കൊല്ലം: തട്ടുകടയിൽ നിന്നും വാങ്ങിയ ദോശയ്ക്ക് ചമ്മന്തി അധികം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കാപ്പക്കേസ് പ്രതിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല പാങ്കോണം സ്വദേശി അജ്മൽ (36) ആണ് പോലീസിന്റെ പിടിയിലായത്. സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കിയതിന്റെ ഭാഗമായാണ് പ്രതിയെ പൊക്കിയത്.
കണ്ണനല്ലൂരിലെ ഒരു തട്ടുകടയിലാണ് സംഭവം. ചാത്തന്നൂർ എ.സി.പി.യുടെ പ്രത്യേക നിർദ്ദേശപ്രകാരം കൊട്ടിയം പോലീസ് സംഘം പാങ്കോണത്തുള്ള ഇയാളുടെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. വിവിധ മയക്കുമരുന്ന് കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കണ്ണനല്ലൂരിലെ തട്ടുകട അക്രമം ഉൾപ്പെടെ നാലോളം ക്രിമിനൽ കേസുകൾ നിലവിൽ ഇയാൾക്കെതിരെയുണ്ട്. മുൻപും അഞ്ചോളം തവണ വിവിധ അക്രമക്കേസുകളിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.






