ഇൻസ്റ്റഗ്രാമിന്റെ ഡയറക്ട് മെസ്സേജ് ഇൻബോക്സിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട ‘ഇൻസ്റ്റന്റ്‌സ്’ എന്ന പുതിയ ഫീച്ചർ ഉപയോക്താക്കൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു. ക്യാമറ ഐക്കണിൽ അറിയാതെ തൊടുമ്പോൾ തന്നെ അനുവാദം ചോദിക്കാതെ ചിത്രങ്ങൾ പോസ്റ്റാകുന്നു എന്നതാണ് ഇതിന്റെ പ്രധാന പോരായ്മ. ഇത്തരത്തിൽ അബദ്ധത്തിൽ ഫോട്ടോ ഷെയറായി പലരും ഇതിനകം തന്നെ ബുദ്ധിമുട്ടിലായിട്ടുണ്ട്. എന്നാൽ, ഈ ഫീച്ചർ ഇൻബോക്സിൽ നിന്ന് പൂർണ്ണമായി മറച്ചുപിടിക്കാനും, പോസ്റ്റായ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനും ഇൻസ്റ്റഗ്രാമിൽ വഴിയുണ്ട്.
നിങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ സുഹൃത്തുക്കളുമായി ഉടനടി പങ്കുവെക്കാനുള്ള ഒരു പുതിയ ഫോട്ടോ ഷെയറിംഗ് ഫീച്ചറാണിത്. ഇൻസ്റ്റഗ്രാം ഡിഎം തുറക്കുമ്പോഴാണ് ഈ ഓപ്ഷൻ കാണാനാവുക. സ്റ്റോറികളിൽ നിന്നോ ഫീഡ് പോസ്റ്റുകളിൽ നിന്നോ വ്യത്യസ്തമായി, ക്ലോസ് ഫ്രണ്ട്സോ മ്യൂച്വൽ ഫോളോവേഴ്സോ ഈ ചിത്രം ഒരു തവണ കണ്ടുകഴിഞ്ഞാൽ അത് പിന്നീട് അപ്രത്യക്ഷമാകും. ചിത്രങ്ങൾക്ക് ആളുകൾക്ക് സ്വകാര്യമായി റിയാക്ട് ചെയ്യാം. ഇതിന് പബ്ലിക് വ്യൂവേഴ്സ് ലിസ്റ്റ് ഉണ്ടായിരിക്കില്ല. ഈ ഫീച്ചറിനായി മാത്രമായി പ്രത്യേക ആപ്പ് പുറത്തിറക്കാനും ഇൻസ്റ്റഗ്രാമിന് പദ്ധതിയുണ്ട്.
Also Read: ശുക്രനിലെ ആസിഡ് മേഘങ്ങളുടെ രഹസ്യം ഒടുവിൽ പുറത്ത്; അത്ഭുതപ്പെടുത്തി ശാസ്ത്രലോകം!
‘ഇൻസ്റ്റന്റ്‌സ്’ ഫീച്ചർ എങ്ങനെ ഡിഎമ്മിൽ നിന്ന് ഹൈഡ് ചെയ്യാം?
അറിയാതെ ഫോട്ടോ പോസ്റ്റാകുന്നത് ഒഴിവാക്കാൻ ഇൻബോക്സിൽ നിന്ന് ഈ ഓപ്ഷൻ തന്നെ നിങ്ങൾക്ക് മാറ്റിവെക്കാവുന്നതാണ്.
ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈലിൽ പ്രവേശിക്കുക.
മുകളിൽ വലതുവശത്തുള്ള ത്രീ-ലൈൻ (മെനു) ഐക്കണിൽ ടാപ്പ് ചെയ്യുക.
താഴേക്ക് സ്ക്രോൾ ചെയ്ത് ‘കണ്ടന്റ് പ്രിഫറൻസസ്’ (Content Preferences) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
അതിൽ ‘വാട്ട് യു സീ’ (What You See) എന്ന സെക്ഷനിൽ പ്രവേശിക്കുക.
അവിടെ കാണുന്ന ‘ഹൈഡ് ഇൻസ്റ്റന്റ്‌സ് ഇൻ ഇൻബോക്സ്’ (Hide Instants in Inbox) എന്ന ഓപ്ഷൻ ഓൺ ചെയ്യുക.
ഇതോടെ ഡിഎം ഇൻബോക്സിൽ നിന്ന് ഇൻസ്റ്റന്റ്‌സ് ഓപ്ഷൻ അപ്രത്യക്ഷമാകും.
ചിത്രങ്ങൾ എങ്ങനെ അൺഡു (Undo) ചെയ്യാം?
അബദ്ധത്തിൽ ഫോട്ടോ സെന്റ് ആയിക്കഴിഞ്ഞാൽ, മറ്റുള്ളവർ കാണുന്നതിന് മുൻപ് തന്നെ അത് തിരുത്താനുള്ള അവസരവും ഇൻസ്റ്റഗ്രാം നൽകുന്നുണ്ട്.
ഫോട്ടോ പോസ്റ്റ് ചെയ്ത ഉടൻ തന്നെ സ്ക്രീനിൽ കാണുന്ന ‘അൺഡു’ (Undo) അല്ലെങ്കിൽ ‘അൺസെന്റ്’ (Unsend) ഓപ്ഷൻ വഴി ഫോട്ടോ പിൻവലിക്കാം.
ഇതുകൂടാതെ, ഇൻസ്റ്റന്റ്‌സിലെ ക്യാമറ സ്ക്രീനിൽ കാണുന്ന ‘ആർക്കൈവ്’ (Archive) സെക്ഷനിൽ പോയും ചിത്രങ്ങൾ പൂർണ്ണമായി ഡിലീറ്റ് ചെയ്യാൻ സാധിക്കും.






