അയോധ്യയ്ക്ക് പിന്നാലെ ബദരിനാഥിലും സംഭാവന കൊള്ള; ക്ഷേത്രം ജീവനക്കാരനെതിരെ കേസ്

ബദരിനാഥ് ക്ഷേത്രത്തിലെ ക്രമക്കേടിൽ ചെയർമാനിലേക്കും മറ്റ് ഉന്നത ജീവനക്കാരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന

അയോധ്യയ്ക്ക് പിന്നാലെ ബദരിനാഥിലും സംഭാവന കൊള്ള; ക്ഷേത്രം ജീവനക്കാരനെതിരെ കേസ്
അയോധ്യയ്ക്ക് പിന്നാലെ ബദരിനാഥിലും സംഭാവന കൊള്ള; ക്ഷേത്രം ജീവനക്കാരനെതിരെ കേസ്

യോധ്യയിലെ സംഭാവന തട്ടിപ്പിന് പിന്നാലെ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരിനാഥ് ക്ഷേത്രത്തിലും വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോർട്ട്. ഭക്തർ കാണിക്കയായി സമർപ്പിച്ച തുകയിൽ വലിയൊരു ഭാഗം കാണാതായതിനെത്തുടർന്ന്, ക്ഷേത്രം ചെയർമാന്റെ പേഴ്‌സണൽ അസിസ്റ്റന്റ് പ്രമോദ് നൊത്യാലിനെതിരെ വിശ്വാസവഞ്ചനയ്ക്കും മോഷണത്തിനും പൊലീസ് കേസെടുത്തു. ഭൈരവ സേന എന്ന സംഘടന സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലാണ് ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി സർക്കാർ നാലംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

ബദരിനാഥ് ക്ഷേത്രത്തിലെ ക്രമക്കേടിൽ ചെയർമാനിലേക്കും മറ്റ് ഉന്നത ജീവനക്കാരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. അയോധ്യയിലെ ക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം സമാന്തരമായി പുരോഗമിക്കുകയാണ്. അവിനാശ് ശുക്ല എന്ന ക്ഷേത്ര ജീവനക്കാരനെ ഒന്നാം പ്രതിയാക്കിയാണ് അയോധ്യയിലെ കേസിൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

Also Read:900 ദിവസത്തെ സമരം ജയിച്ചു; വിജയ് സർക്കാർ പറണ്ടൂർ എയർപോർട്ട് ‘അസാധ്യം’ എന്ന് പ്രഖ്യാപിച്ചതിന് പിന്നിൽ!

അയോധ്യയിലെ കേസിൽ മറ്റ് പ്രതികളെല്ലാം അവിനാശ് ശുക്ലയുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിനിടെ, ഈ കേസുകളിൽ നിന്ന് രക്ഷപ്പെടാൻ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയും മുൻ ട്രസ്റ്റി അനിൽ മിശ്രയും പരസ്പരം പഴിചാരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലെയും പ്രധാന ക്ഷേത്രങ്ങളിൽ സാമ്പത്തിക തട്ടിപ്പ് നടന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

Share Email
Top