അബുദാബിയിലെ കെട്ടിടങ്ങളിൽ ലിഫ്റ്റുകളുടെ പരിപാലനത്തിനായി അംഗീകൃത ഏജൻസികളുമായി വാർഷിക കരാറുകൾ ഏർപ്പെടുത്തിയില്ലെങ്കിൽ 5,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. നിലവിലുള്ളതും നിർമാണത്തിലിരിക്കുന്നതുമായ കെട്ടിടങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണെങ്കിലും സ്വകാര്യ വില്ലകളെയും വീടുകളെയും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സ്റ്റീം ബോയിലർ മുറികളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിലും, അനുമതിയില്ലാതെ വലിയ ലൈറ്റ് പരസ്യബോർഡുകൾ സ്ഥാപിച്ചാലും 10,000 ദിർഹം വീതം പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഷോപ്പിങ് മാളുകളിലും വിപണികളിലുമുള്ള എസ്‌കലേറ്ററുകളിൽ കുട്ടികളുടെ വസ്ത്രങ്ങൾ കുടുങ്ങിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ബെൽറ്റുകളുടെ ഭാഗങ്ങൾ സുരക്ഷിതമായി മൂടി സംരക്ഷണം ഉറപ്പാക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റിയും നിർദ്ദേശം നൽകിയിട്ടുണ്ട്.






