രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രിയെന്ന് കെ മുരളീധരന്‍

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രിയെന്ന് കെ മുരളീധരന്‍

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പി വി അന്‍വറിന് മറുപടിയുമായി കെ മുരളീധരന്‍. പി വി അന്‍വറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ മാത്രമല്ല ഇടതുപക്ഷം വള്‍ഗറായി തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമാണ്. അന്‍വറിനല്ല മറുപടി കൊടുക്കേണ്ടത് മുഖ്യമന്ത്രിക്കാണ്. രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ പരാതി നല്‍കുന്നത് യുഡിഎഫ് പരിശോധിക്കുമെന്ന് അദ്ദേഹം കെ മുരളീധരന്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി ചാവക്കാട് എത്താതിരുന്നത് ഭക്ഷ്യവിഷബാധ ബാധിച്ചതുകൊണ്ടാണ്. തന്റെ പര്യടനത്തില്‍ ലീഗിന്റെ കൊടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലീഗിന്റെ കൊടി ഉള്‍പ്പെടുത്താന്‍ തനിക്ക് മടിയില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പൂരത്തിനുശേഷം ചിലയിടത്തെങ്കിലും രണ്ടാം സ്ഥാനത്ത് ബിജെപിയെത്തിയിട്ടുണ്ട്. പൂരത്തിനുശേഷം ബിജെപി മുഖ്യ എതിരാളിയായി മാറിയിട്ടുണ്ട്. അതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജെപി രണ്ടാം സ്ഥാനത്ത് വന്നാല്‍ രാജിവയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ വരുത്തിയത് വന്‍ വീഴ്ചയാണ്. പൂരം സമയത്ത് പോലീസ് അഴിഞ്ഞാടിയതിന് ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണെന്നും എല്‍ഡിഎഫിന്റെ കയ്യില്‍ നിന്ന് സംഭവം പോയെന്നും കെ മുരളീധരന്‍ ആരോപിച്ചു. എല്‍ഡിഎഫ് പൂരം മുടക്കികളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top