സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്; ചട്ടങ്ങളിൽ ഇളവ് തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചു

2006-ൽ ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചപ്പോൾ ഉൾപ്പെടുത്തിയ വ്യവസ്ഥയിലാണ് അദാനി ഇളവ് തേടുന്നത്

സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്; ചട്ടങ്ങളിൽ ഇളവ് തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചു
സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്; ചട്ടങ്ങളിൽ ഇളവ് തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചു

സ്വന്തമായി വിമാനക്കമ്പനി ആരംഭിക്കാനുള്ള നീക്കവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാർക്ക് വിമാനക്കമ്പനികളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി പാടില്ലെന്ന നിലവിലെ ചട്ടം മാറ്റാൻ അദാനി ഗ്രൂപ്പ് കേന്ദ്ര സർക്കാരിനെ സമീപിച്ചതായി ‘ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര വ്യോമയാന മേഖലയിലെ ഇൻഡിഗോ, എയർ ഇന്ത്യ കുത്തക തകർത്ത് വിപണിയിൽ മത്സരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

2006-ൽ ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചപ്പോൾ ഉൾപ്പെടുത്തിയ വ്യവസ്ഥയിലാണ് അദാനി ഇളവ് തേടുന്നത്. ഈ ചട്ടത്തിൽ മാറ്റം വരുത്താൻ വ്യോമയാന മന്ത്രാലയം സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിയമോപദേശം തേടിയിട്ടുണ്ട്. ചട്ടം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതിയും ആവശ്യമാണ്. നിലവിൽ 8 വിമാനത്താവളങ്ങളുടെ നടത്തിപ്പും മുംബൈ വിമാനത്താവളത്തിൽ 74 ശതമാനം ഓഹരിയും അദാനിക്കുണ്ട്. എംബ്രായറുമായി ചേർന്ന് വിമാനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് വാണിജ്യ വിജയം നേടുക കൂടിയാണ് പുതിയ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

Also Read: പശ്ചിമേഷ്യൻ പ്രതിസന്ധിയും മൺസൂൺ മാന്ദ്യവും വെല്ലുവിളിയാകുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ കുതിപ്പ് തുടരും; ആർബിഐ

എന്നാൽ, വിമാനത്താവള നടത്തിപ്പുകാർ സ്വന്തമായി വിമാനക്കമ്പനി തുടങ്ങുന്നത് പക്ഷപാതത്തിന് കാരണമാകുമെന്ന ആശങ്കയുമായി നിലവിലെ വിമാനക്കമ്പനികൾ രംഗത്തെത്തിയേക്കും. തിരക്കേറിയ വിമാനത്താവളങ്ങളിൽ ലാൻഡിംഗിനും ടേക്ക്ഓഫിനുമുള്ള സ്ലോട്ടുകൾ അനുവദിക്കുന്നതിൽ വിമാനത്താവള നടത്തിപ്പുകാർ സ്വന്തം കമ്പനിക്ക് മുൻഗണന നൽകാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ മുന്നറിയിപ്പ്. എങ്കിലും, വ്യോമയാന മേഖലയിൽ കൂടുതൽ മത്സരം കൊണ്ടുവരാൻ കേന്ദ്ര സർക്കാരും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

Share Email
Top