ശ്രീലങ്കൻ കാറ്റാടിപ്പാട പദ്ധതിയിൽനിന്ന് പിന്മാറി അദാനി ഗ്രൂപ്പ്

കമ്പനി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില കുറക്കുമെന്ന് ശ്രീലങ്ക വ്യക്തമാക്കിയിരുന്നു

ശ്രീലങ്കൻ കാറ്റാടിപ്പാട പദ്ധതിയിൽനിന്ന് പിന്മാറി അദാനി ഗ്രൂപ്പ്
ശ്രീലങ്കൻ കാറ്റാടിപ്പാട പദ്ധതിയിൽനിന്ന് പിന്മാറി അദാനി ഗ്രൂപ്പ്

കൊളംബോ: 100 കോടി ഡോളറിന്റെ ശ്രീലങ്കൻ കാറ്റാടിപ്പാട പദ്ധതികളിൽ നിന്ന് പിന്മാറി അദാനി ഗ്രൂപ്പ്. പുതിയ സർക്കാർ താരിഫ് വെട്ടിക്കുറച്ചതിനു പിന്നാലെയാണ് പിന്മാറ്റം. കമ്പനി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില കുറക്കുമെന്ന് ശ്രീലങ്ക വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയും മറ്റ് ഉദ്യോഗസ്ഥരും വൈദ്യുതി വിതരണ ഇടപാടുകൾ ഉറപ്പാക്കാൻ കൈക്കൂലി നൽകിയെന്ന് അമേരിക്കൻ അധികൃതർ നവംബറിൽ ആരോപിച്ചതിനെ തുടർന്ന് ശ്രീലങ്കയിലെ പുതിയ സർക്കാർ അദാനി ഗ്രൂപ്പിന്റെ പദ്ധതികൾ അവലോകനം ചെയ്തിരുന്നു.

അതേസമയം 100കോടി ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതികളിൽ നിന്ന് വൈദ്യുതി ചെലവ് കുറക്കുന്നതിന് അദാനി ഗ്രൂപ്പുമായി ചർച്ചകൾ ആരംഭിച്ചതായി കഴിഞ്ഞ മാസം സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, സാമ്പത്തികമായി ലാഭകരമല്ലാത്തതിനാൽ രണ്ട് നിർദിഷ്ട കാറ്റാടി പദ്ധതികളിൽനിന്ന് പിന്മാറുകയാണെന്ന് അദാനി ഗ്രീൻ എനർജി ശ്രീലങ്കയെ അറിയിച്ചു. ശ്രീലങ്കയുമായുള്ള അദാനി ഗ്രീനിന്റെ കരാർ പ്രകാരം, വടക്കൻ പട്ടണമായ മാന്നാറിലും പൂനേരിലെ ഗ്രാമത്തിലും രണ്ട് കാറ്റാടി വൈദ്യുത പദ്ധതികളും രണ്ട് ട്രാൻസ്മിഷൻ പദ്ധതികളും നിർമിക്കാനാണ് തീരുമാനിച്ചിരുന്നത്.

Also Read: എസ്‌ബി‌ഐ ഫൗണ്ടേഷന്റെ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു

കൊളംബോയിലെ രാജ്യത്തെ ഏറ്റവും വലിയ തുറമുഖത്ത് 700 മില്യൺ ഡോളറിന്റെ ടെർമിനൽ പദ്ധതി നിർമ്മിക്കുന്നതിലും അദാനി ഗ്രൂപ്പിന് പങ്കുണ്ട്. 2022 ലെ സാമ്പത്തിക പ്രതിസന്ധി സമയത്ത് ഇന്ധനക്ഷാമവും വൈദ്യുതി തടസ്സങ്ങളും നേരിട്ട ശ്രീലങ്ക, ഇറക്കുമതി ചെയ്ത ഇന്ധനച്ചെലവിൽ നിന്ന് രക്ഷനേടാൻ പുനഃരുപയോഗ ഊർജ പദ്ധതികൾ അതിവേഗം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയാണ്.

Share Email
Top