അടൂർ സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക് !സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും തിരിച്ചറിഞ്ഞു

പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറിയതടക്കമുള്ള കുറ്റങ്ങൾ ചുമത്താനാണ് നീക്കം

അടൂർ സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക് !സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും തിരിച്ചറിഞ്ഞു
അടൂർ സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക് !സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും തിരിച്ചറിഞ്ഞു

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർക്കാൻ പോലീസ് നീക്കം. ഇവരെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറിയതടക്കമുള്ള കുറ്റങ്ങൾ ചുമത്താനാണ് നീക്കം.

ജൂലൈയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം വീണ്ടും ശക്തമായത്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ച യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് അടൂർ സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഭവങ്ങൾ. പോലീസ് ജീപ്പ് തടഞ്ഞ് രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള പ്രവർത്തകരും ദൃശ്യങ്ങളിൽ കാണപ്പെടുന്നുണ്ട്.

Also Read: വൈദ്യുതി കരാറിൽ സർക്കാരിന് കെ.എസ്.ഇ.ബിയുടെ തിരിച്ചടി !ഹിമാചലിനേക്കാൾ ചെലവേറും ജി.എൻ.എ; സ്വകാര്യ കരാറിനെതിരെ ബോർഡിന്റെ മുന്നറിയിപ്പ്

സ്റ്റേഷനിലെ സെല്ലിന് സമീപം രാജൻ ജോസഫുമായി കോൺഗ്രസ് സംഘം തർക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ സംഭവദിവസം കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ മാത്രമായിരുന്നു പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെന്നി നൈനാന്റെയും പേരുകൾ അന്ന് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല.

അതേസമയം, പോലീസ് സ്റ്റേഷനിൽ ആക്രമണമുണ്ടായിട്ടില്ലെന്നും സംഘർഷം മാത്രമാണ് നടന്നതെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് സ്റ്റേഷനിലെത്തിയതെന്നും സെല്ലിനുള്ളിലേക്ക് കടന്നിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിശദീകരണവും വീണ്ടും ചർച്ചയാകുകയാണ്. കേസിൽ പോലീസ് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടും തുടർനടപടികളും നിർണായകമാകും.

Share Email
Top