയെത്തിയ നാട്ടുകാര്‍ ബസിന്റ ഗ്ലാസുകള്‍ തകര്‍ത്താണ് ആളുകളെ പുറത്തെടുത്തത്. പൊലീസും അഗ്നിശമന സേനയുമുള്‍പ്പെടെ എത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പിന്നീട് സ്ഥലത്തെത്തി.