ഇറാന്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കാര്യവും നിലവില്‍ കുഴപ്പത്തിലായിരിക്കുകയാണ്. ഇറാന്റെ ആക്രമണത്തില്‍ ജൂതരാജ്യത്തുണ്ടായ കനത്ത നാശനഷ്ടം, ജനവികാരം നെതന്യാഹുവിന് എതിരാവാന്‍ പ്രധാന കാരണമായിട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ 40,000ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നുവെന്നും 10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നുമാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇവരെ സഹായിക്കാന്‍ സംഭാവന ആവശ്യപ്പെട്ട് ഇസ്രയേലി സന്നദ്ധ സംഘടനയായ ഓജെന്‍ നിലവില്‍ ധനസമാഹരണവും തുടങ്ങിയിട്ടുണ്ട്. ഇവരുടെ വെബ്സൈറ്റിലും ‘ടൈംസ് ഓഫ് ഇസ്രയേലി’ല്‍ നല്‍കിയ വാര്‍ത്തയിലുമാണ് നഷ്ടക്കണക്ക് ഉദ്ധരിക്കുന്നത്.
Also Read: ഇറാന്റെ ആണവ പദ്ധതി ‘നശിച്ചു’ എന്ന് ലോകം വിശ്വസിക്കണമെന്ന് ട്രംപ് ആവശ്യപ്പെടുന്നതിന് പിന്നില്‍…
ഇസ്രയേലിലെ ഒരോ കുടുംബവും സാമ്പത്തികമായി തകര്‍ന്നുവീഴുന്ന കാഴ്ചയാണ് അവിടെ നിന്നും കാണുന്നത്. തെരുവുകളെല്ലാം ഏറെക്കുറേ തകര്‍ന്നു കിടക്കുകയാണ്. പലര്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതായിട്ടുമുണ്ട്. കടകളും അടഞ്ഞുകിടക്കുകയാണ്. ശമ്പളവും ഇല്ലാതായി, വീടുകള്‍ വാസയോഗ്യമല്ലാതായി മാറിയത് വലിയ പ്രതിസസിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുറത്ത് വരുന്ന ദൃശ്യങ്ങളും, ഇതിനെ സാധൂകരിക്കുന്നതാണ്. അതായത് ഏറെക്കുറേ ഗാസയില്‍ നാം കാണുന്നതിന് സമാനമായ കാഴ്ചകളാണ് ഇസ്രയേലില്‍ ഇപ്പോള്‍ ലോകം കണ്ടു കൊണ്ടിരിക്കുന്നത്. മരണ സംഖ്യ കുറഞ്ഞു എന്നതില്‍ മാത്രമാണ് ഇസ്രയേലിന് ആശ്വസിക്കാന്‍ വകയുള്ളത്. അതാകട്ടെ, ബങ്കര്‍ കേന്ദീകൃത രാജ്യമായതിനാലാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ഇതുമൂലം മിസൈല്‍ വരുമ്പോള്‍ തന്നെ മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കി ജനങ്ങളെ ബങ്കറില്‍ എത്തിക്കാന്‍ ഇസ്രയേലിനു സാധിച്ചിട്ടുണ്ട്. എന്നിട്ടും പക്ഷേ, 25-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതും ഇസ്രയേലിന് തിരിച്ചടിയാണ്. പരിക്കേറ്റവരില്‍ അന്‍പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. ഒരിക്കലും തങ്ങളുടെ രാജ്യത്ത് സംഭവിക്കില്ല എന്ന ഇസ്രയേല്‍ ജനതയുടെ കണക്കു കൂട്ടലുകളാണ് ആദ്യമായി പിഴച്ചിരിക്കുന്നത്. അയേണ്‍ ഡോം ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്‍ മിസൈലുകള്‍ വ്യാപകമായി ഇസ്രയേലില്‍ പതിക്കുമെന്ന് ഇസ്രയേല്‍ ഭരണകൂടവും പ്രതീക്ഷിച്ചിരുന്നില്ല. ഇറാന്റെ കരുത്ത് മനസ്സിലാക്കുന്നതില്‍ വന്ന പിഴവാണ് ആ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്.
ഇറാനെ സംബന്ധിച്ച്, അനവധി വര്‍ഷം യുദ്ധം നടത്തിയും കൊടുതികള്‍ ഏറ്റുവാങ്ങിയും തിരിച്ചടിച്ചും എല്ലാം പരിചയമുള്ളതിനാല്‍ ഇപ്പോള്‍ അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ ആ രാജ്യത്തെ സംബന്ധിച്ച് ബാധിക്കുന്നതല്ല. ‘അവസാന നിമിഷം വരെ ശത്രുവിന് എതിരെ പോരാടുക’ എന്നത് പേര്‍ഷ്യന്‍ പോരാളികളായി അറിയപ്പെടുന്ന ഇറാനികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കാര്യമാണ്. അതുകൊണ്ടു തന്നെയാണ്, ആ ജനത അമേരിക്ക ബോംബാക്രമണം നടത്തിയിട്ടു പോലും പതറാതിരുന്നത്. തിരിച്ച് അമേരിക്കന്‍ സൈനിക താവളങ്ങളെ ആക്രമിച്ചതും പേര്‍ഷ്യന്‍ പോരാട്ട വീര്യത്തെ സൂചിപ്പിക്കുന്നതാണ്. സമവായത്തിന് രംഗത്തിറങ്ങാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതും ഖത്തറിലെയും ഇറാഖിലെയും അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ പ്രതീകാത്മക ആക്രമണം തന്നെയാണ്. മുന്‍കൂട്ടി വിവരം നല്‍കാതെയും ശക്തിയേറിയ മിസൈലുകള്‍ ഉപയോഗിച്ചുമാണ് ഇറാന്‍ ആക്രമണം നടത്തിയതെങ്കില്‍ ആയിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുമായിരുന്നു എന്നതും വ്യക്തമാണ്.

അതുകൊണ്ടു തന്നെ, വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരേണ്ടത് ഇസ്രയേലിന്റെ മാത്രമല്ല അമേരിക്കയുടെ കൂടി ആവശ്യമായിരുന്നു. ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തങ്ങളും ആക്രമണം നിര്‍ത്തുമെന്നത് നേരത്തെ തന്നെ ഇറാന്‍ പ്രഖ്യാപിച്ച കാര്യമായതിനാല്‍ അവര്‍ അവരുടെ നിലപാടില്‍ ഉറച്ച് നിന്നു തന്നെയാണ് വെടിനിര്‍ത്തലിന് സമ്മതിച്ചിരിക്കുന്നത്. ഇസ്രയേല്‍ പ്രകോപനം തുടര്‍ന്നാല്‍ വീണ്ടും തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം തന്നെ ഇറാന്‍ നല്‍കിയിട്ടുമുണ്ട്. ഇസ്രയേലും അമേരിക്കയും ആഗ്രഹിച്ച ഒരു ആണവ കരാറിലും ഒപ്പിടാതെയും ഭരണമാറ്റം സംഭവിക്കാതെയും വെടിനിര്‍ത്തല്‍ കരാറില്‍ എത്തേണ്ടി വന്നതില്‍ ഇസ്രയേലില്‍ വന്‍ പ്രതിഷേധമാണ് നെതന്യാഹു ഇപ്പോള്‍ നേരിടുന്നത്. രാജ്യത്തെ നശിപ്പിക്കാനാണോ ഇറാനുമായി ഏറ്റുമുട്ടിയതെന്ന ചോദ്യമാണ് പ്രതിപക്ഷം അവിടെ ഉയര്‍ത്തിയിരിക്കുന്നത്.
നെതന്യാഹുവിന് എതിരെ, ഇസ്രയേലില്‍ നടക്കുന്ന നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാനാണ് ഗാസയിലും ലെബനനിലും സിറിയയിലും ഇറാനിലുമെല്ലാം ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് ഒരു വിഭാഗം ഇസ്രയേലുകാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വെടിനിര്‍ത്തല്‍ കരാര്‍ വന്ന ഉടനെ തന്നെ ഇപ്പോള്‍, നെതന്യാഹുവിനു എതിരായ നടപടികള്‍ക്കും വേഗത വര്‍ദ്ധിച്ചിരിക്കുന്നത്. പക്ഷേ, ഇവിടെയും നെതന്യാഹുവിന്റെ രക്ഷക്ക് എത്തിയിരിക്കുന്നത് ഡോണള്‍ഡ് ട്രംപാണ്. നെതന്യാഹുവിന് എതിരായ അഴിമതി വിചാരണ റദ്ദാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ, ഇറാനുമായുള്ള ഇസ്രായേലിന്റെ സംഘര്‍ഷത്തില്‍ നെതന്യാഹുവിന്റെ നേതൃത്വത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

നെതന്യാഹുവിന് എതിരായ ആരോപണങ്ങള്‍ തികച്ചും ‘രാഷ്ട്രീയ പ്രേരിത’മാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇത് ഇസ്രയേലിലെ പ്രതിപക്ഷത്തിനും അവിടുത്തെ നിയമ വ്യവസ്ഥയോടുമുള്ള, അമേരിക്കയുടെ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ ട്രംപിന് എതിരെ ഇസ്രയേലിലും കടുത്ത എതിര്‍പ്പാണ് രൂപപ്പെട്ടിരിക്കുന്നത്. 2020 ല്‍ വിചാരണ ആരംഭിച്ച മൂന്നു വ്യത്യസ്ത കേസുകളിലായി അഴിമതി, സ്വാധീനം ചെലുത്തല്‍ എന്നീ കുറ്റങ്ങളാണ് നെതന്യാഹു നേരിടുന്നത്. ക്രിമിനല്‍ നടപടി നേരിടുന്ന ഇസ്രയേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും നെതന്യാഹു തന്നെയാണ്. ഇസ്രയേല്‍ നിയമപ്രകാരം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹം രാജിവയ്ക്കേണ്ടതായി വരും. ഇതു തിരിച്ചറിഞ്ഞാണ് സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഇസ്രയേലിലെ കോടതി നടപടികളെ പോലും ഭീഷണിപ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് തന്നെ ഇപ്പോള്‍ ശ്രമിച്ചിരിക്കുന്നത്.
ഇനിയൊരു തിരഞ്ഞെടുപ്പിലേക്ക് ഇസ്രയേല്‍ പോയാല്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി ലഭിക്കാനാണ് സാധ്യത. ഇസ്രയേലിനെ തച്ചുടക്കുകയും ലോകത്തിന് മുന്നില്‍ മാനം കെടുത്തുകയും ചെയ്ത പ്രധാനമന്ത്രിയായാണ്, ഇസ്രയേല്‍ അനുകൂല മാധ്യമ പ്രവര്‍ത്തകര്‍ പോലും ഇപ്പോള്‍ നെതന്യാഹുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം, ഇസ്രയേലിനെ മാത്രമല്ല അമേരിക്കയെയും ആക്രമിച്ച് വിറപ്പിച്ച രാജ്യമെന്ന നിലയില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയൊരു പ്രാധാന്യം ഇതിനകം തന്നെ ഇറാന് കൈവന്നിട്ടുണ്ട്. ഇതും അമേരിക്ക ഗൗരവമായി തന്നെ നോക്കി കാണുന്നുണ്ട്. റഷ്യ, ചൈന, ഉത്തര കൊറിയ രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു സൈനിക കരാറില്‍ വരെ ഇറാന്‍ എത്താനുള്ള സാധ്യതയും അമേരിക്കന്‍ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല. ഗാസയിലെ പലസ്തീനികളുടെ ചെറുത്ത് നില്‍പ്പ് ശക്തിപ്പെടാനും ലെബനനിലെയും യെമനിലെയും ഇസ്രയേല്‍ വിരുദ്ധ ഗ്രൂപ്പുകള്‍ക്ക് കരുത്ത് പകരാനും ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ കാരണമാകുമെന്നാണ് അമേരിക്കന്‍ ഏജന്‍സികള്‍ ഇസ്രയേലിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
Express View
വീഡിയോ കാണാം