മാവേലിക്കരയില്‍ നൂറു ശതമാനമാണ് വിജയ പ്രതീക്ഷയെന്ന് അഡ്വ. സി.എ അരുണ്‍ കുമാര്‍

മാവേലിക്കരയില്‍ നൂറു ശതമാനമാണ് വിജയ പ്രതീക്ഷയെന്ന് അഡ്വ. സി.എ അരുണ്‍ കുമാര്‍

മാവേലിക്കര മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.എ അരുണ്‍കുമാര്‍. മണ്ഡലത്തിലെ അനുകൂല സാഹചര്യം അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ എംഎല്‍എമാരാണെന്നും അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക

മാവേലിക്കരയില്‍ ഇടതുപക്ഷത്തിന്റെ വിജയ പ്രതീക്ഷ എത്രത്തോളമാണ്?

നൂറ് ശതമാനവും വിജയ പ്രതീക്ഷയിലാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. ഫെബ്രുവരി 27ന് പ്രചാരണം ആരംഭിച്ചു. അന്നുമുതല്‍ 100 ശതമാനവും വിജയ പ്രതീക്ഷയിലാണ് ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണം. ഇപ്പോള്‍ അതിന്റെയൊരു ഘട്ടം തീരാറായിട്ടുണ്ട്. ആളുകള്‍ തീരുമാനിച്ചു കഴിഞ്ഞു മാറ്റം വേണമെന്ന്. മാവേലിക്കര മാറാന്‍ പോവുകയാണ്. അതിനകത്ത് വേറെ തര്‍ക്കമില്ല.

ഇടതുപക്ഷത്തിന് അനുകൂലമായ പ്രധാന ഘടകങ്ങള്‍ ഏതൊക്കെയാണ്?

ഏഴ് നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫ് ആണ് ഭരിക്കുന്നത്. ഏഴ് എം.എല്‍.എമാരും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വലുതാണ്. ഈ മണ്ഡലത്തില്‍ അത് പറഞ്ഞാല്‍ മതി വോട്ട് കിട്ടാന്‍. എം.എല്‍.എമാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുമ്പോഴാണ് ഇവിടെ ഉണ്ടായിരുന്ന പാര്‍ലമെന്റ് മെമ്പര്‍ നടത്തിയ വികസനത്തക്കുറിച്ച് ജനം ചിന്തിക്കുന്നത്. ഏഴ് എം.എല്‍.എമാര്‍ക്ക് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ ഒരു പാര്‍ലമെന്റ് മെമ്പര്‍ക്ക് എന്തുകൊണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല. അതാണ് ഇവിടെ വിലയിരുത്തുന്നത്.

നിലവില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രവര്‍ത്തനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഞാന്‍ ഇവിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ആദ്യ റൗണ്ട് കാണുമ്പോള്‍ അവരുടെ പ്രതികരണം ”ഞങ്ങള്‍ വോട്ട് ചെയ്യാന്‍ പോകില്ല, ഞങ്ങള്‍ ആര്‍ക്കും വോട്ട് കൊടുക്കില്ല ”എന്നായിരുന്നു. ഞാന്‍ പറഞ്ഞു ‘ഞാന്‍ ഒരു ചെറുപ്പക്കാരനാണ് എനിക്ക് വോട്ട് തരണം’. എനിക്കും വോട്ട് തരാന്‍ അവര്‍ തയാറായിരുന്നില്ല. ഇവിടന്ന് ജയിച്ച് പോയിട്ട് 5 കൊല്ലം കഴിഞ്ഞ് തിരിച്ചു വരുന്ന ആളല്ലേ നിങ്ങളും എന്നാണ് ജനം ചോദിച്ചത്. ഞാന്‍ അവര്‍ക്ക് കൊടുത്ത ഉറപ്പ് നൂറ് ശതമാനവും ഈ മണ്ഡലത്തില്‍ നാടിന്റെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന ആളായിരിക്കും എന്നാണ്. ഈ നാട്ടില്‍ അവരുടെ കാര്യങ്ങള്‍ക്കും അവരുടെ ക്ഷേമത്തിനും വേണ്ടി നില്‍ക്കുന്ന ആളായിരിക്കണം അവരുടെ പാര്‍ലമെന്റ് മെമ്പര്‍ എന്നുള്ളൊരു പൊതു വികാരമുണ്ട്. അത് വെച്ച് തന്നെ ആലോചിച്ചാല്‍ മതി ഇവിടുത്തെ പൊതു വികാരം. ഇത് തന്നെയാണ് ഇവിടത്തെ വികസനത്തിന്റെ അവസ്ഥ.

ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നുണ്ട്. എന്താണ് അഭിപ്രായം?

അതെല്ലാം ഈ നാട് കാണുന്നുണ്ട്. അതുകൊണ്ട് വളരെ പ്രതീക്ഷയോടെയാണ് ഇടതുപക്ഷത്തെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നോക്കി കാണുന്നത്. പാര്‍ലമെന്റിന് അകത്ത് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍, അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്നത് ഇടതുപക്ഷത്തിനാണ്. അതുകൊണ്ട് ജനം ചിന്തിക്കുന്നതും ഇടതുപക്ഷം വിജയിച്ച് വരണമെന്നാണ്. ഇടത് മെമ്പര്‍മാര്‍ പാര്‍ലമെന്റിന് അകത്ത് ഉണ്ടാവണം. ജനാധിപത്യം സംരക്ഷിക്കാന്‍, മതേതരത്വം സംരക്ഷിക്കാന്‍, ഭരണഘടനയെ സംരക്ഷിക്കാന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷം ഉണ്ടാവണം. ചില ആളുകള്‍ പറയുന്നുണ്ട് ഇവിടെ ഭരണവിരുദ്ധ വികാരം ഉണ്ടെന്നൊക്കെ. ഞങ്ങള്‍ നോക്കിയിട്ട് ഒരു ഭരണവിരുദ്ധ വികാരവും കാണുന്നില്ല. ഇവിടെയുള്ള ഭരണ വിരുദ്ധ വികാരം എന്താണെന്നാണ് ഞങ്ങള്‍ തിരയുന്നത്. ഭരണത്തിന് എതിരായ വികാരമെന്താണെന്ന് പറഞ്ഞാല്‍ കൊള്ളാം. എന്താണെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. ജനങ്ങള്‍ക്കും ആ ചിന്തകളില്ല.

വയനാട്ടില്‍ ആനി രാജയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണ്. എന്താണ് അഭിപ്രായം?

രാഹുല്‍ ഗാന്ധി വയനാട്ടില്‍ അല്ല മത്സരിക്കേണ്ടിയിരുന്നത്. ബി.ജെ.പിക്കെതിരെ ശക്തമായ മത്സരം നടക്കുന്ന സ്ഥലത്തുപോയി മത്സരിക്കണമായിരുന്നു.

കഴിഞ്ഞ തവണ ഉണ്ടായി എന്ന് പറയുന്ന രാഹുല്‍ എഫക്ട്, രാഹുല്‍ ഇത്തവണയും മത്സരിക്കുന്ന സ്ഥിതിക്ക് മാവേലിക്കരയില്‍ വെല്ലുവിളിയാകുമോ?

ഒരിക്കലുമില്ല. വയനാട് വലിയ മത്സരമാണ് സഖാവ് ആനി രാജ നടത്തുന്നത്. പഴയ സാഹചര്യം ഒന്നുമല്ല. ഫലം വരട്ടെ. ഇത്തവണ അത്ര എഫക്ടുകളൊന്നും ഇല്ല. ഇവിടെയുള്ളത് ഈ നാടിനോടൊപ്പം ചേര്‍ന്ന് നില്‍ക്കേണ്ട ആളുകള്‍ കൂടെ നില്‍ക്കാതെ അഞ്ചു കൊല്ലം എവിടെയായിരുന്നു എന്ന ജനങ്ങളുടെ ചോദ്യമാണ്. അവസാനം സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ പോയി കേസ് നടത്തി കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട പൈസ മേടിക്കാന്‍ വേണ്ടി ശ്രമം നടത്തേണ്ടി വന്നു. അതിനു വേണ്ടിയല്ലേ ഈ പറയുന്ന ആളുകള്‍ പോകേണ്ടത്. മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്ന് വെച്ചാല്‍ പാര്‍ലമെന്റില്‍ പോയി അഭിപ്രായം പറയണം, അല്ലെങ്കില്‍ പാര്‍ലമെന്റില്‍ കിട്ടാത്ത കാര്യങ്ങളെ സംബന്ധിച്ച് സ്റ്റേറ്റ് ഗവണ്‍മെന്റിന് അനുകൂലമായി സംസാരിക്കണം. അത് അവര്‍ ചെയ്തിട്ടില്ല.

ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അജണ്ടകള്‍ രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ബി.ജെ.പി അജണ്ടകളെ എങ്ങനെ നോക്കി കാണുന്നു?

ഞാന്‍ അത്രയും പൊളിറ്റിക്കല്‍ ആയ മറുപടി പറയുന്നില്ല. കേരളം ജനാധിപത്യ സമീപനമുള്ള സ്ഥലമാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെയല്ല. വളരെ പ്രബുദ്ധരായ ജനമാണ്. ശരിയും തെറ്റും നോക്കി പ്രതികരിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്നവരാണ് കേരളത്തിലുള്ളവര്‍. അതുകൊണ്ട് ഈ പറഞ്ഞ ചോദ്യത്തിന് പ്രസക്തിയില്ല.

ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രവാക്യം എന്താണ്?

ഇടതുപക്ഷം എല്ലാ കാലത്തും മനുഷ്യ ക്ഷേമത്തിന് വേണ്ടി നിന്ന പ്രസ്ഥാനമാണ്. സംസ്ഥാനത്ത് നന്നായി ഭരണം നടത്തുന്നുണ്ട്. ഒരുപാട് ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തിന് കിട്ടാനുള്ള ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആരു വേണം? പാര്‍ലമെന്റ് മെമ്പര്‍മാര്‍ വേണം. പക്ഷെ അത് നേടിയെടുക്കാന്‍ ഇടത് മെമ്പര്‍മാര്‍ക്കേ കഴിയൂ. ഇവിടെനിന്ന് പോയവര്‍ അഞ്ചുകൊല്ലം കൊണ്ട് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രസക്തി ഇടതുപക്ഷത്തിനാണ്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top