അജ്മാൻ നഗരവികസനത്തിന് 180 കോടി ദിർഹത്തിന്റെ ‘AM 30×30’ പദ്ധതി

അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് എമിറേറ്റിന്റെ മുഖച്ഛായ മാറ്റുന്ന ഈ ചരിത്ര പദ്ധതിക്ക് തുടക്കം കുറിച്ചത്

അജ്മാൻ നഗരവികസനത്തിന് 180 കോടി ദിർഹത്തിന്റെ ‘AM 30×30’ പദ്ധതി
അജ്മാൻ നഗരവികസനത്തിന് 180 കോടി ദിർഹത്തിന്റെ ‘AM 30×30’ പദ്ധതി

മിറേറ്റിന്റെ നഗരവികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് അജ്മാൻ മുനിസിപ്പാലിറ്റിയുടെ ബൃഹത്തായ ‘AM 30×30’ അജൻഡ പ്രഖ്യാപിച്ചു. അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് എമിറേറ്റിന്റെ മുഖച്ഛായ മാറ്റുന്ന ഈ ചരിത്ര പദ്ധതിക്ക് തുടക്കം കുറിച്ചത്. അഞ്ച് പ്രധാന പാക്കേജുകളിലായി 30 വൻകിട പദ്ധതികൾ നടപ്പാക്കുന്നതിനായി 180 കോടി ദിർഹമാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്.

അജ്മാൻ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ മുൻനിർത്തി തയ്യാറാക്കിയ ഈ പദ്ധതി, എമിറേറ്റിന്റെ നഗരസൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതനിലവാരവും സാമൂഹിക ക്ഷേമവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്നു. റോഡുകളുടെ വികസനം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിരമായ ഗതാഗത സംവിധാനങ്ങൾ, സൈക്ലിംഗ് ട്രാക്കുകൾ, അത്യാധുനിക പൊതു പാർക്കുകൾ എന്നിവയുൾപ്പെടെ സമഗ്രമായ മാറ്റങ്ങളാണ് പുതിയ പദ്ധതിയിലൂടെ നടപ്പിലാക്കുക.

Also Read: വേനലും ആഘോഷമാക്കാം; വമ്പൻ ഓഫറുകളുമായി ‘ദുബായ് ഡെസ്റ്റിനേഷൻസ്’ ആറാം പതിപ്പിന് തുടക്കം!

2026 മുതൽ 2030 വരെയുള്ള കാലയളവിൽ പുതിയ റോഡുകളുടെ നിർമാണത്തിൽ 43 ശതമാനവും, സൈക്ലിംഗ് ട്രാക്കുകളുടെ നീളത്തിൽ 33 ശതമാനവും വർധനവാണ് ലക്ഷ്യമിടുന്നത്. അൽ സോറ ഏരിയ വികസനം, ചൈനീസ് മാർക്കറ്റ് റൗണ്ട് എബൗട്ട് നവീകരണം എന്നിവ ഉൾപ്പെടുന്നതാണ് ആദ്യ പാക്കേജ്. കൂടാതെ മസ്ഫൂട്ട്, അൽ മനാമ, അൽ യാസ്മീൻ തുടങ്ങി വിവിധ മേഖലകളിലായി 3,30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ പൊതു പാർക്കുകളും കമ്മ്യൂണിറ്റി സ്പേസുകളും യാഥാർത്ഥ്യമാകും. അജ്മാനെ ഒരു ആധുനിക സുസ്ഥിര നഗര മാതൃകയാക്കി മാറ്റുന്നതിൽ ഈ വമ്പൻ പ്രഖ്യാപനം നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.

Share Email
Top