അബുദാബി: നഗരത്തിൽ ഗതാഗത സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇ-സ്കൂട്ടർ ഉപയോക്താക്കൾ കർശന നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഉത്തരവാദിത്വത്തോടെയുള്ള യാത്രാരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ സഹിതമാണ് അധികൃതർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. റോഡപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനും പൊതുസുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി റൈഡർമാർ നിർദ്ദിഷ്ട പാതകളിലൂടെ മാത്രം സഞ്ചരിക്കണമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
അംഗീകൃത സൈക്കിൾ ട്രാക്കുകളിലും അനുവദിനീയമായ പ്രദേശങ്ങളിലും മാത്രമേ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ പാടുള്ളൂ. തിരക്കേറിയ റോഡുകളും കാൽനടയാത്രക്കാരുടെ പൊതു ഇടങ്ങളും റൈഡർമാർ പൂർണ്ണമായും ഒഴിവാക്കണം. യാത്ര വേളയിൽ ഹെൽമെറ്റ്, റിഫ്ലക്റ്റീവ് ജാക്കറ്റ്, മുട്ട് സംരക്ഷകങ്ങൾ, കൈമുട്ട് സംരക്ഷകങ്ങൾ എന്നിവ നിർബന്ധമായും ധരിച്ചിരിക്കണം. ഇ-സ്കൂട്ടറുകളിൽ ഒന്നിലേറെ പേർ സഞ്ചരിക്കുന്നതും മറ്റ് റോഡ് ഉപയോക്താക്കൾക്ക് തടസ്സം സൃഷ്ടിക്കുന്നതും നിയമവിരുദ്ധമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ നൽകണമെന്നും ശരിയായ ഗതാഗത സംസ്കാരം അവരെ ചെറുപ്പത്തിലേ പഠിപ്പിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Also Read: ഗാർഹിക തൊഴിലാളികൾക്ക് ഇനി 3 മാസത്തെ ഇഖാമ; ഫീസ് ഗഡുക്കളായി അടയ്ക്കാം, സൗദിയിൽ വൻ ഇളവുകൾ!
യു.എ.ഇയിൽ നിലവിലുള്ള നിയമപ്രകാരം 16 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മാത്രമാണ് ഇ-സ്കൂട്ടർ ഉപയോഗിക്കാൻ അനുമതിയുള്ളത്. ചിലരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ പൊതുസുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. പരിസ്ഥിതി സൗഹൃദ ഗതാഗതമെന്ന നിലയിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി വിപുലമായ ബോധവത്കരണ കാമ്പെയ്നുകൾക്ക് പോലീസ് രൂപം നൽകിയിട്ടുണ്ട്. ഗതാഗത നിയമങ്ങൾ പാലിക്കുന്നവരെ ആദരിക്കുന്നതിനൊപ്പം സുരക്ഷിത യാത്രയുടെ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളും പോലീസ് വിതരണം ചെയ്യുന്നുണ്ട്.






