രാഷ്ട്രീയം മുഴുവനും 22-25 ആളുകള്‍ക്ക് വേണ്ടിയാകണമെന്നാണ് മോദി ആഗ്രഹിക്കുന്നത്; രാഹുല്‍ ഗാന്ധി

രാഷ്ട്രീയം മുഴുവനും 22-25 ആളുകള്‍ക്ക് വേണ്ടിയാകണമെന്നാണ് മോദി ആഗ്രഹിക്കുന്നത്; രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: തിരഞ്ഞെടുപ്പിന് പ്രഖ്യാപിച്ചതിനു ശേഷം രാഹുല്‍ ഗാന്ധി അദാനിയെയും-അംബാനിയെയും അക്രമിക്കുന്നത് നിര്‍ത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരേപണത്തിന് പിന്നാലെ മോദി-അദാനി ബന്ധം വീണ്ടും ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ സംഖ്യം തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത ഓഗസ്റ്റ് 15-നുള്ളില്‍ 30 ലക്ഷം ഒഴിവുകള്‍ നികത്തുമെന്നും രാഹുല്‍ പറഞ്ഞു. തെലങ്കാനയിലെ മെഡക് ലോക്സഭാ മണ്ഡലത്തില്‍നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി- അദാനി ബന്ധത്തെ രാഹുല്‍ വിമര്‍ശിച്ചത്.

രാജ്യത്ത് 20-22 പേര്‍ക്കുവേണ്ടി മാത്രമാണ് പ്രധാനമന്ത്രി പ്രവര്‍ത്തിച്ചതെന്നും അവരെ ശതകോടീശ്വരന്മാരാക്കിയെന്നും രാഹുല്‍ ആരോപിച്ചു. രാഷ്ട്രീയം മുഴുവനും 22-25 ആളുകള്‍ക്ക് വേണ്ടിയാകണമെന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. നരേന്ദ്ര മോദി ജി അദാനിയെപ്പോലുള്ള ആളുകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. 10 വര്‍ഷക്കാലം നരേന്ദ്ര മോദി രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധ വ്യവസായം തുടങ്ങി എല്ലാം അദാനിക്ക് നല്‍കി. കോടിക്കണക്കിന് യുവാക്കളെ തൊഴില്‍രഹിതരാക്കി, അദാനിക്കുവേണ്ടി നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കി, രാഹുല്‍ ആരോപിച്ചു.

ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രാഹുല്‍, ഓഗസ്റ്റ് 15 നകം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 30 ലക്ഷം തൊഴില്‍ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ പുതിയ സര്‍ക്കാര്‍ ആരംഭിക്കുമെന്ന് വാഗ്ദാനവും നല്‍കി.

സംവരണം നിര്‍ത്തലാക്കുന്നതിനായി മോദി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ചു. ബിജെപി സംവരണം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസ് സംവരണം 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തുടനീളം ജാതി സെന്‍സസ് നടത്തുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. ഭരണഘടനയെ മാറ്റാന്‍ ഒരു ശക്തിക്കും ആവില്ലെന്നും ചില ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തെ സൂചിപ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു

Top