കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂട്ടബലാത്സംഗ കുറ്റം തെളിഞ്ഞതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ട ആറു പ്രതികളിൽ ഒന്നാം പ്രതിയായ പൾസർ സുനിയാണ് ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക. അതേസമയം, ആറാം പ്രതിയായ പ്രദീപ് അവസാനമായിരിക്കും പുറത്തിറങ്ങുക. വിചാരണ തടവുകാരായി പ്രതികൾ ജയിലിൽ കഴിഞ്ഞ കാലയളവ് ശിക്ഷാവിധിയിൽ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്. പൾസർ സുനി ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാൽ, 20 വർഷം കഠിന തടവിൽ ഇനി 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും. രണ്ടാം പ്രതി മാർട്ടിൻ ആൻ്റണിയും ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഇയാൾക്കും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. ഈ രണ്ടുപേർക്കും 2039 ഓടെ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും.
നാലാം പ്രതിയായ കണ്ണൂർ കതിരൂർ സ്വദേശി വി.പി. വിജേഷ് രണ്ട് വർഷമായി വിചാരണ തടവിൽ കഴിയുന്നതിനാൽ 18 വർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. അഞ്ചാം പ്രതിയായ എറണാകുളം കുന്നുംപുറം സ്വദേശി എച്ച്. സലീം എന്ന വടിവാൾ സലീമും രണ്ട് വർഷം വിചാരണ തടവിൽ കഴിഞ്ഞിട്ടുണ്ട്. 20 വർഷം ശിക്ഷ വിധിച്ച ഇയാൾക്ക് അവശേഷിക്കുന്ന 18 വർഷം കൂടി തടവിൽ കഴിഞ്ഞാൽ മതി. ആറാം പ്രതിയായ തിരുവല്ല പെരിങ്ങറ സ്വദേശി പ്രദീപിനും 20 വർഷം കഠിന തടവാണ് വിധിച്ചത്. ഇയാൾക്ക് രണ്ട് വർഷം വിചാരണ തടവിൽ കഴിഞ്ഞതിനാൽ ഇനി 18 വർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും.






