CMDRF

ഫഹദ് ഇനി ബോളിവുഡിൽ; ഇംതിയാസ് അലി ചിത്രത്തിൽ വേഷമിടും

സോച്ചാ ന താ, ജബ് വി മെറ്റ്, റോക്‌സ്റ്റാർ, തമാശ, ഹൈവേ, ചംകീല ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡ് ആരാധകരുടെ ഹൃദയം കവർന്ന സംവിധായകനാണ് ഇംതിയാസ് അലി

ഫഹദ് ഇനി ബോളിവുഡിൽ; ഇംതിയാസ് അലി ചിത്രത്തിൽ വേഷമിടും
ഫഹദ് ഇനി ബോളിവുഡിൽ; ഇംതിയാസ് അലി ചിത്രത്തിൽ വേഷമിടും

പാൻ ഇന്ത്യൻ ആരാധകർ ഏറെയുള്ള നടനാണ് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ. ഒരു ബോളിവുഡ് ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും അങ്ങേയറ്റം ആരാധനയോടെ ഫഹദിന്റെ ചിത്രങ്ങളെ നോക്കുന്ന ആളുകൾ അവിടെയും ഫഹദിനുണ്ട്. എന്നാലിപ്പോൾ സംവിധായകൻ ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെ ബോളിവുഡിൽ താരം ഉടൻ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ട്. എന്റർടൈൻമെന്റ് പോർട്ടലായ ‘പിങ്ക്‌വില്ല’യാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

സോച്ചാ ന താ, ജബ് വി മെറ്റ്, റോക്‌സ്റ്റാർ, തമാശ, ഹൈവേ, ചംകീല ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡ് ആരാധകരുടെ ഹൃദയം കവർന്ന സംവിധായകനാണ് ഇംതിയാസ് അലി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്താമത്തെ ചിത്രത്തിൽ പ്രധാന റോളിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോർട്ട്. സിനിമയുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഇരുവരും തമ്മിൽ നിരവധി തവണ കൂടിക്കാഴ്ചകൾ നടന്നിരുന്നു.

Also Read: കങ്കണ ചിത്രം എമർജൻസിക്ക് ബോംബെ ഹൈകോടതിയിൽ തിരിച്ചടി

ഇംതിയാസ് അലിയെപ്പോലെയുള്ളൊരു സംവിധായകന്റെ സംവിധാനത്തിൽ ഹിന്ദിയിൽ ആദ്യ സിനിമ ചെയ്യാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് ഫഹദ് എന്നാണ് ഇരുവരുമായി ബന്ധമുള്ള ഒരാൾ പിങ്ക്‌വില്ലയോട് വെളിപ്പെടുത്തിയത്. ഇംതിയാസ് അലിയുടെ പതിവ് ശൈലി തെറ്റിക്കാതെ അണിയറയിലൊരുങ്ങുന്നതും പ്രണയചിത്രമാണെന്നാണു വിവരം. വേറിട്ട രീതിയിലുള്ള കഥപറച്ചിലാകും ഇതിലുള്ളത്.

കഥയ്ക്ക് ഏറ്റവും അനുയോജ്യനായ മുഖമെന്ന നിലയ്ക്കാണ് ഇംതിയാസ് ഫഹദിനെ തന്നെ ഉറപ്പിക്കുന്നത്. ഫഹദിനൊപ്പം ലീഡ് റോളിലെത്തുന്ന നടിക്കായുള്ള അന്വേഷണത്തിലാണുള്ളത്. 2025 ആദ്യത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണു പദ്ധതിയിടുന്നത്. വർഷാന്ത്യത്തിൽ ചിത്രം തിയറ്ററുകളിലുമെത്തും. ഇംതിയാസ് ഇപ്പോൾ തിരക്കഥയുടെ മിനുക്കുപണികളിലാണുള്ളത്. ഇതു പൂർത്തിയായാൽ സംഗീതത്തിലേക്കു കടക്കും. ഇതും കഴിഞ്ഞാകും പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുക.

Top