മോസ്കോ: നിർത്തിവച്ച ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ റഷ്യ നീക്കം നടത്തുന്നതായി റിപ്പോർട്ട്. നോവയ സെംല്യ ദ്വീപസമൂഹത്തിലെ റഷ്യയുടെ പരീക്ഷണ ഗ്രൗണ്ട്, ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നതിന് തയ്യാറാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ 12-ാം മെയിൻ ഡയറക്ടറേറ്റിൻ്റെ മുൻ മേധാവി കേണൽ ജനറൽ വ്‌ളാഡിമിർ വെർഖോവ്‌സെവ്, റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് വ്യക്തമാക്കിയിരിക്കുകയാണ്.
നേരത്തെ, യുക്രെയിൻ – റഷ്യൻ സംഘർഷം വർധിപ്പിക്കുന്ന അമേരിക്കൻ നയങ്ങളുടെ പശ്ചാത്തലത്തിൽ ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് റഷ്യ ആലോചിക്കുന്നതായി റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവും വ്യക്തമാക്കിയിരുന്നു.
നോവയ സെംല്യ ദ്വീപസമൂഹത്തിലെ പരീക്ഷണ ഗ്രൗണ്ട് നിരവധി വർഷങ്ങളായി ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നതിന് പൂർണ്ണമായി തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയാണെങ്കിൽ സമീപഭാവിയിൽ ഞങ്ങൾ അത് ചെയ്യാൻ തയ്യാറാണെന്നും വെർഖോവ്സെവ് പറയുന്നു.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ 12-മത്തെ പ്രധാന ഡയറക്ടറേറ്റിനാണ് ആണവായുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഉത്തരവാദിത്തമുള്ളത്. അതിൻ്റെ മുൻ മേധാവിയുടെ അഭിപ്രായ പ്രകടനം അതുകൊണ്ടു തന്നെ ഏറെ ഗൗരവത്തോടെയാണ് പാശ്ചാത്യ ശക്തികളും നോക്കി കാണുനത്.
സോവിയറ്റ് യൂണിയൻ മൊത്തം 715 ആണവ പരീക്ഷണങ്ങളാണ് ആകെ നടത്തിയിരിക്കുന്നത്. അവസാനത്തേത് 1990 ഒക്ടോബർ 24 ന് നോവയ സെംല്യ ഫെസിലിറ്റിയിൽ നടത്തിയ പരീക്ഷണമാണ്.