ദോഹ: രാജ്യത്ത് നിയമലംഘനം നടത്തിയ ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. രണ്ട് സ്വകാര്യ ദന്താശുപത്രികൾ ഉൾപ്പെടെ ഏഴ് ആരോഗ്യ കേന്ദ്രങ്ങളാണ് നിയമലംഘനം കണ്ടെത്തിയതിന് പിന്നാലെ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.
ആവശ്യമായ പ്രൊഫഷണൽ ലൈസൻസ് ഇല്ലാത്ത ഡോക്ടർമാരെ ഉപയോഗിച്ച് സേവനം നൽകിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്. പ്രൊഫഷണൽ ലൈസൻസിൽ അനുവദിക്കാത്ത സ്പെഷ്യലൈസ്ഡ് സേവനങ്ങൾ നൽകുന്നത് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ഡെന്റൽ ക്ലിനിക്കിനെതിരെയും നടപടി സ്വീകരിച്ചു. സ്വകാര്യ ന്യൂട്രീഷൻ സെന്ററും നിയമലംഘനത്തിൽ ഉൾപ്പെട്ടു.
Also Read: മയക്കുമരുന്നിന്റെ വ്യാപനം തടയാൻ അന്തർദേശീയ സഹകരണം ആവശ്യമെന്ന് കുവൈത്ത്
ഇതിനു പുറമെ നാല് സ്വകാര്യ ഹെൽത്ത് കെയർ സെന്ററുകളിലും നിയമലംഘനം നടന്നതായി കണ്ടെത്തി. പ്രൊഫഷണൽ ലൈസൻസ് ഇല്ലാത്തതും, ലൈസൻസിൽ നിർദേശിച്ചതിന് പുറമെയുള്ള സേവനങ്ങൾ നൽകുന്നതും കണ്ടെത്തിയതോടെയാണ് നടപടി. നിയമലംഘനം നടത്തിയ ഡോക്ടറുടെ പ്രൊഫഷണൽ ലൈസൻസ് റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആരോഗ്യ കേന്ദ്രത്തിനെതിരെ അധികൃതർ നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്.