‘ജയ് ശ്രീറാം’ വിളിച്ചെന്നാരോപണം; ബെംഗളൂരുവില്‍ യുവാക്കള്‍ക്ക് മര്‍ദനമേറ്റു

‘ജയ് ശ്രീറാം’ വിളിച്ചെന്നാരോപണം; ബെംഗളൂരുവില്‍ യുവാക്കള്‍ക്ക് മര്‍ദനമേറ്റു

ബെംഗളൂരു: ‘ജയ് ശ്രീറാം’ വിളിച്ചെന്നാരോപിച്ച് ബെംഗളൂരുവില്‍ യുവാക്കള്‍ക്ക് മര്‍ദനമേറ്റെന്ന് പരാതി. കാറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേര്‍ക്കാണ് മര്‍ദനമേറ്റത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതിന് പിന്നാലെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആകെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ചിക്കബെട്ടഹള്ളിയില്‍ രാമനവമി ദിനത്തില്‍ കാറില്‍ കൊടിയുമായി ജയ് ശ്രീറാം വിളിച്ച് പോകുമ്പോഴാണ് മൂന്ന് യുവാക്കള്‍ ആക്രമിക്കപ്പെട്ടതെന്ന് ബെംഗളൂരു സിറ്റി ഡിസിപി ബി എം ലക്ഷ്മി പ്രസാദ് പറഞ്ഞു. യുവാക്കളെ ബൈക്കിലെത്തിയ രണ്ട് പേര്‍ തടയുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചതിനെ ഇവര്‍ ചോദ്യംചെയ്തു. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. മര്‍ദനത്തില്‍ ഒരാളുടെ മൂക്കിന് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു.

ബൈക്കിലെത്തിയവരും ചില നാട്ടുകാരും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295, 298, 324, 326, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിദ്യാരണ്യപുര പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബാക്കി രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയായിട്ടില്ല.

Top