24 കാരിയുടെ ക്രൂരകൃത്യം കോടതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് വധശിക്ഷക്ക് വിധിച്ചപ്പോള്‍, മനസാക്ഷിയെ വരെ മരവിപ്പിക്കുന്ന തരത്തില്‍ 31 കാരിയെ അങ്ങ് കൊല്‍ക്കത്തയില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമല്ലാത്തത്‌കൊണ്ട് കോടതിക്ക് ജീവപര്യന്തത്തില്‍ ഒതുക്കേണ്ടി വന്നു. എന്താണ് ഈ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസ് എന്നത്‌കൊണ്ട് കോടതി ഉദ്ദേശിക്കുന്നത്. കൊലപാതകം നടത്തിയ രീതി, കൊലപാതകത്തിനുണ്ടായ പ്രകോപനം, കുറ്റകൃത്യത്തിന്റെ സാമൂഹിക വിരുദ്ധമോ സാമൂഹികമോ ആയ വെറുപ്പുളവാക്കുന്ന സ്വഭാവം, ഇരയനുഭവിച്ച വേദന, പ്രതിയുടെ മനോനില, കുറ്റകൃത്യത്തിന്റെ വ്യാപ്തി, കൊലപാതകത്തിന് ഇരയായ വ്യക്തിയുടെ വ്യക്തിത്വം, എന്നിങ്ങനെ ഒരു കൃത്യം നടന്ന് കഴിഞ്ഞാല്‍ അതിന്റെ മുക്കും മൂലയും കോടതി നിരീക്ഷിക്കും. വധശിക്ഷ നല്‍കാതെ മറ്റൊരു മാര്‍ഗവുമില്ല എന്നതാണോ കേസിന്റെ സ്വാഭവമെന്നും കോടതി നിരീക്ഷിക്കും. കുറ്റകൃത്യം സമൂഹത്തെ വളരെ ദോഷകരമായാണ് സ്വാധീനിക്കുന്നതെങ്കിലും കോടതി പ്രതിക്ക് വധശിക്ഷ വിധിക്കും.
മനുഷ്യത്വരഹിതമായ രീതിയില്‍ ബലാത്സംഗം ചെയ്ത ശേഷം ഇരയെ അതിദാരുണമായി കൊലപ്പെടുത്തിയതിനാല്‍ കേസ് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതായും മനുഷ്യന്റെ അന്തസ്സിനെ തന്നെ ഹനിക്കുന്ന തരത്തിലാണെന്നും കണ്ടെത്തി കോടിതി ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍-ഉള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ്, 1860 ഐപിസി സെക്ഷന്‍ 449, 342, 376, 376 എ, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസിലെ പ്രതി ശിക്ഷിക്കപ്പെട്ടത്. വധശിക്ഷ വിധിക്കുന്നതിന് മുമ്പുള്ള ഭരണഘടനാ ബെഞ്ച് കേസിന്റെ എല്ലാ വശങ്ങളും കൃത്യമായി വിശകലനം ചെയ്യുകയും അത് തിടുക്കത്തില്‍ നല്‍കുന്നതല്ലെന്ന് ഉറപ്പാക്കുകയും വേണം.

ഇന്ത്യയിലെ വധശിക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ബച്ചന്‍ സിംഗ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ്. ഭാര്യയെയും രണ്ട് മക്കളെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലാണ് ബച്ചന്‍ സിംഗിന് വധശിക്ഷ വിധിച്ചത്. അതീവ ക്രൂരതയോടെയാണ് അദ്ദേഹം ഈ കുറ്റകൃത്യങ്ങള്‍ ചെയ്തത്. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി സെക്ഷന്‍ 302 പ്രകാരം വധശിക്ഷ വിധിക്കുന്നതിലേക്ക് വിചാരണ കോടതിയെ നയിച്ചു. ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചു. തുടര്‍ന്ന് ബച്ചന്‍ സിംഗ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21, ആര്‍ട്ടിക്കിള്‍ 14, ആര്‍ട്ടിക്കിള്‍ 19 എന്നിവ പ്രകാരം വധശിക്ഷ തന്റെ മൗലികാവകാശങ്ങളെ ലംഘിക്കുന്നു എന്നായിരുന്നു അപ്പീല്‍ക്കാരന്റെ പ്രാഥമിക വാദം. ഐപിസി 302-ാം വകുപ്പില്‍ നല്‍കിയിരിക്കുന്ന വധശിക്ഷ ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവും മനുഷ്യന്റെ അന്തസ്സിന്റെയും ജീവിതത്തിന്റെയും അടിസ്ഥാന തത്വങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം വാദിച്ചു.
Also Read: അട്ടിമറിയിലൂടെ അധികാരം പിടിച്ച നാറ്റോ ആരാധകൻ, യുക്രെയ്നിലെ വിക്ടർയുഷ്‌ചെങ്കോ
പക്ഷെ സുപ്രീം കോടതി 4:1 ഭൂരിപക്ഷത്തില്‍ വധശിക്ഷയുടെ ഭരണഘടനാ സാധുത ശരിവച്ചു. ഐപിസി 302-ാം വകുപ്പ് പ്രകാരമുള്ള വധശിക്ഷ ഭരണഘടനാ ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് പറഞ്ഞ കോടതി ജീവന്‍ നഷ്ടപ്പെടുന്നത് നിയമ ലംഘനമാണെങ്കില്‍ അതില്‍ വിധിക്കുന്ന വധശിക്ഷ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി പറഞ്ഞു. വധശിക്ഷയോടുള്ള ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ സമീപനത്തില്‍ ബച്ചന്‍ സിംഗ് വിധി ഒരു വഴിത്തിരിവായി. ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം’ എന്ന സിദ്ധാന്തം ഇന്ത്യയില്‍ വധശിക്ഷ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ തത്വമായി മാറി. ഹീനമായ കുറ്റകൃത്യങ്ങളില്‍ നീതി ലഭിക്കേണ്ട ഇരയുടെ അവകാശത്തെ എടുത്തുകാണിക്കുന്ന ഒരു സുപ്രധാന തീരുമാനമാണ് ബച്ചന്‍ സിംഗ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ്. വധശിക്ഷയുടെ ഭരണഘടനാ സാധുത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ വിവേകത്തോടെ അത് നടപ്പിലാക്കുമെന്ന് സുപ്രീം കോടതി ഉറപ്പ് തരുന്നുണ്ട്.

റോമന്‍, ആംഗ്ലോ-സാക്‌സണ്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയവരുടെ നിയമത്തില്‍ പ്രധിപാതിക്കുന്ന ഒരു പുരാതന വധശിക്ഷാ രീതിയാണ് തൂക്കുകയര്‍. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാധുറാം ഗോഡ്‌സെയെ 1949-ല്‍ തൂക്കിലേറ്റിയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വധശിക്ഷയായിരുന്നു അത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ ഒറ്റയ്ക്കൊരു സെല്ലിലായിരിക്കും പിന്നീട് പാര്‍പ്പിക്കുക. വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റ് തടവുകാരുമായി മാത്രമേ അവര്‍ക്ക് സംവദിക്കാന്‍ അവകാശമുള്ളു. പ്രതിക്ക് ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം ലഭ്യമാക്കണമെന്നാണ് ചട്ടം. പൂര്‍ണമായും മറ്റൊരു ജീവിത രീതി പിന്തുടരുന്ന പ്രതി മാനസികമായും മരണത്തിന് തയ്യാറെടുക്കേണ്ടതുണ്ട്. വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ പ്രതിയുടെ ഭാരം കൊലക്കയറിന് അനുയോജ്യമാണോ എന്നും പരിശോധിക്കും. സൂര്യനുദിക്കുന്നതിനു മുന്‍പാണ് വധശിക്ഷ നടപ്പിലാക്കുക. അതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഹൈകോടതി വധശിക്ഷ ശരിവച്ച ശേഷം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 136 പ്രകാരം സുപ്രീം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി പ്രതിക്ക് ഫയല്‍ ചെയ്യാം. സുപ്രീം കോടതിക്ക് വിഷയങ്ങള്‍ പരിഗണിച്ച് അപ്പീല്‍ ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കാം. സുപ്രീം കോടതിയുടെ വിധിക്ക് ശേഷം, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 137 പ്രകാരം വിധി പുനഃപരിശോധിക്കാനായി റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാം. റിവ്യൂ പെറ്റീഷന്‍ തള്ളിയാല്‍ സുപ്രീം കോടതിക്ക് ക്യൂറേറ്റീവ് പെറ്റീഷന്‍ അനുവദിക്കാം. വധശിക്ഷ വിചാരണ കോടതി വിധിക്കുകയും, പിന്നീട് ഹൈകോടതിയും സുപ്രീം കോടതിയും ശരിവെയ്ക്കുകയും ചെയ്താല്‍, പ്രതിക്ക് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കാം. രാഷ്ട്രപതിയും ദയാഹര്‍ജി തള്ളിക്കളഞ്ഞാല്‍, പ്രതിക്ക് സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്യാം. വിചാരണ കോടതിയുടെ വിധി മുതല്‍ ദയാഹര്‍ജി വരെയുള്ള നടപടിക്രമങ്ങളില്‍ നിയമപരമായ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍, സുപ്രീം കോടതി തിരുത്തല്‍ ഹര്‍ജിയും തള്ളിക്കളയും. ഇതോടെ പ്രതിക്ക് നിയമപരമായി ലഭ്യമായ എല്ലാ അവസരങ്ങളും അവസാനിക്കുന്നു. തിരുത്തല്‍ ഹര്‍ജി കൂടി തള്ളിക്കളഞ്ഞാല്‍ പിന്നാലെ വധശിക്ഷ നടപ്പാക്കുപ്പെടും.
നിയമാനുസൃതമായി വധശിക്ഷ നടപ്പാക്കുന്ന ആള്‍ക്കാരെ ആരാച്ചാര്‍ എന്നാണ് വിളിക്കുന്നത്. തൂക്കിലേറ്റപ്പെടുന്നവരുടെ മുഖം കറുത്ത തുണികൊണ്ടു മറയ്ക്കുന്നതും കഴുത്തില്‍ കയറിടുന്നതും തൂക്കിലേറ്റുന്നതും ആരാച്ചാരുടെ ജോലിയാണ്. വധശിക്ഷ നടപ്പാക്കുന്നയാള്‍ക്ക് 500 ഇന്ത്യന്‍ രൂപ മാത്രമായിരുന്നു 2014 വരെ പ്രതിഫലം. ഈ തുകയ്ക്ക് പക്ഷെ ആളെ കിട്ടുക വിരളമായത്‌കൊണ്ട് തന്നെ 2014 ജൂലൈയിലെ വരുത്തിയ ഒരു ചട്ട-ഭേദഗതി പ്രകാരം ഇതിന് 2 ലക്ഷം രൂപയായി ഉയര്‍ത്തുകയുമുണ്ടായി.

കേരളത്തില്‍ ഇതുവരെ 26 പേരെയാണ് തൂക്കിലേറ്റിയത്. വധശിക്ഷ എന്നാെരു നിയമമൊക്കെയുണ്ടെങ്കിലും ഇന്ത്യയില്‍, പ്രത്യേതിച്ച് കേരളത്തില്‍ വധശിക്ഷ എന്നത് ഇന്നും അത്ഭുതമാണ്. ഗ്രീഷ്മക്ക് മുന്നെ കേരളത്തില്‍ തൂക്ക് കയര്‍ വിധിക്കപ്പെട്ടത് ആലുവ ബലാത്സംഗ കൊല കേസിലെ പ്രതി അസഫാക് ആലമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളിലാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വധ ശിക്ഷ വിധിക്കുക. സംസ്ഥാനത്ത് 1958ലാണ് ആദ്യമായി വധശിക്ഷ നടപ്പാക്കുന്നത്. 1960 മുതല്‍ 1963 കാലഘട്ടത്തില്‍ അഞ്ച് പേരെയാണ് തൂക്കിലേറ്റിയത്. കേരളത്തിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്.
1967 മുതല്‍ 1972 വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് വധശിക്ഷയും നടപ്പാക്കിയിട്ടുണ്ട്. സീരിയല്‍ കൊലയാളി റിപ്പര്‍ ചന്ദ്രനെയാണ് കേരളത്തില്‍ അവസാനം വധശിക്ഷയ്ക്കു വിധേയമാക്കിയത്. 1991 ല്‍ കണ്ണൂര്‍ ജയിലിലാണ് ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കിയത്. കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനങ്ങളുള്ളത്. പൂജപ്പുരയില്‍ അവസാനത്തെ വധശിക്ഷ നടപ്പാക്കിയത് 1978ലാണ്. പിഞ്ചുകുഞ്ഞിനെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയ ബാലരാമപുരം സ്വദേശി അഴകേശനെയാണ് പൂജപ്പുരയില്‍ തൂക്കിലേറ്റിയത്. അതിനു ശേഷം മൂപ്പത് വര്‍ഷത്തോളമായിട്ട് തൂക്ക് കയര്‍ വിധിച്ചിട്ടുണ്ടെങ്കിലും ഒന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. തൂക്കിലേറ്റപ്പെട്ട എല്ലാ പ്രതികളുടെയും ശ്വാസം നിലച്ചത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വെച്ചാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് തൂക്കുമരങ്ങളാണുള്ളത്. കേരളത്തിലെ വധശിക്ഷകള്‍ നടപ്പാക്കുന്ന ഈ ജയില്‍, കേരളത്തിലെ ആദ്യത്തെ സെന്‍ട്രല്‍ ജയില്‍ കൂടിയാണ്. പള്ളിക്കുന്നില്‍ 1869-ല്‍ ആണ് ഇത് നിര്‍മ്മിച്ചത്.

ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയര്‍ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന പ്രതികളുടെ എണ്ണം 39 ആണ് നിലവില്‍. ഇതില്‍ രണ്ട് വനിതാ കുറ്റവാളികളാണുള്ളത്. സ്ത്രീകള്‍ക്ക് വളരെ അപൂര്‍വമായാണ് വധശിക്ഷ വിധിക്കാറുള്ളത്. ശാന്തകുമാരി കേസിലെ പ്രതി റഫീക്ക ബീവിക്കാണ് നേരത്തെ വധശിക്ഷ വിധിച്ചിട്ടുള്ളത്. 2024 മേയിലാണ് ശാന്തകുമാരി കേസിലെ വിധി വന്നത്. സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് വയോധികയായ ശാന്തകുമാരിയെ റഫീഖ ബീവി കൊലപ്പെടുത്തിയത്. വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിന്‍പുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് റഫീഖ ബീവി. ശാന്തകുമാരിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നെന്നാണ് പൊലീസ് കണ്ടെത്തല്‍.
Also Read:അമേരിക്കയുടെ ഉപരോധഭീഷണി കൂസാതെ ഇന്ത്യ-റഷ്യ മെഗാ ഡീൽ
വാടക വീടെടുത്ത് താമസിച്ചതും കവര്‍ച്ച ലക്ഷ്യമിട്ടാണെന്നും പൊലീസ് പറഞ്ഞു. ആഭരണങ്ങളില്‍ ഒരു ഭാഗം പണയം വെച്ചു. ബാക്കി പ്രതികളില്‍ നിന്നും കണ്ടെടുത്തു. കൊലയ്ക്ക് ശേഷം കോഴിക്കോടേക്കുള്ള യാത്രക്കിടെയാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ റഫീഖാ ബീവിയും മകന്‍ ഷെഫീഖും മറ്റൊരു കൊലക്കേസിലും പ്രതികളാണെന്ന് കണ്ടെത്തി. ഒരു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനാലുകാരിയുടേതും കൊലപാതകമെന്ന് തെളിയുകയായിരുന്നു. പ്രതി ഷെഫീഖ് ബലാത്സംഗം ചെയ്തത് പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. പക്ഷെ നിലവില്‍ വധശിക്ഷ കാത്തിരിക്കുന്നത് ഇവര്‍ രണ്ടുപേരുമാണെങ്കിലും, മൂന്ന് പേര്‍ക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.

2006 മാര്‍ച്ചില്‍ കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസിലെ പ്രതി ബിനിത കുമാരിയാണ് കേരളത്തില്‍ ആദ്യമായി വധശിക്ഷക്ക് വിധിക്കപ്പെടുന്ന സ്ത്രീ കുറ്റവാളി. 2006-ല്‍ 35-ാം വയസിലാണ് ബിനിതയ്ക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടെ വധശിക്ഷ പിന്നീട് മേല്‍ക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോള്‍ അട്ടക്കുളങ്ങര ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. സ്‌നേഹബന്ധം തുടരുമ്പോഴാണ് ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചതെന്നും കോടതി വ്യക്തമാക്കി. റഫീഖ ബീവിക്കും, ഗ്രീഷ്മക്കും ഒരേ ജഡ്ജി തന്നെയാണ് ശിക്ഷ വിധിച്ചതെന്നതാണ് എടുത്തുപറേണ്ട മറ്റൊരു കാര്യം. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ എം ബഷീറാണ് രണ്ട് തവണയും വിധി പറഞ്ഞത്.
വീഡിയോ കാണാം…