തുർക്മെനിസ്താൻ: എ.എഫ്.സി ചലഞ്ച് ലീഗിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി ഈസ്റ്റ് ബംഗാൾ. തുർക്മെനിസ്താൻ ക്ലബായ എഫ്.സി അർകാഡാഗിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് രണ്ടാം പാദത്തിൽ ഈസ്റ്റ് ബംഗാൾ തോറ്റത്. ആദ്യ മിനിറ്റിൽത്തന്നെ മെസ്സി ബൗളി നേടിയ ഗോളിൽ ലീഡ് പിടിച്ച കൊൽക്കത്തൻ സംഘം 33ാം മിനിറ്റിൽ ഡിഫൻഡർ ലാൽചുങ്നുങ്ക രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങി.
കളി അവസാനിക്കാനിരിക്കെ അൾട്ടിമിറാത്ത് അന്നദുർദ്യേവ് (89, 90+8) നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ വിധി മാറ്റിമറിച്ചത്. കൊൽക്കത്തയിൽ നടന്ന ഒന്നാംപാദം 0-1ന് ജയിച്ച അർകാഡാഗ് ആകെ 3-1 മുൻതൂക്കത്തോടെ സെമി ഫൈനലിലേക്ക് കടന്നു. 2024 സൂപ്പർ കപ്പ് ജേതാക്കളായാണ് എ.എഫ്.സി മൂന്നാം നിര ക്ലബ് ടൂർണമെന്റായ ചാലഞ്ച് കപ്പിന് ഈസ്റ്റ് ബംഗാൾ യോഗ്യത നേടിയത്. ഗ്രൂപ്പ് എ ജേതാക്കളായി ക്വാർട്ടറിലും കടന്നു.